ഒരു കമ്പനിയുടെ ആദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികള്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. ഇത് പണമായോ കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ ആണ് സാധാരണ കമ്പനികള്‍ നല്‍കാറുളളത്. ലാഭവിഹിതം നല്‍കാനുള്ള തീരുമാനം അംഗീകരിക്കുമ്പോഴോ അല്ലെങ്കില്‍ പ്രഖ്യാപനത്തിന്റെയോ 30 ദിവസത്തിനുള്ളിലാവും സാധാരണ ഗതിയില്‍ പണം ഓഹരി ഉടമകള്‍ക്ക് കൈമാറുക.
സ്പെഷ്യല്‍ ഡിവിഡന്റ്
ഓരോ സാമ്പത്തിക വര്‍ഷവും ആവര്‍ത്തിച്ചു നല്‍കുന്ന ലാഭവിഹിതത്തില്‍ നിന്നും വ്യത്യസ്തമായി ഒറ്റത്തവണയായി നല്‍കുന്ന പ്രതിയോഹരി വീതമാണ് സ്പെഷ്യല്‍ ഡിവിഡന്റ്. സാധാരണ നല്‍കുന്ന ലാഭവിഹിതത്തേക്കാള്‍ ഉയര്‍ന്ന തോതിലായിരിക്കും സ്പെഷ്യല്‍ ഡിവിഡന്റ് നല്‍കുക. കമ്പനി ആസ്തികള്‍ വില്‍ക്കുക, ഉപകമ്പനികള്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഘടനയില്‍ മാറ്റം വരുത്തുക, കുമിഞ്ഞുകൂടിയ കരുതല്‍ ശേഖരം, ഏതെങ്കിലും നേട്ടം, ഉയര്‍ന്ന വരുമാനം തുടങ്ങിയവ പോലുള്ള അവസരങ്ങളിലാണ് സ്പെഷ്യല്‍ ഡിവിഡന്റ് നല്‍കാറുണ്ട്. നിക്ഷേപകര്‍ക്ക് നേട്ടമാണെങ്കിലും ഓഹരി വിലയില്‍ താത്കാലിക ഇടിവുണ്ടാകാനും സാധ്യതയുണ്ട്. ചിലപ്പോഴൊക്കെ കമ്പനിയുടെ വളര്‍ച്ച സാധ്യത മങ്ങുകയാണെന്ന പ്രതീതിയും ഇത് സൃഷ്ടിക്കാം.
1) ക്രിസില്‍
റേറ്റിങ്, റിസര്‍ച്ച്, റിസ്‌ക് & പോളിസി അഡൈ്വസറി സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ വിവര അപഗ്രഥന കമ്പനിയാണ് ക്രിസില്‍ (BSE: 500092, NSE : CRISIL). പ്രശസ്ത അമേരിക്കന്‍ അനലിറ്റിക്കല്‍ കമ്പനിയായ എസ് & പി ഗ്ലോബലിന്റെ ഇന്ത്യയിലെ ഉപകമ്പനിയാണ്. 1988-ല്‍ ഐസിഐസിഐയും യുടിഐയും സംയുക്തമായി എസ്ബിഐ, എല്‍ഐസി, യുണൈറ്റഡ് ഇന്‍ഷുറന്‍സിന്റേയും മൂലധന പങ്കാളിത്തത്തോടെയുമാണ് ആരംഭിച്ചത്. 2005-ലാണ് എസ് & പി ഗ്ലോബല്‍ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തത്.
ആകെ ഡിവിഡന്റ് 24 രൂപ
അടുത്തിടെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായി 15 രൂപയും സ്‌പെഷ്യല്‍ ഡിവിഡന്റ് ഇനത്തില്‍ 7 രൂപയും നല്‍കുമെന്നാണ് അറിയിച്ചത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഏപ്രില്‍ 1-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഈ ലാഭവിഹിതവും ചേര്‍ത്ത് 2021 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 46 രൂപ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് ലഭിക്കും. ഇതിനോടകം മൂന്ന് ഇടക്കാല ലാഭവിഹിതമായി 24 രൂപ വിതരണം ചെയ്തിട്ടുണ്ട്.
2) സനോഫി ഇന്ത്യ
പ്രമുഖ ബഹുരാഷ്ട്ര ഫാര്‍മ കമ്പനിയാണ് സനോഫി ഇന്ത്യ (BSE: 500674, NSE: SANOFI). 1956-ലാണ് തുടക്കം. കമ്പനിയുടെ വേദന സംഹാരികളും അലര്‍ജി മരുന്നുകളും പ്രശസ്തമാണ്. ഇന്ത്യയിലെ പകുതി കുട്ടികള്‍ക്കും പോളിയോ വാക്സിന്‍ നല്‍കുന്നത് കമ്പനിയാണ്. 5000-ലധികം ജീവനക്കാരും 3 മരുന്ന് നിര്‍മാണ കേന്ദ്രങ്ങളും ഒരു ഗവേഷണ വികസന കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. 60-ഓളം രാജ്യങ്ങളിലേക്ക് വിവിധ മരുന്നുകളും ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. വിവധ വാക്സിനുകള്‍ക്ക് പുറമെ പ്രമേഹം, ഹൃദ്യോഗം, കാന്‍സര്‍, ത്രോബോസിസ്, ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും നിര്‍മിക്കുന്നു.
ആകെ ഡിവിഡന്റ് 490 രൂപ
ഡിസംബര്‍ പാദത്തിലെ ലഭവിഹിതവും സ്പെഷ്യല്‍ ഡിവിഡന്റുമാണ് അടുത്തിടെ പ്രഖ്യാപിച്ചത്. സാദാ ലാഭവിഹിത ഇനത്തില്‍ 181 രൂപയും കമ്പനിയുടെ ഒരുവിഭാഗം ബിസിനസ് കൈമാറിയതിന്റെ വീതമായി പ്രതിയോഹരി 309 രൂപ സ്പെഷ്യല്‍ ഡിവിഡന്റുമാണ് ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിനും ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 26-നാണ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം. ഇതില്‍ അംഗീകാരം കിട്ടിയാല്‍ മേയ് 4-ന് എക്സ്- ഡിവിഡന്റ് ഡേറ്റ് അടസ്ഥാനമാക്കി മേയ് 31-നകം ലാഭിവിഹിതം കൈമാറാനാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 365 രൂപയാണ് ലാഭവിഹിതമായി കമ്പനി നല്‍കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications