രാജ്യത്ത് വിപണി മൂല്യത്തില്‍ ഏറ്റവും വലിയതും ഓയില്‍ മുതല്‍ കെമിക്കല്‍സ് വരെയുള്ള വിഭാഗങ്ങളിലായി പടര്‍ന്നു പന്തലിച്ച വ്യവസായ സാമ്രാജ്യവുമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 22.5 ശതമാനം വര്‍ധനയോടെ 16,203 കോടിയിലേക്ക് ഉയര്‍ന്നു. ആകെ വരുമാനം 36.8 ശതമാനം വര്‍ധിച്ച് 2.11 ലക്ഷം കോടിയുമായി. പ്രതിയോഹരി 8 രൂപ വീതം ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു.
അതേസമയം, റിലയന്‍സിന്റെ 2021- 22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആകെ വരുമാനം 7.92 ലക്ഷം കോടി അഥവാ 104.6 ബില്യന്‍ യുഎസ് ഡോളറാണ്. ഇതോടെ വാര്‍ഷിക വരുമാനം 100 ബില്യന്‍ ഡോളര്‍ എന്ന നാഴികക്കല്ല് താണ്ടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കി.
എന്നാല്‍ കമ്പനിയുടെ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലത്തെ കുറിച്ച് അനലിസ്റ്റുകളുടെ ഇടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ റിലയന്‍സിന്റെ അറ്റാദായം 17,617 കോടിയും വരുമാനം 2.15 ലക്ഷം കോടിയുമാകും എന്നുമായിരുന്നു അനുമാനം. അതിനാല്‍ പ്രതീക്ഷിച്ചതിലും താഴെയുള്ള പ്രകടനമായതിനാല്‍ തിങ്കളാഴ്ചത്തെ വ്യാപാരം നിര്‍ണായകമാവും. ഇതിനിടെ റിലയന്‍സിന്റെ പ്രവര്‍ത്തന ഫലവുമായി ബന്ധപ്പെട്ട നിര്‍ണായകമായ 8 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
വീണ്ടും റെക്കോഡ്
100 ബില്യന്‍ ഡോളര്‍ വാര്‍ഷിക വരുമാനം നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടത്തിനുടമയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 7,92,756 കോടി രൂപ അഥവാ 104.6 ബില്യന്‍ യുഎസ് ഡോളറാണ്. ഇതേ കാലയളവിലെ കമ്പനിയുടെ ആകെ പ്രവര്‍ത്തന ലാഭം 1,25,687 കോടി രൂപ അഥവാ 16.6 ബില്ല്യന്‍ ഡോളറാണ്. ഇതില്‍ 28.8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവിരിച്ചത്. അതേസമയം റിലയന്‍സിന്റെ വാര്‍ഷിക സംയോജിത അറ്റാദായം 67,845 കോടി അഥവാ 9 ബില്യന്‍ ഡോളറായും ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 26.2 ശതമാനം വര്‍ധനയാണിത്.
മികച്ച നേട്ടം
- റിലയന്‍സിന്റെ റീട്ടെയില്‍ വിഭാഗത്തിന്റെ വാര്‍ഷിക വരുമാനം 2,00,000 കോടിയോളമാണ്. ഇതിന്റെ പ്രവര്‍ത്തന ലാഭം 12,423 കോടിയാണ്. ഇവ റീട്ടെയില്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണ്.
- ഡിജിറ്റല്‍ സര്‍വീസ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 1,00,000 കോടിയെന്ന നാഴികക്കല്ലും ഇത്തവണ പിന്നിട്ടു. ഡിജിറ്റല്‍ വിഭാഗത്തിലെ വാര്‍ഷിക പ്രവര്‍ത്തന ലാഭം 40,268 കോടിയാണ്.
- ഓയില്‍ & ഗ്യാസ് വിഭാഗത്തില്‍ നിന്നുള്ള പ്രവര്‍ത്തന ലാഭം 5,457 കോടി രൂപയാണ്. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്.
ജിയോ
ടെലികോം കമ്പനികളുടെ നിര്‍ണായക വിലയിരുത്തല്‍ ഘടകമായ അര്‍പു (ARPU) അഥവാ വരിക്കാരില്‍ നിന്നുള്ള ശരാശരി വരുമാനം, റിലയന്‍സ് ജിയോയുടേത് മാര്‍ച്ച് പാദത്തില്‍ 167.60 രൂപ നിരക്കിലേക്ക് ഉയര്‍ന്നു. ഡിസംബര്‍ പാദത്തില്‍ അര്‍പു 151.60 രൂപ നിരക്കിലായിരുന്നു. പാദാനുപാദത്തില്‍ 16 രൂപ അഥവാ 10.5 ശതമാനം വര്‍ധനയാണിത്.
പ്രധാന എതിരാളിയായ ഭാരതി എയര്‍ടെല്ലിന്റെ ഡിസംബര്‍ പാദത്തിലെ അര്‍പു 163 നിരക്കിലായിരുന്നു. അതിനാല്‍ താരിഫ് വര്‍ധന നടപ്പാക്കിയതും ഇനിയും സാമ്പത്തിക ഫലം പ്രഖ്യാപിക്കാനുമുള്ള എയര്‍ടെല്ലിന്റെ അര്‍പു നിരക്കും മാര്‍ച്ച് പാദത്തില്‍ ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം. ഇതോടെ പ്രധാന എതിരാളികള്‍ തമ്മിലുളള അര്‍പു നിരക്കിലെ വിടവ് എങ്ങനെ നികത്തുമെന്നത് ആകാംക്ഷയോടെ വിപണി വീക്ഷിക്കുന്ന ഘടകമാകും.
ഡാറ്റ വിനിയോഗം
ജിയോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്റര്‍നെറ്റ് ഡാറ്റ വിനിയോഗമാണ് മാര്‍ച്ച് പാദത്തില്‍ ഉണ്ടായതെന്ന് കമ്പനിയുടെ പ്രവര്‍ത്തന ഫലത്തില്‍ ചൂണ്ടിക്കാണിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 47.5 ശതമാനം വര്‍ധനയോടെ ജനുവരി- മാര്‍ച്ച് കാലയളവിലെ ഡാറ്റായുടെ ഉപയോഗം 2,460 കോടി ജിബിയായി ഉയര്‍ന്നു. കമ്പനിയുടെ 41.2 കോടി വരിക്കാര്‍ ശരാശരി 19.7 ജിബി ഡാറ്റ വീതമാണ് ഇക്കാലയളവില്‍ ഉപയോഗിച്ചത്. സമാനമായി വോയിസ് കോളുകളുടെ ദൈര്‍ഘ്യം 1.2 ലക്ഷം കോടി മിനിറ്റുകളായി വര്‍ധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 16.8 ശതമാനം വര്‍ധനയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. വരിക്കാരുടെ ശരാശരി വോയിസ് കോള്‍ വിനിയോഗം 968 മിനിറ്റുകളാണ്.
ജിയോ ഫൈബര്‍
പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാന്‍ഡ് സേവന ദാതാവായി റിലയന്‍സ് ജിയോ മാറിയെന്ന് കമ്പനി അവകാശപ്പെട്ടു. ഫൈബര്‍ ടു ഹോം (FTTH) വിഭാഗത്തില്‍ 60 ലക്ഷം കണക്ഷന്‍ കേന്ദ്രങ്ങളോടെ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായെന്നും അറിയിച്ചു. ഈ വിഭാഗത്തിലെ വരിക്കാര്‍ ശരാശരി 5 മണിക്കൂര്‍ സെറ്റ്-ടോപ്- ബോക്‌സ് ഉപയോഗിക്കുന്നുണ്ട്.
കയറ്റുമതി ഉയര്‍ന്നു
ഉക്രൈന്‍ യുദ്ധത്തോടെ റഷ്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ യൂറോപ്പിന് ആവശ്യമായ ഇന്ധനത്തിന്റെ ഒരുഭാഗം എത്തിച്ചു കൊടുത്തതിലൂടെ മികച്ച അവസരമാണ് തെളിഞ്ഞത്. ഇതോടെ കമ്പനിയുടെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 70.6 ശതമാനം വര്‍ധനയോടെ 79,188 കോടിയായി ഉയര്‍ന്നു.
15,000 സ്റ്റോറുകള്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗം കമ്പനി സ്റ്റോറുകളുടെ ശൃംഖല അതിവേഗം വര്‍ധിപ്പിക്കുകയാണ്. മാര്‍ച്ച് പാദത്തില്‍ 793 റീട്ടെയില്‍ സ്റ്റോറുകള്‍ കൂടി തുറന്നതോടെ റിലയന്‍സ് റീട്ടെയിലിന് കീഴില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്‌റ്റോറുകളുടെ എണ്ണം 15,196 ആയി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 2,500-ലധികം സ്റ്റോറുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഇതോടെ പ്രവര്‍ത്തിക്കുന്ന ഷോറൂമുകളുടെ ആകെ വിസ്തൃതി 4.16 കോടി ചതുരശ്ര അടിയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം പുതിയതായി 78 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രവര്‍ത്തനം കൂട്ടിച്ചേര്‍ത്തത്. ഇതിലൂടെ 1.50 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 3.61 ലക്ഷമായും ഉയര്‍ന്നു.
ജിഗാ ഫാക്ടറീസ്
റിലയന്‍സ് ഏറ്റവുമൊടുവിലായി രംഗപ്രവേശം ചെയ്ത പുനരുപയോഗ ഊര്‍ജ മേഖലയിലെ കമ്പനിയുടെ പരിപൂര്‍ണ വിശദാംശങ്ങള്‍ ഇത്തവണത്തെ സാമ്പത്തിക ഫലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും പ്രഖ്യാപിച്ച പദ്ധതികളുടെ ഇതുവരെയുള്ള നിര്‍മാണത്തിലും വികസനത്തിലും താന്‍ പൂര്‍ണ തൃപ്തനാണെന്ന റിലയന്‍സ് ചെയര്‍മാന്‍ & എംഡിയായ മുകേഷ് അംബാനി വ്യക്തമാക്കി. ഗുജറാത്തിലെ ജാംനഗറില്‍ 5,000 ഏക്കര്‍ ഭൂമിയിലാണ് ന്യൂ എനര്‍ജി ജിഗാ ഫാക്ടറീസ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ വര്‍ധിക്കുന്ന ആവശ്യകത നേരിടുന്നതിനും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഊര്‍ജ പരിഹാരമായിരിക്കും റിലയന്‍സ് കെട്ടിപ്പടുക്കുന്നതെന്നും മുകേഷ് അംബാനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ഗ്രീന്‍ എനര്‍ജി മേഖലയില്‍ 75,000 കോടിയുടെ ബൃഹദ് പദ്ധതികള്‍ റിലയന്‍സ് പ്രഖ്യാപിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications