കയ്യിൽ നല്ലൊരു തുക വന്നാൽ സ്വർണം വാങ്ങിവെയ്ക്കണമെന്നുള്ള ഉപദേശം കേൾക്കാറുണ്ടോ? ഇങ്ങനെ ഉപദേശിക്കാനുള്ള കാരണം സ്വർണം തന്നെ പറഞ്ഞു തരും. 8 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയലധികമാക്കി തിരികെ നൽകിയിരിക്കുകയാണ് സ്വർണം. പറഞ്ഞു വരുന്നത് സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാര്യമാണ്. സ്വർണത്തിൽ നിക്ഷേപിക്കാൻ ഇന്ന് ലഭ്യമായ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമായ സോവറിൻ ഗോൾഡ് ബോണ്ടിന്റെ ആദ്യ ഇഷ്യു കാലാവധി പൂർത്തിയാക്കുമ്പോൾ നിക്ഷേപന് ലഭിക്കുന്നത് ഇരട്ടിയിലധികം നേട്ടമാണ്.
ആദ്യ ഇഷ്യു റിഡെംഷൻ
സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആദ്യ ഇഷ്യുവിന്റെ റിഡെംഷന്‍ തീയതി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. 2015 നവംബർ 30 അനുവദിച്ച ആദ്യ ഇഷ്യു 2023 നവംബര്‍ 30 നാണ് കാലാവധി എത്തുന്നത്. സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ആദ്യ ഇഷ്യുവിന്റെ റിഡംഷന്‍ വില യൂണിറ്റിന് 6,132 രൂപയാണ്.
നവംബര്‍ 20 മുതല്‍ 24 വരെയുള്ള ആഴ്ചയിലെ സ്വര്‍ണത്തിന്റെ ക്ലോസിംഗ് വിലയുടെ ആവറേജ് കണക്കാക്കിയാണ് ഈ വില നിശ്ചയിച്ചത്. ഇഷ്യു സമയത്ത് യൂണിറ്റിന് 2,684 രൂപ നിരക്കിലാണ് നിക്ഷേപം നടത്തിയത്.

നിക്ഷേപകന് നേട്ടം
സോവറിൻ ഗോൾഡ് ബോണ്ടിന്റെ ആദ്യ ഇഷ്യുവിൽ ആദ്യ ഇഷ്യുവില്‍ 35 ഗ്രാം സ്വർണം വാങ്ങിയ വ്യക്തി ഗ്രാമിന് 2,684 രൂപ നിരക്കിൽ 93,940 രൂപയാണ് നിക്ഷേപിച്ചത്. 6,132 രൂപ നിരക്കില്‍ ബോണ്ട് റഡീം ചെയ്യുമ്പോൾ 2,14,620 രൂപയാണ് ഇതിന്റ മൂല്യം. 128.50 ശതമാനം റിട്ടേണാണ് നിക്ഷേപകന് 8 വർഷത്തിനിടെ ലഭിച്ചത്.
നിക്ഷേപം ഇരട്ടിയിലധികമായെന്ന് വ്യക്തം. അതേസമയം വാര്‍ഷിക റിട്ടേണ്‍ 10.88 ശതമാനമാണ്. 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 2.30 ലക്ഷം രൂപ ലഭിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് 2.5 ശതമാനം പലിശയും ലഭിക്കുന്നുണ്ട്. ഇത് കണക്കാതെയുള്ള റിട്ടേണാണിത്.
എങ്ങനെ നിക്ഷേപിക്കാം
കേന്ദ്ര സർക്കാറിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യു ചെയ്യുന്നത്. എല്ലാ സാമ്പത്തിക വർഷവും ഒന്നിലധികം തവണ സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യൂ ചെയ്യുന്നുണ്ട്. നിലവിൽ ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വർഷത്തിൽ 4 കിലോ സ്വർണത്തിൽ വരെ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രമാണ്.
ഓൺലൈൻ വഴിയും ബാങ്കുകൾ വഴിയും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴിയും സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം. ഓൺലൈനായി നിക്ഷേപിക്കുമ്പോൾ യൂണിറ്റിന് 50 രൂപ ഇളവ് ലഭിക്കും. സര്‍ട്ടിഫിക്കറ്റായോ ഡിജിറ്റലായി ഡീമാറ്റ് അക്കൗണ്ടിലോ ബോണ്ടുകൾ സൂക്ഷിക്കാനാകും.
ദീർഘകാല നിക്ഷേപത്തിന് നോക്കാം
സ്വർണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതവും കൂടുതൽ ഫലപ്രദവുമായ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്. സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപങ്ങളുടെ കാലാവധി 8 വർഷമാണ്. 5 വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാനുള്ള ഓപ്ഷനും ഉണ്ട്. ദീർഘകാല നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ പരിഗണിക്കുമ്പോൾ ആഭരണങ്ങളായോ നാണയങ്ങളായോ ഭൗതിക സ്വർണം വാങ്ങുന്നതിനേക്കാൾ മികച്ച ഓപ്ഷനാണിത്.
സബ്സ്ക്രിപ്ഷൻ സമയത്തിന് മുൻപ് നിശ്ചിത ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് സേവറിന്‍ ഗോള്‍ഡ് ബോണ്ടിൽ വില നിശ്ചയിക്കുന്നത്. റിഡെംഷൻ വിലയും ഇതേ രീതിയിൽ കണക്കാക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് 2.5 ശതമാനം വാർഷിക റിട്ടേൺ നൽകുമെന്നു എന്നതാണ് മറ്റു സ്വർണ നിക്ഷേപങ്ങളിൽ നിന്ന് സോവറിൻ ഗോൾഡ് ബോണ്ടിനുള്ള വ്യത്യാസം. കാലാവധിയോളം നിക്ഷേപം തുടർന്നാൽ ലഭിക്കുന്ന റിട്ടേണിന് നികുതി നൽകേണ്ടതില്ല. അതേസമയം പലിശ വരുമാനത്തിന് നികുതി നൽകണം.


Click it and Unblock the Notifications