സ്ഥിര നിക്ഷേപങ്ങൾ പോലെ റിക്കറിംഗ് ഡെപ്പോസിറ്റുകളോടും നിക്ഷേപകർക്ക് പ്രത്യേക താത്പര്യമുണ്ട്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കാൻ സാധിക്കുന്ന ചെറുകിട നിക്ഷേപ പദ്ധതിയാണ്. നിരവധി ബാങ്കുകളും എൻബിഎഫ്സികളും ആർഡിയെ പ്രോത്സാപ്പിക്കുന്നുണ്ട്. അത്തരത്തിൽ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ഒരു കിടിലൻ ആർഡി സ്കീമാണ് എസ്ബിഐ ഹർ ഘർ ലഖ്പതി സ്കീം.
എല്ലാ വീട്ടിലും ലക്ഷപ്രഭുക്കളെ സൃഷ്ടിക്കുക എന്നതാണ് ഈ സ്കീമിൻ്റെ ലക്ഷ്യം. നിക്ഷേപകർക്ക് 1 ലക്ഷം രൂപയോ അതിൽ കൂടുതലോ സമ്പാദിക്കാൻ ഈ പദ്ധതി അനുവദിക്കുന്നു. നിക്ഷേപകൻ്റെ താത്പര്യത്തിന് അനുസരിച്ച് കാലാവധി തിരഞ്ഞെടുക്കാൻ സാധിക്കും എന്നതും ഈ സ്കീമിൻ്റെ പ്രത്യേകതയാണ്. എന്നാൽ നിക്ഷേപത്തിൻ്റെ കാലാവധി 3 മുതൽ 10 വർഷം വരെയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ഹർ ഘർ ലഖ്പതി സ്കീമിൻ്റെ പലിശ നിരക്ക് അറിയണ്ടേ..? സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരൻമാർക്കും ആകർഷകമായ പലിശ നിരക്കാണ് ഈ സ്കീം നൽകുന്നത്.
എസ്‌ബിഐ ലഖ്പതി ആർഡിയിൽ ആർക്കെല്ലാം നിക്ഷേപിക്കാം?
ഇന്ത്യയിലെ സ്ഥിര താമസക്കാരായ പ്രായപൂർത്തിയായ പൗരൻമാർക്ക് ഇവിടെ നിക്ഷേപിക്കാം.
നിങ്ങൾക്ക് സിംഗിൾ അക്കൗണ്ടും ജോയിൻ്റ് അക്കൗണ്ടും ആരംഭിക്കാം.
നിങ്ങൾ 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ മാതാപിതാക്കളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാം.
എസ്‌ബിഐ ലഖ്പതി ആർഡി: സാധാരണ പൗരന്മാർക്കുള്ള പുതുക്കിയ പലിശ നിരക്കുകൾ
- 3 വർഷത്തെയും 4 വർഷത്തെയും ആർഡി കാലാവധികൾക്ക് 6.55 ശതമാനം പലിശ ഉറപ്പാക്കാം.
- 5 മുതൽ 10 വർഷം വരെയുള്ള ആർഡി കാലാവധികൾക്ക് 6.30 ശതമാനം പലിശ സ്വന്തമാക്കാം.

എസ്ബിഐ ലഖ്പതി ആർഡി: മുതിർന്ന പൗരന്മാർക്കുള്ള പുതുക്കിയ പലിശ നിരക്കുകൾ
- 3 വർഷവും 4 വർഷവും കാലാവധിയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശ ഉറപ്പാക്കാം.
- 5 മുതൽ 10 വർഷം വരെയുള്ള ആർഡി നിക്ഷേപ കാലാവധിയിൽ 7 ശതമാനം പലിശ ലഭിക്കും.
3 വർഷം മുതൽ 5 വർഷം വരെയുള്ള കാലാവധിയിൽ ആർഡി നിക്ഷേപത്തിലൂടെ 1 ലക്ഷം സമ്പാദിക്കണമെങ്കിൽ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കേണ്ടി വരും? ഓരോ കാലാവധിയിലും നിക്ഷേപിക്കുന്ന തുക അറിയാം...
3 വർഷത്തിനുള്ളിൽ ഒരു ലക്ഷം രൂപ സമ്പാദിക്കാം?
മൂന്ന് വർഷത്തെ കാലാവധിയിൽ ഒരു ലക്ഷം രൂപ എങ്ങനെ സമ്പാദിക്കാം? സാധാരണ നിക്ഷേപകർ 3 വർഷത്തേക്ക് പ്രതിമാസം 2,510 രൂപ നിക്ഷേപിക്കേണ്ടി വരും. എന്നാൽ ഇതേ കാലാവധിയിൽ മുതിർന്ന പൗരൻമാർക്ക് പ്രതിമാസം നിക്ഷേപിക്കേണ്ടി വരുന്നത് 2,500 രൂപയാണ്.
4 വർഷത്തിനുള്ളിൽ 1 ലക്ഷം രൂപ സമ്പാദിക്കാൻ എത്ര രൂപ പ്രതിമാസം നിക്ഷേപിക്കണം?
നാല് വർഷത്തിനുള്ളിൽ ഒരു ലക്ഷം രൂപ ഉറപ്പാക്കാൻ സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരൻമാർക്കും വ്യത്യസ്ത നിക്ഷേപ തുകയായിരിക്കും. നാല് വർഷത്തേക്ക് ഒരു സാധാരണ പൗരന് പ്രതിമാസം 1,820 രൂപ നിക്ഷേപിച്ചാൽ ഈ കാലാവധിക്കുള്ളിൽ 1 ലക്ഷം സ്വന്തമാക്കാം. മറു വശത്ത് ഒരു മുതിർന്ന പൗരൻ 4 വർഷത്തേക്ക് പ്രതിമാസം 1,810 രൂപ നിക്ഷേപിച്ചാൽ 1 ലക്ഷം ഉറപ്പാക്കാം.
5 വർഷത്തിനുള്ളിൽ 1 ലക്ഷം രൂപ ലഭിക്കാൻ എത്ര രൂപ പ്രതിമാസം നിക്ഷേപിക്കണം?
5 വർഷത്തേക്ക് നിങ്ങൾ ആർഡിയിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം രൂപ നേടാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു സാധാരണ പൗരൻ പ്രതിമാസം 1,420 രൂപ ഈ ആർഡി സ്കീമിൽ നിക്ഷേപിക്കേണ്ടി വരും. ഇതേ കാലാവധിയിൽ ഒരു മുതിർന്ന പൗരൻ പ്രതിമാസം 1,410 രൂപ നിക്ഷേപിക്കേണ്ടി വരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications