കേരളത്തില്‍ ബംപര്‍ ലോട്ടറികളുടെ കാലമാണിത്. സമ്മര്‍ ബംപറിനും വിഷു ബംപറിനും ശേഷം ജൂലായ് മാസത്തില്‍ മണ്‍സൂണ്‍ ബംപറാണ് നറുക്കെടുക്കാന്‍ പോകുന്നത്. ഇനി ചിന്തിച്ചിരിക്കാന്‍ സമയമില്ല, ലോട്ടറി എടുക്കുന്നവരാണെങ്കില്‍ ഇപ്പോള്‍ തന്നെ മണ്‍സൂണ്‍ ബംപറിന്റെ ടിക്കറ്റ് സ്വന്തമാക്കണം. ജൂലായ് 26 നാണ് മണ്‍സൂണ്‍ ബംപറിന്റെ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 250 രൂപയ്ക്ക് ബംപറെടുത്താൽ 10 കോടിയാണ് ഒന്നാം സമ്മാനം.
50 രൂപയ്ക്ക് 1 കോടി സമ്മാനം നൽകുന്ന പ്രതിവാര ലോട്ടറിയുള്ളപ്പോൾ ബംപറെടുക്കണമോ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. 250 രൂപ കൊടുത്ത് മൺസൂൺ ബംപറെടുത്താൽ ലഭിക്കുന്ന സമ്മാനങ്ങളും ചെലവ് കുറഞ്ഞ് ലോട്ടറിയെടുക്കാനുള്ള വഴികളുമാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.

മൺസൂൺ ബംപർ സമ്മാന ഘടന
MA, MB, MC, MD, ME എന്നിങ്ങനെ 5 സീരിസുകളിലായാണ് മണ്‍സൂണ്‍ ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുള്ളത്. ഒന്നാം സമ്മാനമായി 10 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേര്‍ക്കാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കും.
നാലാം സമ്മാനം 54 പേര്‍ക്ക് 3 ലക്ഷം രൂപ ലഭിക്കും. 5,000 രൂപയാണ് അഞ്ചാം സമ്മാനം, 1000 രൂപ 500 രൂപ, 250 രൂപ എന്നിങ്ങനെ തുടര്‍ സമ്മാനങ്ങള്‍ ലഭിക്കും.
എങ്ങനെ ടിക്കറ്റെടുക്കാം
വലിയ തുകയുടെ ബംപര്‍ ടിക്കറ്റെടുക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന രീതിയാണ് ഷെയറിട്ട് ലോട്ടറിയെടുക്കുക എന്നത്. ലോട്ടറിയുടെ തുക ഒന്നില്‍ കൂടുതല്‍ പേര്‍ പങ്കിട്ടെടുത്താല്‍ ഒന്നിലധികം ടിക്കറ്റെടുക്കാനും സമ്മാനം ലഭിക്കാനുമുള്ള സാധ്യത കൂടുതലാണ്. ബംപർ ലോട്ടറിയെടുന്നവർക്കിടയിൽ ട്രെൻഡാണ് ഈ കൂട്ടം ചേര്‍ന്നുള്ള ഭാഗ്യപരീക്ഷണം.
ടിക്കറ്റ് വില വര്‍ധിപ്പിച്ചത് ഇത്തരത്തിൽ ടിക്കറ്റെടുക്കുന്നതിനൊരു കാരണമാണ്. ടിക്കറ്റ് ചെലവ് പങ്കിടുന്നതോടെ ഒന്നിലധികം ടിക്കറ്റുകള്‍ സ്വന്തമാക്കാണെന്നതും വിജയസാധ്യത വര്‍ധിപ്പിക്കുമെന്നതും ഭാഗ്യാന്വേഷികൾക്ക് ഗുണമാണ്.
നിയമപരമായി ശരിയോ
ഒന്നിലധികം പേർ ടിക്കറ്റ് തുക പങ്കിട്ട് ലോട്ടറി വാങ്ങുന്നതിൽ തടസങ്ങളൊന്നുമില്ല. അതേസമയം, ബംപറെടുക്കുമ്പോൾ കൂട്ടമായി ലോട്ടറിയെടുത്താൽ സമ്മാനം പങ്കിട്ടെടുക്കേണ്ടത് ടിക്കറ്റിന് കാശ് മുടക്കിയവരുടെ ഉത്തരവാദിത്വമാണ്. ഓരോരുത്തര്‍ക്കും ലോട്ടറി വകുപ്പ് സമ്മാനതുക വീതിച്ച് നല്‍കില്ല. സമ്മാനര്‍ഹമായ ടിക്കറ്റെടുത്തവരില്‍ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുകയോ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ആ അക്കൗണ്ടിലേക്ക് സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തുകയുമാകാം. ജോയിന്റ് അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ലോട്ടറി വകുപ്പിനെ അറിയിച്ചാല്‍ മതി.
എങ്ങനെ സമ്മാനം ലഭിക്കും
ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറും. ഈ ഒരാളുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. സംയുക്ത ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തുകയാണെങ്കിൽ ബാങ്ക് അക്കൗണ്ടില്‍ പേരു ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
വലിയ തുകയുടെ സമ്മാനങ്ങൾ അടിച്ചാലാണ് ഈ നടപടി ക്രമങ്ങൾ. 5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയിലെത്തിയാൽ മതിയാകും. 5,000 രൂപക്ക് മുകളിലുള്ള സമ്മാനങ്ങൾ ലഭിക്കാൻ ലോട്ടറി ഓഫിസിലെത്തണം.
5,000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളില്‍ നിന്ന് മാറിയെടുക്കാം. 1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നാണ് മാറിയെടുക്കേണ്ടത്.


Click it and Unblock the Notifications