നിക്ഷേപം ഇരട്ടിപ്പ് വാഗ്ദാനം ചെയ്ത് സാധാരണക്കാരെ പറ്റിക്കുന്ന തട്ടിപ്പ് നടക്കുമ്പോൾ സുരക്ഷിതമായി നിക്ഷേപം ഇരട്ടിക്കുന്ന പദ്ധതികൾ അറിയേണ്ടതുണ്ട്. മികച്ച റിട്ടേൺ നൽകുന്ന പോസ്റ്റ് ഓഫീസ് പദ്ധതികൾ ഇന്ന് നിക്ഷേപം ഇരട്ടിപ്പിക്കുന്ന കൂട്ടത്തിലുണ്ട്. കേന്ദ്ര സർക്കാർ നൽകുന്ന സുരക്ഷിതത്വം തന്നെയാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പ്രധാന ആകർഷണം. പലിശ നിരക്ക് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പലിശ നിരക്കിന്റെ കാര്യത്തിലും ഇവ മുന്നിലാണ്. നിക്ഷേപം ഇരട്ടിപ്പിക്കാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതികൾ നോക്കാം.
കിസാൻ വികാസ് പത്ര
കിസാൻ വികാസ് പത്ര പദ്ധതി നിക്ഷേപകന്റെ പണം ഇരട്ടിയാക്കും. പ്രതിവർഷം 7.5 ശതമാനം പലിശ നൽകുന്ന പദ്ധതിയിൽ 10 വർഷവും മൂന്ന് മാസവും കൊണ്ട് നിക്ഷേപം ഇരട്ടിയാകും. വ്യക്തിഗത അക്കൗണ്ടായും ജോയിന്റ് അക്കൗണ്ടായും നിക്ഷേപം തുടങ്ങാം. 10 വയസ് പ്രായമുള്ള കുട്ടിക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം.
കിസാന്‍ വികാസ് പത്രയില്‍ ഒന്നിലധികം അക്കൗണ്ട് ആരംഭിക്കുന്നതിന് നിയന്ത്രണമില്ല. ജോയിന്റ് അക്കൗണ്ടിൽ 3 പേരെ അനുവദിക്കും. 1,000 രൂപയില്‍ തുടങ്ങുന്ന നിക്ഷേപം 100 രൂപയുടെ ഗുണിതങ്ങളായി പരിധിയില്ലാതെ നിക്ഷേപിക്കാം.

സുകന്യ സമൃദ്ധി യോജന
10 വയസ് വരെ പ്രായമുള്ള പെൺകുട്ടികളുടെ പേരിലാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. നിക്ഷേപങ്ങൾക്ക് 8 ശതമാനം വാർഷിക പലിശ നൽകുന്നുണ്ട്. നിക്ഷേപം ആരംഭിച്ച 21 വർഷമാണ് പദ്ധതിയുടെ കാലാവധി. 15 വർഷം നിക്ഷേപിക്കണം. വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
5 വയസുള്ള പെൺകുട്ടിയുട പേരിൽ സുകന്യ സമൃദ്ധി യോജന നിക്ഷേപം ആരംഭിച്ച് വർഷം 10,000 രൂപ നിക്ഷേപിച്ചാൽ കാലാവധിയിൽ 4,48,969 രൂപ ലഭിക്കും. 2023 ൽ നിക്ഷേപം ആരംഭിച്ചാൽ 2044 ലാണ് കാലാവധിയെത്തുക. 1.50 ലക്ഷത്തിന്റെ നിക്ഷേപം ഇരട്ടിയിലധികമാകും.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
15 വര്‍ഷ കാലാവധിയുള്ള ദീര്‍ഘകാല നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. 7.10 ശതമാനമാണ് പലിശ നിരക്ക്. വര്‍ഷത്തില് 1.50 ലക്ഷം രൂപ വരെയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. 15 വര്‍ഷം പൂര്‍ത്തായകുമ്പോള്‍ 5 വര്‍ഷ ബ്ലോക്കുകളായി നിക്ഷേപം തുടരാം.
നിലവിലെ 7.10 ശതമാനം പലിശ നിരക്കില്‍ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 20 വര്‍ഷത്തെ നിക്ഷേപം വഴി പണം ഇരട്ടിയാകും. വര്‍ഷത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 20-ാം വര്‍ഷത്തില്‍ 44,38,859 രൂപ ലഭിക്കും. പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണിത്.
നാഷണൽ സേവിംഗ്‌സ് സ്കീം
സ്ഥിര നിക്ഷേപം പോലെ ഒറ്റത്തവണ നിക്ഷേപമാണ് നാഷണൽ സേവിംഗ്‌സ് സ്കീം. 5 വർഷ കാലാവധിയുള്ള പദ്ധതിയിൽ വർഷത്തിലാണ് പലിശ കണക്കാക്കുന്നത് എന്നതാണ് വ്യത്യാസം. നിക്ഷേപം ഇരട്ടിയാക്കുന്നില്ലെങ്കിലും മികച്ച പലിശ പദ്ധതി നൽകുന്നു. 5 വർഷത്തേക്ക് 7.70 ശതമാനമാണ് പലിശ നിരക്ക്.
പ്രായ പൂര്‍ത്തിയായവര്‍ക്കും 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും നാഷണൽ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് അക്കൗണ്ട് ആരംഭിക്കാം. ചുരുങ്ങിയത് 1,000 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാം. 5 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന പലിശ 2,24,517 രൂപയാണ്. കാലാവധിയില്‍ 7,24,517 രൂപ ലഭിക്കും.
5 വർഷ ടൈം ഡെപ്പോസിറ്റ്
മികച്ച പലിശ ലഭിക്കുന്ന മറ്റൊരു നിക്ഷേപമാണ് 5 വർഷ ടൈം ഡെപ്പോസിറ്റ്. 7.50 ശതമാനം പലിശ ലഭിക്കും. 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. 1 ലക്ഷം രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 1,44,995 രൂപ ലഭിക്കും.


Click it and Unblock the Notifications