ഒരു ഓഹരി എപ്പോഴൊക്കെ വാങ്ങരുത്; ഈ 6 ഘടകങ്ങള്‍ ശ്രദ്ധിച്ചാല്‍ കുടുങ്ങാതെ രക്ഷപെടാം

പോര്‍ട്ട്‌ഫോളിയോ ചുവപ്പണിയുമ്പോള്‍ മിക്ക നിക്ഷേപകരും തീരുമാനത്തെ ശപിക്കാറുണ്ട്. വിപണിയില്‍ ചാഞ്ചാട്ടം നേരിടുമ്പോള്‍ ലാഭം തരപ്പെടുത്തുന്നതിനേക്കാള്‍ നഷ്ടം ഉണ്ടാകാതിരിക്കാനാണ് മുന്‍ഗണന നല്‍കേണ്ടത്. അസ്ഥിരമായ വിപണിയില്‍ മൂലധന സംരക്ഷണം അഭിലഷണീയമായ നേട്ടമാണ്.

ഓഹരി

അതായത് ഓഹരി തെരഞ്ഞെടുക്കുന്നതിലെ ശരി തെറ്റുകളാണ് നിക്ഷേപകന്റെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് സാരം. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ കനക്കുന്ന സാഹചര്യത്തില്‍, പണം വെള്ളത്തിലാക്കാത്ത അടിസ്ഥാനപരമായി മികച്ച ഓഹകരികളെ തെരഞ്ഞെടുക്കേണ്ടത് നിക്ഷേപകരുടെ നിലനില്‍പ്പിനും നിര്‍ണായകമാണ്. മിക്കപ്പോഴും ഓഹരിയുടെ വില മാത്രമാണ് ചില നിക്ഷേപകര്‍ വാങ്ങുന്നതിനുള്ള മാനദണ്ഡമാക്കുന്നത്.

അതേസമയം വീഴ്ചയുടെ വക്കില്‍ നില്‍ക്കുന്ന ഒരു ഓഹരിയെ തിരിച്ചറിയുന്നതിന് സഹായകമാകുന്ന 6 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഉയര്‍ന്ന കടം

ഉയര്‍ന്ന കടം

പൊതുവില്‍ ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനികളെ വളരുന്ന കമ്പനികളായാണ് കണക്കാക്കുന്നത്. വളര്‍ച്ചാ ഘട്ടത്തിലാണല്ലോ കമ്പനികള്‍ക്ക് പണത്തിന് ആവശ്യം ഏറെയുള്ളതും. എന്നാല്‍ ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനികളില്‍ റിസ്‌ക് കുടുതലാണ്. ഏതെങ്കിലും വിധത്തില്‍ കമ്പനി പാപ്പരായാല്‍ കടം വീട്ടിയതിനു ശേഷം ഓഹരിയുടമകള്‍ക്ക് നിക്ഷേപം മടക്കി നല്‍കാന്‍ പണം ബാക്കിയുണ്ടാകണമെന്നില്ല. അതുപോലെ ഉയര്‍ന്ന കടം ഉണ്ടെങ്കില്‍ പലിശ ഭാരവും കൂടുതലായിരിക്കും. പ്രത്യേകിച്ചും പലിശനിരക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍. ഇതൊക്കെ കമ്പനിയുടെ ലാഭ മാര്‍ജിനേയും ബാധിക്കാം.

അതിനാല്‍ കമ്പനിക്ക് കടം തിരിച്ചടയ്ക്കാന്‍ തക്കവണ്ണം വരുമാനവും വളര്‍ച്ചയും നേടാനാകുന്നുണ്ടോ എന്നും വിലയിരുത്തണം. അതേസമയം കടം- ഓഹരി അനുപാതം (Debt Equity Ratio) ഒന്നോ ഒന്നില്‍ താഴെയോ നില്‍ക്കുന്ന കമ്പനികളെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നതാവും ഉചിതം.

ലാഭം ഇടിയുക

ലാഭം ഇടിയുക

ലാഭം ഇടിയുന്ന പ്രവണത കമ്പനിയുടെ സാമ്പത്തികാരോഗ്യത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണ്. ബാഹ്യഘടകങ്ങളാല്‍ (ഓഹരി വില കൂടുന്നതു പോല) പുറമെ നിന്നു നോക്കുമ്പോള്‍ കമ്പനി മികച്ച പ്രകടനം നടത്തുന്നതായി തോന്നാമെങ്കിലും ആന്തരിക പ്രവര്‍ത്തനം വിലയിരുത്തിയാല്‍ നിജസ്ഥിതി അറിയാനാകും. ലാഭക്ഷമത ഇടിയുന്നതു കമ്പനിയുടെ ഭാവി നിലനില്‍പിനെ കുറിച്ചും ആശങ്കയുളവാക്കുന്ന ഘടകമാണ്.

പ്രത്യേകിച്ചും കോവിഡ് പോലെയുള്ള പ്രതിസന്ധികള്‍ അപ്രതീക്ഷിത വെല്ലുവിളിയായി ഉയര്‍ന്നു വന്നാല്‍ കമ്പനി എങ്ങനെ തരണം ചെയ്യുമെന്നതും നിര്‍ണായകമാണ്. അതുപോലെ കമ്പനിക്ക് പ്രവര്‍ത്തിക്കാനുള്ള വരുമാനം സ്വന്തം നിലയില്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ആദായം നല്‍കുമെന്ന് എങ്ങനെ കരുതാനാകും?

പ്രതിയോഹരി വരുമാനം താഴുക

പ്രതിയോഹരി വരുമാനം താഴുക

രണ്ട് സാഹചര്യത്തിലാവും ഒരു കമ്പനിയുടെ പ്രതിയോഹരി വരുമാനം ഇടിയുന്നത്. ആദ്യത്തേത്, കമ്പനിയുടെ അറ്റാദായത്തില്‍ കുറവുണ്ടാകുന്ന സാഹചര്യം. രണ്ടാമതായി, പുതിയ ഓഹരികള്‍ അനുവദിക്കുന്ന പശ്ചാത്തലത്തില്‍. കമ്പനിയുടെ ലാഭം ഇടിഞ്ഞാലുള്ള അവസ്ഥ തൊട്ടുമുകളില്‍ സൂചിപ്പിച്ചു കഴിഞ്ഞു. അതിനാല്‍ ഓഹരികളുടെ എണ്ണം വര്‍ധിക്കാനുള്ള സാഹചര്യം പരിശോധിക്കുക. അതേസമയം മൂലധന സമാഹരണാര്‍ഥം ഓഹരി അനുവദിക്കുന്നതാണെങ്കില്‍ കമ്പനിയുടെ വികസനത്തിനാണെന്ന് കരുതാം. എങ്കിലും പ്രതിയോഹരി വരുമാനം ഇടിയുന്ന സാഹചര്യം വ്യക്തമായി പരിശോധിക്കണം.

ഓഹരിയിന്മേലുള്ള ആദായം കുറവ്

ഓഹരിയിന്മേലുള്ള ആദായം കുറവ്

ഓഹരിയുടമകളില്‍ നിന്നും സമാഹരിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി കമ്പനി നേടുന്ന വരുമാനത്തിന്റെ കണക്കാണ് ഓഹരിയിന്മേലുള്ള ആദായം (ROE). അതായത് വരുമാനം നേടാനുള്ള കമ്പനിയുടെ ശേഷിയെ സൂചിപ്പിക്കുന്നതാണ് ഓഹരിയിന്മേലുള്ള ആദായമെന്ന് (ആര്‍ഒഇ) സാരം. കുറഞ്ഞ ആര്‍ഒഇ നിരക്കെന്നാല്‍ രണ്ട് പ്രശ്‌നങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമതായി, മൂലധനത്തിന്റെ പരിതാപകരമായ വിനിയോഗം. രണ്ടാമതായി, പുറത്തുനിന്നും കമ്പനിക്കുള്ള നിക്ഷേപം കുറവാണെന്നത്.

കമ്പനിയുടെ കാര്യക്ഷമത ഇടിയുന്നപക്ഷം പുറമെ നിന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ ബുദ്ധിമുട്ടാവും. അതിനാല്‍ താഴ്ന്ന ആര്‍ഒഇ നിരക്കുള്ള ഓഹരികളുടെ മൂല്യവും ക്രമേണ ഇടിയാം.

താഴ്ന്ന പ്രമോട്ടര്‍ വിഹിതം

താഴ്ന്ന പ്രമോട്ടര്‍ വിഹിതം

കമ്പനിയുടെ മുഖ്യ സംരംഭകരുടെ ഉയര്‍ന്ന ഓഹരി വിഹിതം കമ്പനിയിലുള്ള ശുഭാപ്തി വിശ്വാസത്തിന്റേയും അന്തര്‍ലീന മൂല്യത്തേയും സൂചിപ്പിക്കുന്നു. കൂടാതെ ഭാവിയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തേയും ഇത് പ്രതിഫലിപ്പിക്കുന്നു. കമ്പനിയുടെ ദീര്‍ഘകാല സാധ്യതകളെ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ താഴ്ന്ന പ്രമോട്ടര്‍ വിഹിതം കമ്പനിയില്‍ മുഖ്യ സംരംഭകര്‍ക്കുള്ള വിശ്വാസത്തേയും വരുമാനം നേടാനുള്ള കഴിവിനേയും സംശയ നിഴലില്‍ നിര്‍ത്തുന്ന ഘടകമാണ്.

ഉയര്‍ന്ന പിഇ റേഷ്യോ

ഉയര്‍ന്ന പിഇ റേഷ്യോ

ഓഹരി വിലയും കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണ് പിഇ റേഷ്യോ. ഇത് സൂചിപ്പിക്കുന്നത്, പ്രതിയോഹരി വരുമാനത്തിന് വിപണിയില്‍ എത്ര മടങ്ങുവരെ നല്‍കി നിക്ഷേപകര്‍ ആ ഓഹരി വാങ്ങാന്‍ സന്നദ്ധരാണെന്നതിന്റെ അനുപാതമാണ്. അതായത് ഓഹരിയുടെ മൂല്യമതിപ്പിനെ അളക്കാനുള്ള ഘടകമാണെന്ന് സാരം. ഉയര്‍ന്ന പിഇ അനുപാതമെന്നാല്‍ ഓഹരി അതിമൂല്യം (Overvaluation) മതിക്കുന്നുവെന്നാണ്. സാധാരണ മുത്തുകള്‍ പവിഴത്തിന്റെ വില നല്‍കി വാങ്ങുന്നതിന് തുല്യമാണിത്.

അതേസമയം ഒരു കമ്പനിക്ക് സമീപഭാവിയില്‍ വരുമാനത്തില്‍ വര്‍ധനവ് നേടാനാവുമെങ്കില്‍ പിഇ റേഷ്യോയെ മാത്രം അടിസ്ഥാനപ്പെടുത്തി അന്തിമ തീരുമാനമെടുക്കുന്നതും ഉചിതമായിരിക്കുകില്ല. ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോയും വിലയിരുത്തുക.

സംഗ്രഹം

സംഗ്രഹം

മേല്‍സൂചിപ്പിച്ച ഘടകങ്ങള്‍ ആ കമ്പനി പ്രതിനിധാനം ചെയ്യുന്ന വ്യവസായ മേഖലയുടെ ശരാശരി നിരക്കുകളുമായും താരതമ്യം ചെയ്യുക. സമാനമായി കമ്പനിയുടെ 10 വര്‍ഷത്തെ ഹിസ്റ്റോറിക്കല്‍ നിരക്കുകളും നിലവിലെ അനുപാതം തമ്മിലും താരതമ്യം ചെയ്യുക. പക്വത കൈവരിച്ച ബിസിനസില്‍ മേല്‍ സൂചിപ്പിച്ച ഘടകങ്ങളെല്ലാം ഒത്തുചേരാമെങ്കിലും ഇത്തരം കമ്പനികളുടെ ഓഹരി വിലയില്‍ വമ്പന്‍ കുതിപ്പ് പ്രകടമാക്കാറില്ല. വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കമ്പനികളുടെ ഓഹരികളാവും മികച്ച ആദായം നല്‍കുക. അതിനാല്‍ നിക്ഷേപകന്‍ സ്വന്തം നിലയില്‍ റിസ്‌ക്കിനുള്ള ആദായം തിട്ടപ്പെടുത്തി വേണം അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X