സ്ഥിര നിക്ഷേപത്തിന് ഇളക്കം തട്ടാത്തൊരു സ്ഥാനം നിക്ഷേപകര്‍ക്ക് ഇടയിലുണ്ട്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും രാജ്യത്ത് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നുണ്ട്. കാലാവധിക്ക് ശേഷം നിക്ഷേപിച്ച തുകയും പലിശയും ചേര്‍ന്നുള്ള തുക തിരികെ ലഭിക്കുമെന്ന ഗ്യാരണ്ടി തന്നെയാണ് സ്ഥിര നിക്ഷേപത്തിന്റെ കരുത്ത്. ലഭിക്കുന്ന പലിശ നിരക്ക് നോക്കുകയാണെങ്കില്‍ പോസ്റ്റ് ഓഫീസ് സ്‌കീമുകളാണ് സ്ഥിര നിക്ഷേപത്തിന് അനുയോജ്യമെന്ന് കാണാം. അഞ്ച് വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.7 ശതമാനം വാര്‍ഷിക പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. രാജ്യത്തെ പൊതുമേഖലാ സ്വാകാര്യ മേഖലാ ബാങ്കുകള്‍ നൽകുന്നതിനെക്കാൾ ഉയർന്ന നിരക്കാണിത്.
1,2,3,5 വർഷ കാലാവധിയിലാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ഇതിന് ആദ്യ മൂന്ന് വർഷത്തേക്ക് 5.5 ശതമാനവും അഞ്ച് വർഷ കാലാവധിയുള്ളവയ്ക്ക് 6.7 ശതമാനവുമാണ് പലിശ. പലിശ കണ്ട് നിക്ഷേപത്തിനിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാലാവധിക്ക് മുൻപെ നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ വലിയ നഷ്ടം നിക്ഷേപത്തിലും പലിശയിലും ഉണ്ടാകും. ഇത് മനസിലാക്കി അത്യാവശ്യങ്ങളറിഞ്ഞ് വേണം നിക്ഷേപിക്കാൻ. പോസ്റ്റ് ഓഫീസിൽ അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ച മാധവന് മൂന്ന് വർഷം കഴിയുമ്പോൾ പിൻവലിക്കേണ്ടി വന്ന സാാഹചര്യം ഉദാഹരണമാക്കി സംഭവം വിശദീകരിക്കാം.
2021 ഏപ്രില്‍ ഒന്നിനാണ് മാധവൻ അഞ്ച് ലക്ഷം രൂപ അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപമായി പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചത്. 6.7 ശതമാനം പലിശ നിരക്കിൽ 34,351 രൂപ വീതം പലിശയായി അഞ്ച് വര്‍ഷം വരെ വര്‍ഷന്തോറും ലഭിക്കും. എന്നാൽ മാധവന് പണത്തിന്റെ അത്യാവശ്യം കാരണം 2024 ഏപ്രിലില്‍ നിക്ഷേപം പിൻവലിക്കേണ്ടതായി വന്നെന്ന് കരുതുക പിന്‍വലിക്കുമ്പോള്‍ 4,50,140 രൂപ മാത്രമാണ് തിരികെ ലഭിക്കുക. പലിശയിനത്തില്‍ 48 ശതമാനമാണ് നിലവിലെ നിയമപ്രകാരം നിക്ഷേപകന് നഷ്ടമാകുക. മറ്റ് കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നേരത്തയുള്ള പിന്‍വലിക്കലും വലിയ നഷ്ടം വരുത്തിവെയ്ക്കും. ബാങ്കില്‍ നിന്ന് കാലവാവധിക്ക് മുന്‍പെ പിന്‍വലിക്കുമ്പോഴുള്ള നഷ്ടത്തെക്കാള്‍ വളരെ കൂടുതലാണിത്. ബാങ്ക് സാധാരണയായി 0.50 ശതമാനം മുതല്‍ 1 ശതമാനമാണ് നിക്ഷേപം നേരത്തെ പിൻവലിക്കുന്നതിന് പിഴയാണ് ഈടാക്കുന്നത്.
5 ലക്ഷം 4.5 ലക്ഷമായി കുറയുന്നു
മൂന്ന് വര്‍ഷം വരെ നിക്ഷേപകന്‍ 6.7 ശതമാനം നിരക്കില്‍ മൂന്ന് വര്‍ഷം 34,351 രൂപ ലഭിച്ചിട്ടുണ്ട്. എന്നാല്‍ നിക്ഷേപം മൂന്ന് വര്‍ഷത്തിന് ശേഷം പിന്‍വലിക്കുമ്പോള്‍ പലിശ നിരക്ക് 3.5 ശതമാനമായി കുറയും. വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 17,351 രൂപയാകും. മൂന്ന് വര്‍ഷം 6.7 ശതമാനം പലിശ നിരക്കില്‍ ലഭിച്ചയായ 1,03,053 രൂപയ്ക്ക് നിക്ഷേപകന്‍ അര്‍ഹനല്ല, മറിച്ച് 3.5 ശതമാനം പലിശ നിരക്കില്‍ മൂന്ന് വര്‍ഷത്തേക്ക് 53,193 രൂപയാണ് ലഭിക്കുക. ഈ തുക കഴിച്ചുള്ള പണം നിക്ഷേപമായ 5 ലക്ഷത്തില്‍ നിന്നും കുറച്ചാണ് നല്‍കുക.
പിൻവലിക്കലും നഷ്ടവും
നിക്ഷേപം ആരംഭിച്ച് ആറ് മാസമാകുന്നത് വരെ യാതൊരു തരത്തിലുമുള്ള പിന്‍വലിക്കലും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം അനുവദിക്കുന്നില്ല. ഇത് എല്ലാ കാലവധിയുള്ള സ്ഥിര നിക്ഷേപത്തിനും ബാധകമാണ്. എന്നാല്‍ ബാങ്കില്‍ നിക്ഷേപിച്ച് തൊട്ടടുത്ത ദിവസം ഇത്തരത്തില്‍ പിന്‍വലിക്കാം. പിഴയും കുറവാണ്. അഞ്ച് വര്‍ഷ സ്ഥിര നിക്ഷേപം നാല് വര്‍ഷം പൂര്‍ത്തിയായ ശേഷം പിന്‍വലിക്കുമ്പോള്‍ മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപത്തിന്റെ പലിശയാണ് ലഭിക്കുന്നത്. അതായത് 5.5 ശതമാനം. പലിശയില്‍ 1.2 ശതമാനത്തിന്റെ കുറവ് വരും. 2021 ഏപ്രിലില്‍ 1 ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടയാൾ 2025 മേയ് 31ന് കാവലധിക്ക് പിന്‍വലിക്കുകയാണെങ്കില്‍, നാല് വര്‍ഷത്തേക്ക് 5.5 ശതമാനം പലിശ ഈടാക്കി 1,24,421 രൂപ ലഭിക്കും. ബാക്കിയുള്ള രണ്ട് മാസത്തെ നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്കില്‍ നല്‍കും. നാല് ശതമാനമാണിത്. 829.47 രൂപ ഇങ്ങനെ ലഭിക്കും. ആകെ 1,25,250.53 രൂപ നിക്ഷേപകന് 2025 ൽ ലഭിക്കും. അഞ്ച് വര്‍ഷം പൂര്‍ത്തിയായിരുന്നെങ്കിൽ 1,39,406,.69 രൂപ ലഭിക്കേണ്ടിടത്താണിത്. 14,146.16 രൂപയാണ് നിക്ഷേപകന് നഷ്ടമാകുന്നത്.
മറ്റ് പിൻവലിക്കലുകൾ
ഒരു വര്‍ഷം പൂര്‍ത്തിയാവുകയും നാല് വര്‍ഷം എത്താതിരിക്കുയും ചെയ്യുന്ന സാഹചര്യത്തിൽ നിക്ഷേപം പിന്‍വലിച്ചാല്‍ പിന്‍വലിക്കുന്ന കാലാവധിയിലുള്ള പലിശ നിരക്കിനെക്കാള്‍ 2 ശതമാനം കുറഞ്ഞ നിരക്കിലായിരിക്കും പലിശ ഈടാക്കുക. ഇതായത് 1,2,3 വര്‍ഷങ്ങളില്‍ പിന്‍വലിച്ചാല്‍ ആ വര്‍ഷങ്ങളിലെ പലിശ നിരക്കായ 5.5 ശതമാനത്തില്‍ നിന്ന് 2 ശതമാനം കുറച്ച് 3.5 ശതമാനം ഈടാക്കും. ഇത് നിലവിലെ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിനെക്കാള്‍ കുറവാണിത്. അഞ്ച് വര്‍ഷത്തെ നിക്ഷേപം ആറ് മാസം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനിടെ പിന്‍വലിച്ചാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ 4 ശതമാനം ലഭിക്കും.


Click it and Unblock the Notifications