പോസ്റ്റ് ഓഫീസ് സ്കീം: ഈ ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇതാ....
ചെറുകിട സമ്പാദ്യ പദ്ധതികളിലൂടെ നിങ്ങളുടെ പണം വളരും. വലിയ സാമ്പത്തിക ലക്ഷ്യത്തിനായി ചെറിയ നിക്ഷേപത്തിലൂടെ സമീപിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നൽകുന്ന ചെറുകിട പദ്ധതികൾ വലിയ ആശ്വാസമാവും. പോസ്റ്റ് ഓഫീസ് സാധാരണയായി ഉയർന്ന പലിശ നിരക്കുള്ള നിക്ഷേപ പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരം പദ്ധതികളുടെ പലിശ നിരക്ക് ഓരോ പാദത്തിലും പരിഷ്കരിക്കുന്നതിനാൽ, നിക്ഷേപകർ പലിശ നിരക്കിലെ മാറ്റങ്ങൾ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. എന്നാൽ ഇത്തവണ, 2025 ഏപ്രിൽ-ജൂൺ പാദത്തിൽ കേന്ദ്ര സർക്കാർ ഈ പദ്ധതികളുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സുകന്യ സമൃദ്ധി യോജന (SSY), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) തുടങ്ങിയവയാണ് പ്രധാന ചെറുകിട സമ്പാദ്യ പദ്ധതികൾ. ഇവയുടെ പലിശ നിരക്കിലൊന്നും നിലവിൽ മാറ്റമില്ല.
"2025 ഏപ്രിൽ 1 മുതൽ 2025 ജൂൺ 30 വരെ നീണ്ടു നിൽക്കുന്ന 2025-26 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ 2024-25 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ (2025 ജനുവരി 1 മുതൽ 2025 മാർച്ച് 31 വരെ) പ്രഖ്യാപിച്ച നിരക്കുകളിൽ നിന്ന് മാറ്റമില്ലാതെ തുടരും," ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
ചെറുകിട സമ്പാദ്യ പദ്ധതികൾ
പോസ്റ്റ് ഓഫീസ് നൽകുന്ന ഓരോ ചെറുകിട സമ്പാദ്യ പദ്ധതികളും സാധാരണക്കാരെയും സ്ഥിരമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്. ചെറിയ തുക സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ വലിയ തുക സമ്പാദിക്കാൻ സാധിക്കുന്നു. പ്രധാനമായും ഈ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് മൂന്ന് വിഭാഗങ്ങളുണ്ട്. സേവിംഗ്സ് ഡെപ്പോസിറ്റുകൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ, പ്രതിമാസ വരുമാന പദ്ധതി എന്നിവയാണ് ഈ മൂന്ന് വിഭാഗങ്ങൾ.
സേവിംഗ്സ് ഡെപ്പോസിറ്റുകളിൽ 1-3 വർഷത്തെ ടൈം ഡെപ്പോസിറ്റുകളും 5 വർഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റുകളും ഉൾപ്പെടുന്നു. മാത്രമല്ല നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (NSC), കിസാൻ വികാസ് പത്ര (KVP) തുടങ്ങിയ നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സുകന്യ സമൃദ്ധി അക്കൗണ്ട്, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം എന്നിവ സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുന്നു. പ്രതിമാസ വരുമാന പദ്ധതിയിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) ഉൾപ്പെടുന്നു.
പിപിഎഫ്, പോസ്റ്റ് ഓഫീസ് സേവിംഗ്സ്, ടേം ഡെപ്പോസിറ്റുകൾ, എൻഎസ്‌സി, സുകന്യ സമൃദ്ധി യോജന തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഓരോ പാദത്തിന്റെയും അവസാനം അവലോകനം ചെയ്യുകയും അടുത്ത പാദത്തിലേക്ക് മാറ്റങ്ങൾ വരുത്തുകയോ അല്ലെങ്കിൽ മാറ്റമില്ലാതെ തുടരുകയോ ചെയ്യും.

വിവിധ ചെറുകിട സമ്പാദ്യ പദ്ധതികൾ....
പിപിഎഫ്: വർഷത്തിലൊരിക്കൽ നിക്ഷേപം നടത്താവുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട്. ഈ സ്കീമിൽ പരമാവധി ഒരു വർഷം 1.5 ലക്ഷം വരെ നിക്ഷേപിക്കാം. 15 വർഷത്തെ കാലാവധിയിൽ നിങ്ങൾക്ക് നല്ലൊരു തുക സമ്പാദിക്കാം. അതിൽ കൂടുതൽ സമ്പാദിക്കാൻ ആഗ്രഹമുള്ളവർ കാലാവധി നീട്ടാനുള്ള ഓപ്ഷനും ലഭിക്കും.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: സ്ഥിര നിക്ഷേപത്തിന് സമാനമായ നിക്ഷേപ പദ്ധതിയാണിത്. 5 വർഷം വരെയാണ് ഈ നിക്ഷേപത്തിൻ്റെ കാലാവധി. അതിൽ ഒരു വർഷം, 2 വർഷം, മൂന്ന് വർഷം, 5 വർഷം എന്നീ കാലാവധിക്ക് വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC): 5 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന സമ്പാദ്യ പദ്ധതിയാണിത്. ഈ സ്കീമിൽ ഏറ്റവും കുറഞ്ഞ 1,000 രൂപ നിക്ഷേപിക്കാം. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. മാത്രമല്ല നിങ്ങളുടെ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളും ഉറപ്പാക്കാം.
കിസാൻ വികാസ് പത്ര (KVP): നിക്ഷേപത്തിലൂടെ ഇരട്ടി ലാഭം സൃഷ്ടിക്കാവുന്ന നിക്ഷേപ പദ്ധതിയാണിത്. കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീമാണിത്. സിംഗിൾ അക്കൗണ്ടും ജോയിൻ്റ് അക്കൗണ്ടും തുറക്കാനും സാധിക്കും.
സുകന്യ സമൃദ്ധി യോജന (SSY): പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കായി നിക്ഷേപിക്കാവുന്ന സ്കീമാണിത്. പെൺകുട്ടിക്ക് 10 വയസ്സാവുന്നതിനു മുന്നേ നിക്ഷേപം നടത്താം. 21 വർഷമാണ് സുകന്യ സമൃദ്ധി യോജനയുടെ കാലാവധി. പെൺകുട്ടിയുടെ മാതാപിതാക്കൾക്കാണ് അക്കൗണ്ട് ആരംഭിക്കാനുള്ള അനുമതിയുള്ളൂ.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം: മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണിത്. ഈ സ്കീം പ്രകാരം 5 വർഷത്തേക്ക് നിക്ഷപത്തിൻ്റെ കാലാവധി. ഇത് ഒറ്റത്തവണയായി നിക്ഷേപം നടത്താവുന്ന സ്കീമാണ്. പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS): ഒറ്റത്തവണ നിക്ഷേപത്തിലൂടെ 5 വർഷത്തേക്ക് സ്ഥിരമായി എല്ലാ മാസവും വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്. ഇവിടെ സിംഗിൾ അക്കൗണ്ടും ജോയിൻ്റ് അക്കൗണ്ടും ആരംഭിക്കാം.
വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഏറ്റവും പുതിയ പലിശ നിരക്കുകൾ അറിയാം.....
- സേവിംഗ്സ് ഡെപ്പോസിറ്റ്: 4 ശതമാനം
- ഒരു വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ: 6.9 ശതമാനം
- 2 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ: 7.0 ശതമാനം
- 3 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ: 7.1 ശതമാനം
- 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ: 7.5 ശതമാനം
- 5 വർഷത്തെ ആർ.ഡി: 6.7 ശതമാനം
- നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്: 7.7 ശതമാനം
- കിസാൻ വികാസ് പത്ര: 7.5 ശതമാനം (115 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകും)
- പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: 7.1 ശതമാനം
- സുകന്യ സമൃദ്ധി അക്കൗണ്ട്: 8.2 ശതമാനം
- സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം: 8.2 ശതമാനം
- പ്രതിമാസ വരുമാന പദ്ധതി: 7.4 ശതമാനം.
60 രൂപ പോലുമില്ലാത്ത ഈ മൾട്ടിബാഗർ പെന്നി സ്റ്റോക്ക് വാങ്ങിയാലോ? ഇന്ന് ഓഹരി 5% അപ്പർ സർക്യൂട്ടിലെത്തി
ബാങ്ക് സ്ഥിര നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും
പോസ്റ്റ് ഓഫീസുകൾ 6.9 ശതമാനം മുതൽ 7.1 ശതമാനം വരെ എഫ്ഡി പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ബാങ്കുകൾ സാധാരണ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 8.05 ശതമാനം വരെ പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷപകരെ അപേക്ഷിച്ച് അധിക പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
ഏപ്രിൽ മാസത്തിൽ ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചതിനു പിന്നാലെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുകളെല്ലാം കുറച്ചിരുന്നു. തുടർച്ചയായ രണ്ടാമത്തെ തവണയായിരുന്നു ആർബിഐ റിപ്പോ നിരക്ക് കുറച്ചിരുന്നത്. എങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ നിലവിൽ മാറ്റമില്ല. അതിനാൽ തന്നെ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനേക്കാൾ താരതമ്യേന ഉയർന്ന നിരക്കാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


