കേന്ദ്ര സർക്കാർ അവതരിപ്പിച്ച പിഎം കിസാൻ സമ്മാൻ നിധി വഴി നിരവധി പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. പിഎം കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് തവണകളില്‍ 2,000 വീതം വര്‍ഷത്തില്‍ 6,000 രൂപയാണ് നിലവില്‍ ലഭിക്കുന്നത്. ഇതിനൊപ്പം ഒരു ചെലവുമില്ലാതെ കിസാൻ സമ്മാൻ നിധി ഉപഭോക്താക്കൾക്ക് മാസം 3,000 രൂപ നേടാന്‍ സാധിക്കും.കർഷകർക്കുള്ള പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജന വഴിയാണിത്.
പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജന
ഭൂമിയുള്ള ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പെന്‍ഷന്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജന. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് അര്‍ഹരായവര്‍ക്കും ഈ പെന്‍ഷന് യോഗ്യതയുണ്ട്.
കൃഷി മന്ത്രാലയം, കര്‍ഷക ക്ഷേമ വകുപ്പ്, എല്‍ഐസി എന്നിവ സഹകരിച്ചാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജന നടപ്പിലാക്കുന്നത്. 60 വയസെത്തുമ്പോള്‍ കര്‍ഷകര്‍ക്ക് 3,000 രൂപ മാസ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. 18 വയസ് മുതല്‍ 40 വയസു വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം.
മാസ തവണ
പധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജന ഒരു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ്. പദ്ധതിയില്‍ ചേരുന്നയാളുടെ പ്രായത്തിന് അനുസരിച്ച് 55 രൂപ മുതല്‍ 200 രൂപ വരെ മാസ അടവ് വ്യത്യാസപ്പെട്ടിരിക്കും. ഗുണഭോക്താവ് അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക സർക്കാറും അടയ്ക്കും.
60 വയസ് എത്തുന്നത് വരെ ഈ അടവ് തുടരണം. 18ാം വയസില്‍ പദ്ധതിയിൽ ചേരുന്നൊരാള്‍ക്ക് മാസത്തില്‍ 55 രൂപ അടയ്ക്കേണ്ടത്. 30ാം വയസിൽ പദ്ധതിയിൽ ചേരുമ്പോൾ മാസ അടവ് 110 രൂപയായി ഉയരും.
40 വയസുകാരൻ ഏറ്റവും ഉയർന്ന പ്രീമിയമായ 200 രൂപ അടയ്ക്കണം. പിഎം കിസാന്‍ സമ്മാന്‍ നിധിയിലുള്ള അംഗങ്ങള്‍ക്ക് അടയ്‌ക്കേണ്ട തുക കിസാന്‍ സമ്മാന്‍ നിധി ഗഡുക്കളില്‍ നിന്ന് കുറയ്ക്കാന്‍ സൗകര്യമുണ്ട്. പിഎം കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം ലഭിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് സൗകര്യം ഏര്‍പ്പെടുത്തിയാൽ മതി.
ആർക്കൊക്കെ ചേരാം
18 മുതൽ 40 വയസ് പ്രായമുള്ള 2 ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ള രാജ്യത്തെ ചെറു ഇടത്തരം കര്‍ഷകര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുക. പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് പദ്ധതിയിൽ ചേരാം. നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) എംപ്ലോയീസ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സ്‌കീം തുടങ്ങിയ മറ്റേതെങ്കിലും സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് കീഴില്‍ വരുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല.
കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ശ്രാം യോജി മൻധൻ യോജനയിലോ ലഘു വ്യാപാരി മന്‍ധന്‍ യോജനയിലോ ചേർന്നവർക്ക് ഈ പെൻഷൻ പദ്ധതിയിൽ ചേരാൻ സാധിക്കില്ല. ആദായ നികുതി അടക്കുന്നവർ പദ്ധതിയിൽ ചേരാൻ അർഹരല്ല.
എങ്ങനെ ചേരാം
രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യരായ കര്‍ഷകര്‍ക്ക് പൊതു സേവന കേന്ദ്രങ്ങളിലെത്തണം. ആധാര്‍ കാര്‍ഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടും ഇതിനായി ആവശ്യമാണ്. ആ്ദ്യത്തെ നിക്ഷേപ തുക പണമായി സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം മാസ അടവ് ഓണ്‍ലൈനായി കണക്കാക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് കിസാന്‍ പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ ലഭിക്കും.
മറ്റ് ആനുകൂല്യങ്ങൾ
കാലാവധി എത്തുന്നതിന് മുൻപ് നിക്ഷേപകൻ മരണപ്പെട്ടാൽ പങ്കാളിക്ക് പ്രീമിയം അടച്ച് പദ്ധതിയിൽ തുടരാം. പദ്ധതിയിൽ തുടരുന്നില്ലെങ്കിൽ പങ്കാളിക്ക് അടച്ച തുക പലിശ സഹിതം ലഭിക്കും. നിക്ഷേപ കാലാവധി പൂർത്തിയായ ശേഷം കർഷകൻ മരിച്ചാൽ, പങ്കാളിക്ക് പെൻഷന്റെ 50 ശതമാനം കുടുംബ പെൻഷനായി ലഭിക്കും. കുറഞ്ഞത് അഞ്ച് വർഷം പ്രീമിയം അടച്ചതിന് ശേഷം ഗുണഭോക്താവിന് പദ്ധതിയിൽ നിന്ന് ഒഴിവാകാം.


Click it and Unblock the Notifications