ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച്ചകളിലൊന്നാണ് 2020 മാര്‍ച്ചിലേത്. കാര്യം വിശദീകരിക്കേണ്ടതില്ലല്ലോ — കോവിഡുതന്നെ കാരണം. 2020 ഫെബ്രുവരി കാലത്ത് 42,270 പോയിന്റ് നിലയില്‍ താളം പിടിച്ച സെന്‍സെക്സ് സൂചിക മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ 25,630 പോയിന്റ് നിലവാരത്തിലേക്ക് കടപുഴകി. 40 ദിവസം കൊണ്ട് 39 ശതമാനം തകര്‍ച്ചയ്ക്കാണ് സെന്‍സെക്സ് സാക്ഷിയായത്.
എന്തായാലും അന്നത്തെ വീഴ്ച്ചയ്ക്ക് ശേഷം സ്വപ്നത്തേരോട്ടം വിപണി നടത്തി. 2021 ഒക്ടോബറില്‍ 62,245 പോയിന്റ് വരെയ്ക്കും കത്തിക്കയറാന്‍ സെന്‍സെക്സിന് സാധിച്ചു. ഒരുഭാഗത്ത് സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, കോവിഡ് വകഭേദങ്ങള്‍ എന്നീ ഘടകങ്ങള്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും കുറഞ്ഞ പലിശ നിരക്കിനെ തുടര്‍ന്ന് ലിക്വിഡിറ്റി വര്‍ധിച്ചത് വിപണിയുടെ കുതിപ്പിന് കരുത്തുപകര്‍ന്നു. ഈ അവസരത്തില്‍ 2020 മാര്‍ച്ചിലെ വീഴ്ച്ചയ്ക്ക് ശേഷം ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയ അഞ്ച് ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.
സാരേഗാമ
ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രകടനം അറിയിക്കുന്ന ഓഹരികളില്‍ ഒന്നാണ് സാരേഗാമ. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 1,864 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തു. രാജ്യത്തെ ഏറ്റവും വലുതും പഴക്കമേറിയതുമായ റെക്കോര്‍ഡിങ്, പബ്ലിഷിങ് കമ്പനിയാണിത്. 18 ഭാഷകളിലായി 1.3 ലക്ഷത്തിലധികം ഗാനങ്ങളുടെ മ്യൂസിക് ലൈബ്രറി ഇവര്‍ക്കുണ്ട്. കാരവാന് എന്ന ബ്രാന്‍ഡ് നാമത്തില്‍ ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ ആരംഭിച്ച സാരേഗാമ, 2017 -ല്‍ സിനിമകള്‍ നിര്‍മിക്കുന്നതിനായി യൂഡ്ലി ഫിലിംസ് എന്ന പ്രോഡക്ഷന്‍ ഹൗസും സ്ഥാപിച്ചു. ഒരു ദശാബ്ദത്തിലേറെ കനത്ത മ്യൂസിക് പൈറസിക്ക് ഇരയായതിന് ശേഷമായിരുന്നു കമ്പനിയുടെ അടിമുടി മാറ്റം.
കഴിഞ്ഞ 5 വര്‍ഷം കൊണ്ട് സാരേഗാമയുടെ വരുമാനം 15.3 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് (സിഎജിആര്‍) രേഖപ്പെടുത്തുന്നത്. കോവിഡ് കാലത്ത് കമ്പനിയുടെ കച്ചവടം പൂര്‍വാധികം ശക്തമായി. ഇക്കാലത്ത് ഡിജിറ്റല്‍ രംഗത്തെ ലൈസന്‍സിങ് ബിസിനസ് കരുത്തുറ്റ വളര്‍ച്ച കൈവരിച്ചു. സാരേഗാമയുടെ ലാഭവളര്‍ച്ചയും ഒട്ടും മോശമല്ല. 5 വര്‍ഷം കൊണ്ട് ലാഭത്തില്‍ 67.3 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കാണാം. കമ്പനിക്ക് കടബാധ്യതയില്ല. ഒപ്പം പോസിറ്റീവ് പണമൊഴുക്ക് മെച്ചപ്പെട്ട ലിക്വിഡിറ്റി സൂചിപ്പിക്കുന്നു.
മുന്നോട്ട് ബിസിനസ് വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിടുകയാണെങ്കില്‍ ഫണ്ടുകള്‍ക്കായി പുറമെയുള്ള ആരെയും ആശ്രയിക്കേണ്ട ആവശ്യം സാരേഗാമയ്ക്കില്ല. വെള്ളിയാഴ്ച്ച 4,400.20 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. 2020 മാര്‍ച്ച് കാലത്ത് 199 രൂപ വരെയ്ക്കും സാരേഗാമ വീണിരുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 5,505.85 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,450 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 55.02. ഡിവിഡന്റ് യീല്‍ഡ് 0.47 ശതമാനം.
അദാനി ടോട്ടല്‍ ഗ്യാസ്
ഇന്ത്യയിലെ ഏറ്റവും വലിയ വാതക വിതരണ കമ്പനിയാണ് അദാനി ടോട്ടല്‍ ഗ്യാസ്. 2020 മാര്‍ച്ചിലെ വീഴ്ച്ചയ്ക്ക് ശേഷം 1,600 ശതമാനത്തിലേറെ നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. പേരുസൂചിപ്പിക്കുന്നതുപോലെ ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കായി പ്രകൃതി വാതകങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതുമാണ് അദാനി ടോട്ടല്‍ ഗ്യാസിന്റെ പ്രധാന ബിസിനസ്. പൈപ്പ് ശൃഖല വഴിയും സിലിണ്ടറുകള്‍ വഴിയും ഗ്യാസ് വിതരണം കമ്പനി നടത്തുന്നു. ഫ്രാന്‍സിലെ ടോട്ടല്‍ ഗ്രൂപ്പുമായുള്ള സഹകരണത്തോടെ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ അടിയുറച്ച വിതരണ ശൃഖല അദാനി ടോട്ടല്‍ ഗ്യാസിനുണ്ട്.
കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കമ്പനിയുടെ വരുമാനം 9.1 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് അറിയിക്കുന്നത്. ഇക്കാലയളവില്‍ ലാഭവളര്‍ച്ച 36.1 ശതമാനവും രേഖപ്പെടുത്തുന്നു. കൂടുതല്‍ നഗരങ്ങളില്‍ ചുവടുറപ്പിക്കാനുള്ള പുറപ്പാടിലാണ് അദാനി ടോട്ടല്‍ ഗ്യാസ്. ഇതിനകം പുതിയ 29 നഗരങ്ങളില്‍ വാതക വിതരണം തുടങ്ങാനുള്ള അനുമതി കമ്പനി നേടിക്കഴിഞ്ഞു.
ഇതേസമയം, പുതിയ നഗരങ്ങളില്‍ വിതരണ പൈപ്പ്ലൈനുകള് സ്ഥാപിക്കണമെങ്കില്‍ 50-55 ബില്യണ്‍ രൂപയുടെ മൂലധന ചെലവുണ്ട്. ഇതിനായി കടവും ഇക്വിറ്റിയും ഇടകലര്‍ത്തി ധനസമാഹരണം നടത്താനാണ് അദാനി ടോട്ടല്‍ ഗ്യാസിന്റെ ആലോചന. നിലവില്‍ കണക്കുപുസ്തകത്തില്‍ ഉയര്‍ന്ന കടബാധ്യതകളും അപര്യാപ്തമായ പണമൊഴുക്കും അപായമണി മുഴക്കുന്നുണ്ട്. വിപുലീകരണ പദ്ധതികള്‍ക്കായി കടമെടുക്കവെ പലിശ നിരക്കുകള്‍ വര്‍ധിച്ചാല്‍ കമ്പനിയുടെ ഭാരം കൂടുതല്‍ വര്‍ധിക്കും.
വെള്ളിയാഴ്ച്ച 2,055 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. 2021 ജനുവരിയില്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച സമയത്ത് 359 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,069 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 774.95 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 394.81. ഡിവിഡന്റ് യീല്‍ഡ് 0.012 ശതമാനം.
അദാനി ഗ്രീന്‍ എനര്‍ജി
ഇന്ത്യയിലെ ഏറ്റവും വലിയ റീന്യുവബിള്‍ എനര്‍ജി കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 1,459 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തിട്ടുണ്ട്. സൗരോജ്ജം, വായു മുതലായ പുനരുപയോഗിക്കാവുന്ന മാര്‍ഗങ്ങളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബിസിനസിലാണ് അദാനി ഗ്രീന്‍ എനര്‍ജി പ്രധാനമായും ഏര്‍പ്പെടുന്നത്. ഇതിന് പുറമെ സൗരോര്‍ജ്ജ, കാറ്റാടി ഫാം പദ്ധതികളും കമ്പനി ഏറ്റെടുക്കാറുണ്ട്. നിലവില്‍ 19,340 മെഗാവാട്ടിന്റെ വൈദ്യുത ഉത്പാദന ശേഷി അദാനി ഗ്രീന്‍ എനര്‍ജിക്കുണ്ട്.
ഇന്ത്യയിലുടനീളം വൈദ്യുതി വിതരണത്തിനായി 20,000 -ത്തില്പ്പരമുള്ള വെന്ടര് ബേസും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് അദാനി ഗ്രീന്‍ എനര്‍ജിയുടെ വരുമാനം 41 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് അറിയിക്കുന്നത്. ഇക്കാലയളവില്‍ ലാഭവളര്‍ച്ച 30 ശതമാനവും രേഖപ്പെടുത്തുന്നു. ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് വിപുലീകരണങ്ങള്‍ വഴി ഊര്‍ജ്ജോത്പാദന ശേഷി കൂട്ടാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രീന്‍ എനര്‍ജി ഇപ്പോള്‍.
ഹോള്‍ഡിങ് കമ്പനികള്‍, കടപ്പത്രങ്ങള്‍, വിദേശ കറന്‍സി വായ്പകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കടമെടുത്താണ് അദാനി ഗ്രീന്‍ എനര്‍ജി മൂലധന പദ്ധതികള്‍ക്കായി ധനസമാഹരണം നടത്തുന്നത്. നടപ്പു വര്‍ഷം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടാനിരിക്കെ കമ്പനിക്ക് മേല്‍ ഉയര്‍ന്ന സമ്മര്‍ദ്ദം രൂപപ്പെടാം. കാരണം 2021 -ല്‍ പോസിറ്റീവ് പണമൊഴുക്ക് കണ്ടെത്താന്‍ അദാനി ഗ്രീന്‍ എനര്‍ജിക്ക് സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച്ച 1,928.10 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. 2020 മാര്‍ച്ച് കാലത്ത് 123 രൂപയായിരുന്നു അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,125 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 874.80 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 724.19.
അദാനി എന്റര്‍പ്രൈസസ്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും വലിയ ബിസിനസ് ഇന്‍കുബേറ്റര്‍ കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 1,250 ശതമാനത്തിലേറെ ആദായം അദാനി എന്റര്‍പ്രൈസസ് ഓഹരികളില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങള്‍, ഗതാഗതം, ലോജിസ്റ്റിക്സ്, യൂട്ടിലിറ്റി പോലുള്ള തന്ത്രപ്രധാന സെഗ്മന്റുകളില്‍ പുതിയ ബിസിനസുകള്‍ സ്ഥാപിക്കുന്നതിലാണ് അദാനി എന്റര്‍പ്രൈസസ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഖനനം, സോളാര്‍ നിര്‍മാണം, വിമാനത്താവളങ്ങള്‍, ഭക്ഷ്യ എണ്ണ, പ്രതിരോധം, വ്യോമയാനം തുടങ്ങിയ രംഗങ്ങളിലും കമ്പനി സാന്നിധ്യമറിയിക്കുന്നുണ്ട്. സമീപകാലത്ത് ഡാറ്റ സെന്ററുകള്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ എന്നീ പുതിയ മേച്ചില്‍പ്പുറങ്ങളിലും അദാനി എന്റര്‍പ്രൈസസ് കണ്ണെത്തിക്കുകയാണ്.
കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കമ്പനിയുടെ വരുമാനം 1.2 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇക്കാലയളവില്‍ ലാഭം 1.6 ശതമാനം ഇടിയുകയും ചെയ്തു. അടുത്തിടെ മുന്‍പരിചയമില്ലാത്ത ഒന്നിലധികം ബിസിനസുകളില്‍ അദാനി എന്റര്‍പ്രൈസസ് പ്രവേശിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ നിര്‍വഹണത്തിനായി അടുത്ത 2 വര്‍ഷത്തിനകം 250 ബില്യണ്‍ ഡോളറിന്റെ മൂലധന ചിലവുകള്‍ കമ്പനി നടത്തും. പ്രത്യക്ഷവും പരോക്ഷവുമായ കടത്തിലൂടെ ധനസമാഹരണം നടത്താനാണ് അദാനി എന്റര്‍പ്രൈസസിന്റെ ആലോചന.
നിലവില്‍ കണക്കുപുസ്തകത്തില്‍ 160 ബില്യണ്‍ രൂപയുടെ കടം കമ്പനിക്കുണ്ട്. പുതിയ ബിസിനസുകള്‍ക്കായി കടമെടുക്കുന്ന സാഹചര്യം അദാനി എന്റര്‍പ്രൈസസിന്റെ ബാധ്യതകളും പലിശ ചെലവുകളും ഗണ്യമായി കൂട്ടും. വിപുലീകരണ പദ്ധതികള്‍ക്കായി മൂലധനം സമാഹരിക്കാന്‍ വേണ്ടി പ്രമോട്ടര്‍മാര്‍ ഇതിനകം കമ്പനിയുടെ 4 ശതമാനം ഓഹരികള്‍ പണയം വെച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച 1,865.35 രൂപയിലാണ് അദാനി എന്റര്‍പ്രൈസസ് ഓഹരി വ്യാപാരം നിര്‍ത്തിയത്. 2020 മാര്‍ച്ച് കാലത്ത് 128 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,908.50 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 977 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 290.53. ഡിവിഡന്റ് യീല്‍ഡ് 0.054 ശതമാനം.
അദാനി ട്രാന്സ്മിഷന്
ഇന്ത്യയിലെ പ്രമുഖ പവര്‍ ട്രാന്സ്മിഷന് കമ്പനിയാണ് അദാനി ട്രാന്സ്മിഷന്. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 1,250 ശതമാനം ഉയര്‍ച്ചയാണ് സ്റ്റോക്ക് കയ്യടക്കുന്നത്. അനുബന്ധ സ്ഥാപനങ്ങളുമായി സഹകരിച്ച് ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉത്പാദനവും വിതരണവും അദാനി ട്രാന്സ്മിഷന് നടത്തുന്നുണ്ട്. നിലവില്‍ 18,500 കിലോമീറ്റര്‍ നീളുന്ന ട്രാന്സ്മിഷന് ശൃഖല കമ്പനിക്കുണ്ട്. 20,400 മെഗാവോള്‍ട്ട് ആംപിയര്‍ പവര്‍ ട്രാന്സ്ഫോര്മേഷന് ശേഷിയും കമ്പനി അവകാശപ്പെടുന്നു.
ട്രാന്സ്മിഷന് ബിസിനസിലെ പുരോഗതി മുന്‍നിര്‍ത്തി കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 30.7 ശതമാനം വരുമാന വളര്‍ച്ചയാണ് അദാനി ട്രാന്സ്മിഷന് അറിയിക്കുന്നത്. ഇക്കാലയളവില്‍ ലാഭം 25.3 ശതമാനവും ഉയര്‍ന്നു. 2022 അവസാനത്തോടെ 20,000 സര്‍ക്യൂട്ട് കിലോമീറ്റര്‍ ട്രാന്സ്മിഷന് ശൃഖല പൂര്‍ത്തീകരിക്കുകയാണ് കമ്പനി പ്രഥമ ലക്ഷ്യം. ഇതിനായി 14-15 ബില്യണ്‍ രൂപയുടെ ചെലവുണ്ട്. വെള്ളിയാഴ്ച്ച 2,427 രൂപയിലാണ് അദാനി ട്രാന്സ്മിഷന് ഓഹരി വ്യാപാരം നിര്‍ത്തിയത്. 2020 മാര്‍ച്ച് കാലത്ത് 177 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,464.30 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 821.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 219.97.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications