ഫെബ്രുവരിയിൽ റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണ വില ഒരു ബ്രേക്കെടുത്തിരുന്നു. ഇതിന് ശേഷം മാർച്ചിൽ വീണ്ടും ഉയരാൻ തുടങ്ങിയിരിക്കുയാണ് സ്വർണവില. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് തിങ്കാളാഴ്ച ഗ്രാമിന് 5,245 രൂപയും പവന് 41,960 രൂപയുമാണ് സ്വർണവില.
മൂന്ന് ദിവസം കൊണ്ട് പവന് 840 രൂപ വർധിച്ചു. സ്വർണ വില ഉയരുമ്പോൾ സ്വർണം പണയം വെയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും നേട്ടമുണ്ട്. കയ്യിലുള്ള സ്വർണം കൊണ്ട് ഉയർന്ന നേട്ടമുണ്ടാക്കാൻ ഈ സമയത്ത് സാധിക്കും. ഇതിന് സഹായിക്കുന്ന ഘടകങ്ങളും വിവിധ ബാങ്കുകളിലെ പലിശ നിരക്കും നോക്കാം.
ഏതൊക്കെ സ്വർണം ഈടായി സ്വീകരിക്കും
സ്വർണം ഈട് നൽകിയാണ് വായ്പയെടുക്കുന്നത് എന്നതിനാൽ ഒരു സെക്യൂർഡ് വായ്പയാണിത്. 18 നും 22 കാരറ്റിനും ഇടയിലുള്ള സ്വർണാഭരണങ്ങളും ബാങ്ക് ഇഷ്യൂ ചെയ്യുന്ന സ്വർണ നാണയങ്ങളും മാത്രമാണ് വായ്പയ്ക്ക് ഈടായി നൽകാൻ സാധിക്കുകയുള്ളൂ. ഒരു വ്യക്തിക്ക് 50 ഗ്രാം നാണയം വരെ മാത്രമെ ഈട് നൽകാൻ സാധിക്കുകയുള്ളൂ.
കൊട്ടക് മഹീന്ദ്ര ബാങ്ക് വെബ്‌സൈറ്റ് പ്രകാരം, ഹെയർ പിന്നുകൾ, കഫ്‌ലിങ്കുകൾ, സ്വർണ വാച്ച്, സ്വർണ സ്‌ട്രാപ്പ്, സ്വർണ വിഗ്രഹങ്ങൾ, വജ്രാഭരണങ്ങൾ, സ്വർണ കട്ടികൾ എന്നിവ വായ്പയ്ക്ക് ഈടായി സ്വീകരിക്കാൻ സാധിക്കില്ല.
സ്വർണ വായ്പ പരിധി
സ്വർണ വായ്പ പരിധി ബാങ്ക്, ഉപഭോക്താവ് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും. ഈടായി നൽകുന്ന സ്വർണത്തിന്റെ പരിശുദ്ധി, ഭാരം എന്നിവ വായ്പ തുകയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കുറഞ്ഞ വായപ തുകയായി 20,000 രൂപയും പരമാവധി 1.50 ലക്ഷം രൂപ വരെയും ഉപഭോക്താവിന് ബാങ്കിൽ നിന്ന് ലഭിക്കും. സാധാരണ ഗതിയിൽ ലോൺ ടു വാല്യു റേഷ്യോ ആണ് സ്വർണ പണയത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്. ഇത് 65 ശതമാനം മുതൽ 75 ശതമാനം വരെയാണ്.
വേഗത്തിൽ ലഭിക്കുമോ
എളുപ്പത്തിൽ ലഭിക്കുന്നു എന്നത് തന്നെയാണ് സ്വർണ പണയ വായ്പകളെ ആകർഷിക്കുന്നത്. ഓരോ ബാങ്കിനെ ആശ്രയിച്ചും സമയ പരിധി വ്യത്യാസപ്പെടാം. ഏകദേശം 90 മുതൽ 120 മിനിറ്റിനുള്ളിൽ സ്വർണ വായ്പകൾ അനുവദിച്ച് കിട്ടും. വായ്പ തുക 25 ലക്ഷം രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ ഉപഭോക്താവ് ആധായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ പാൻ കാർഡ് നിർബന്ധമായും നൽകണം.
സ്വർണ വായ്പ പലിശ നിരക്ക്
സ്വർണം ഈട് നൽകിയാണ് വായ്പയെടുക്കുന്നത് എന്നതിനാൽ ഒരു സെക്യൂർഡ് വായ്പയാണിത്. ബാങ്കും വായ്പ തുകയും അനുസരിച്ച് വായ്പകളുടെ പലിശ നിരക്കുകൾ വ്യത്യാസപ്പെടും. സ്വർണ വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 10 ബാങ്കുകളെ നോക്കാം.
എച്ച്ഡിഎഫ്‌സി ബാങ്കില്‍ 7.20 ശതമാനം മുതല്‍ 11.35 ശതമാനം വരെയാണ് പലിശ നിരക്ക്. കൊട്ടക് മഹീന്ദ്ര ബാങ്കില്‍ 8 ശതമാനത്തിനും 17 ശതമാനത്തിനും ഇടയിലാണ് വായ്പ നിരക്ക്. 2 ശതമാനം പ്രൊസസിംഗ് ഫീസും ജിഎസ്ടിയും ഈടാക്കും. യൂണിയന്‍ ബാങ്കില്‍ 8.40 ശതമാനം മുതല്‍ 9.65 ശതമാനം വരെയാണ് പലിശ നിരക്ക്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 8.45 ശതമാനം മുതല്‍ 8.55 ശതമാനം വരെ പലിശ നിരക്കിലാണ് സ്വർണ വായ്പ നല്‍കുന്നത്. വായ്പ തുകയുടെ 0.50 ശതമാനം പ്രൊസസിംഗ് ഫീസുണ്ട്. യൂക്കോ ബാങ്കിൽ 8.50 ശതമാനമാണ് പലിശ നിരക്ക്. 250 രൂപ മുതല്‍ 5,000 രൂപ വരെ പ്രൊസസിംഗ് ഫീസ് ഈടാക്കും. എസ്ബിഐയില്‍ 8.55 ശതമാനമാണ് പലിശ നിരക്ക്. 0.50 ശതമാനം പ്രൊസസിംഗ് ഫീസും ജിഎസ്ടിയും നൽകണം.
8.75 ശതമാനം മുതൽ 16 ശതമാനം വരെയാണ് ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ പണയ വായ്പയ്ക്ക് നൽകുന്ന പലിശ നിരക്ക്. 1 ശതമാനം പ്രൊസസിംഗ് ഫീസ് നൽകണം. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 8.85 ശതമാനം പലിശ നിരക്കിലാണ് സ്വർണ പണയ വായ്പ നൽകുന്നത്. 500 രൂപ മുതൽ 10,000 രൂപ വരെ പ്രോസസ്സിംഗ് ഫീസ് ഈടാക്കും.
ഫെഡറൽ ബാങ്കിൽ 8.89 ശതമാനം പലിശയാണ് സ്വർണ പണയ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. 9 ശതമാനം പലിശയാണ് പഞ്ചാബ് നാഷണൽ ബാങ്കിലെ പലിശ നിരക്ക്.


Click it and Unblock the Notifications