പിവിആര്‍. ഐനോക്‌സ് ലെഷര്‍. ഇന്ത്യയിലെ രണ്ടു മുന്‍നിര മള്‍ട്ടിപ്ലക്‌സ് ശൃഖലകള്‍. ഇപ്പോള്‍ ഇരു കമ്പനികളും ഒന്നായി ലയിക്കാനുള്ള പുറപ്പാടിലാണ്. പുതിയ തീരുമാനത്തെ കയ്യടിയോടെയാണ് നിക്ഷേപകര്‍ സ്വീകരിച്ചത്. മാര്‍ച്ച് 28 -ന്, ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഇരു കമ്പനികളുടെയും ഓഹരി വില പുത്തനുണര്‍വ് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച്ച പിവിആര്‍ 10 ശതമാനവും ഐനോക്‌സ് 20 ശതമാനവും വീതം കുതിച്ചുകയറി.
'ഇതൊക്കെ നേരത്തെ അറിഞ്ഞതല്ലേ' എന്ന കമ്മന്റ് പാസാക്കാന്‍ വരട്ടെ. വാസ്തവത്തില്‍ പിവിആറും ഐനോക്‌സും ഒന്നിക്കുമ്പോള്‍ ലാഭം കൊയ്യുക വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള മറ്റൊരു കമ്പനിയായിരിക്കും. സംഭവം ഏതെന്നല്ലേ, ജിഎഫ്എല്‍ ലിമിറ്റഡ്.
ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ജിഎഫ്എല്‍ ഐനോക്‌സ് ഗ്രൂപ്പിന്റെ ഭാഗമാണ്. ഐനോക്‌സ് ലെഷറിലെ ഹോള്‍ഡിങ് കമ്പനി കൂടിയാണിത്. ഐനോക്‌സ് ലെഷറില്‍ ജിഎഫ്എല്ലിന് 43.1 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
പിവിആറിനൊപ്പം ഐനോക്‌സ് ലെഷര്‍ ലയിക്കുന്നതോടെ പുതിയ കമ്പനിയില്‍ ജിഎഫ്എല്ലിന് 16.6 ശതമാനം ഓഹരികള്‍ ലഭിക്കും. ഇതേസമയം, ജിഎഫ്എല്ലിന്റെയും അനുബന്ധ സ്ഥാപനമായ ഐനോക്‌സ് ലെഷറിന്റെയും മാര്‍ക്കറ്റ് കാപ്പ് പരിശോധിച്ചാല്‍ ഒരു അപാകത തെളിയും.
2022 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം ഐനോക്‌സ് ലെഷറിന്റെ വിപണി മൂല്യം 6,460 കോടി രൂപയാണ്. ഐനോക്‌സ് ലെഷറിലെ ഏറ്റവും വലിയ ഓഹരിയുടമയാണ് ജിഎഫ്എല്‍. 43.1 ശതമാനം ഓഹരികള്‍ ഇവരുടെ പക്കലുണ്ട്.
അങ്ങനെ വരുമ്പോള്‍ ഏറ്റവും കുറഞ്ഞത് 2,750 കോടി രൂപയോളം മാര്‍ക്കറ്റ് കാപ്പ് ജിഎഫ്എല്‍ അവകാശപ്പെടണം; എന്നാല്‍ കമ്പനിയുടെ നിലവിലെ വിപണി മൂല്യമാകട്ടെ 880 കോടി രൂപ മാത്രമാണ്. ഇതിനര്‍ത്ഥം ഉടമസ്ഥതയിലുള്ള ആസ്തികളുടെ ആകെ മൂല്യത്തേക്കാള്‍ ഏറെ താഴെയാണ് ജിഎഫ്എല്‍ ഓഹരികള്‍ വ്യാപാരം നടത്തുന്നത്.
കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 82.50 രൂപ. അതായത്, പിവിആറും ഐനോക്‌സും ലയിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ബ്രാന്‍ഡ് പിറവിയെടുക്കാനിരിക്കെ വന്‍ഡിസ്‌കൗണ്ടിലാണ് ജിഎഫ്എല്‍ ഓഹരികള്‍. ഈ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍ സംശയം സ്വാഭാവികം; ജിഎഫ്എല്‍ മികച്ച നിക്ഷേപമായി മാറില്ലേ? ജിഎഫ്എല്ലില്‍ നിക്ഷേപം നടത്താന്‍ ഇതിലും മികച്ച അവസരം ലഭിക്കുമോ?
ഇതിനുത്തരം നല്‍കും മുന്‍പ് ഒന്നുരണ്ടു കാര്യങ്ങള്‍ പ്രത്യേകം വിശദീകരിക്കണം. ജിഎഫ്എല്ലിന് സ്വന്തമായി ബിസിനസ് പ്രവര്‍ത്തനങ്ങളില്ല. മാത്രമല്ല, അനുബന്ധ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ജിഎഫ്എല്‍ കൈകടത്താറുമില്ല. അതായത് നിക്ഷേപങ്ങളില്‍ കാര്യമായ നിയന്ത്രണം കമ്പനിക്കില്ല. ഒരുപക്ഷെ ഇതായിരിക്കാം ജിഎഫ്എല്‍ ഓഹരികള്‍ ഡിസ്‌കൗണ്ടില്‍ തുടരുന്നതിനുള്ള ഒരു കാരണം.
അനിശ്ചിതത്വമാണ് മറ്റൊരു കാരണം. ഹോള്‍ഡിങ് കമ്പനിയാണ് ജിഎഫ്എല്‍. നല്ലൊരു ശതമാനം വരുമാനം ലാഭവിഹിതങ്ങളിലൂടെയാണ് കമ്പനിക്ക് കിട്ടുന്നത്. ചുരുക്കത്തില്‍ അനുബന്ധ സ്ഥാപനങ്ങളുടെ സാമ്പത്തിക മികവിനെ ആശ്രയിച്ചാണ് ജിഎഫ്എല്ലിന്റെ പ്രകടനം. അതുകൊണ്ട് പണമൊഴുക്കില്‍ അനിശ്ചിതത്വമുണ്ട്. വരുമാനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ സംശയദൃഷ്ടിയോടെയാണ് വിപണി എന്നും നോക്കാറ്. ഇത് ജിഎഫ്എല്ലിന്റെ ഓഹരി വിലയില്‍ പ്രതിഫലിക്കുന്നു.
എന്തുകൊണ്ട് ജിഎഫ്എല്‍ മികച്ച നിക്ഷേപമായി മാറും? നിക്ഷേപകരുടെ പ്രധാന ചോദ്യമിതാണ്. ഇന്ത്യയില്‍ സിനിമാ ബിസിനസ് അതിവേഗ വളര്‍ച്ചയാണ് കാഴ്ച്ചവെക്കുന്നത്. ഇന്ത്യന്‍ ജനതയ്ക്ക് സിനിമകളോട് പ്രത്യേക മമതയുണ്ട്. സപ്ലൈ വശം നോക്കിയാല്‍ ലോകത്ത് ഏറ്റവുമധികം സിനിമ നിര്‍മിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സിനിമാ വ്യവസായത്തിന് അനലിസ്റ്റുകള്‍ മികച്ച എസ്റ്റിമേറ്റുകള്‍ നല്‍കാനുള്ള കാരണവും ഇതുതന്നെ. പലരും ഇരട്ടയക്ക വളര്‍ച്ചയാണ് ഈ ദശകം പ്രവചിക്കുന്നത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ ഏകീകരണത്തിലൂടെയാണ് സിനിമാ സെക്ടര്‍ കടന്നുപോയത്. മള്‍ട്ടിപ്ലക്‌സുകള്‍ക്ക് മുന്നില്‍ സിംഗിള്‍ സ്‌ക്രീന്‍ സിനിമകള്‍ മാര്‍ക്കറ്റ് ഷെയര്‍ വിട്ടുകൊടുത്തു. കോവിഡ് കൂടി വന്നതോടെ ഒട്ടുമിക്ക ചെറുകമ്പനികളും കച്ചവടം പൂട്ടി. പിവിആറും ഐനോക്‌സുമാണ് ഈ സാഹചര്യത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍. ഇരു കമ്പനികളും ലയിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ബ്രാന്‍ഡായി പുതിയ കമ്പനി മാറും.
പ്രീമിയംവത്കരണത്തിലാണ് പിവിആറിന് കൂടുതല്‍ ശ്രദ്ധ. ഉപഭോക്താക്കള്‍ക്ക് ആഢംബരപൂര്‍ണമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കമ്പനി എന്നും മുന്‍കയ്യെടുക്കാറുണ്ട്. നിലവില്‍ വരുമാനത്തിന്റെ 10-11 ശതമാനം പ്രീമിയം സേവനങ്ങളില്‍ നിന്നാണ് പിവിആര്‍ കണ്ടെത്തുന്നത്. 2025 ആകുമ്പോഴേക്കും ഇത് 20 ശതമാനമായി ഉയര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നു. ലയനത്തിന് ശേഷവും പ്രീമിയംവത്കരണം പ്രതീക്ഷിക്കാം.
സ്‌ക്രീനുകളുടെ കാര്യമെടുത്താല്‍ മറ്റു രാജ്യങ്ങളെക്കാള്‍ ബഹുദൂരം പിന്നിലാണ് ഇന്ത്യ. അമേരിക്കയില്‍ 40,000 സ്‌ക്രീനുകളും ചൈനയില്‍ 70,000 സ്‌ക്രീനുകളും പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയിലുള്ളത് കേവലം 9,500 സ്‌ക്രീനുകളാണ്. ലയനത്തിന് ശേഷം കൂടുതല്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് ഇരു കമ്പനികളുടെയും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. വളര്‍ച്ചയെ ഈ നീക്കം കാര്യമായി സ്വാധീനിക്കും.
ജിഎഫ്എല്‍ ഇപ്പോള്‍ വാങ്ങാമോ?
പിവിആര്‍-ഐനോക്‌സ് ലയനം പ്രഖ്യാപിച്ചെങ്കിലും തീരുമാനത്തിന് സിസിഐയുടെ (കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) അനുമതി ഇനിയും കിട്ടിയിട്ടില്ല. സിസിഐയുടെ അനുമതി കിട്ടിയാല്‍ മാത്രമാണ് ലയനം നടക്കുകയുള്ളൂ. ലയനം നടക്കുമെന്ന് ഉറപ്പായാല്‍ ജിഎഫ്എല്‍ ഓഹരികളില്‍ നോട്ടമെത്തിക്കാം. ഇതേസമയം, ബാലന്‍സ് ഷീറ്റ് അടക്കം കമ്പനിയുടെ ഫണ്ടമെന്റലുകളിലൂടെയുള്ള സൂക്ഷമ പരിശോധന അനിവാര്യമാണ്. വെള്ളിയാഴ്ച്ച 4.56 ശതമാനം നേട്ടം കുറിച്ചുകൊണ്ടാണ് ജിഎഫ്എല്‍ ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 94.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 59 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications