കടന്നു പോയ 2021 വര്‍ഷം ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് നിരവധി മള്‍ട്ടിബാഗറുകളെയാണ് സമ്മാനിച്ചത്. എല്ലാത്തരം ഓഹരി വിഭാഗങ്ങള്‍ക്കിടെയിലും കുറഞ്ഞത് ഒരു ഡസണ്‍ മള്‍ട്ടിബാഗറുകളെങ്കിലും ഉയര്‍ന്നു വന്നിട്ടുണ്ട്. സ്വാഭാവികമായും പെന്നി സ്റ്റോക്കുകള്‍ക്കിടെയിലേക്ക് വരുമ്പോള്‍ മള്‍ട്ടിബാഗറുകളുടെ എണ്ണവും ആദായത്തിന്റെ വലിപ്പവും താരതമ്യേന കൂടുതലായിരിക്കും. അത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനിടെ 1,900 ശതമാനമെന്ന സ്വപ്‌ന നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയ മൂന്ന് നാനോ കാപ് സ്റ്റോക്കുകളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. ഒരു വര്‍ഷം മൂമ്പ് ഈ 3 ഓഹരികളുടേയും വില ഒരു രൂപയില്‍ താഴെയായിരുന്നു എന്നതും ശ്രദ്ധേയം.

നാനോ കാപ് സ്റ്റോക്ക്
തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. പെന്നി സ്റ്റോക്കുകളെ മൈക്രോ കാപ്, നാനോ കാപ് എന്നും വേര്‍തിരിക്കാറുണ്ട്. 5 കോടി യുഎസ് ഡോളറിന് (ഏകദേശം 375 കോടി രൂപ) താഴെയുള്ള ഓഹരികളെയാണ് നാനോ കാപ് ഓഹരികളെന്ന് വിശേഷിപ്പിക്കാറുള്ളത്. ഇത്തരം സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വില ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്. അല്ലാത്തവ സ്വാഭാവികമായും നഷ്ടത്തില്‍ കലാശിക്കും.

1) ഉഷദേവ് ഇന്റര്‍നാഷണല്‍
ഊര്‍ജോത്പാദവും സ്റ്റീല്‍ വ്യാപാരവുമാണ് 1994-ല്‍ ആരംഭിച്ച ഉഷദേവ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ (BSE: 511736, NSE: USHDEVINT) മുഖ്യ പ്രവര്‍ത്തനം. ഇതില്‍ സ്റ്റീല്‍ വ്യാപാരം ആദ്യമൊക്കെ താരതമ്യേന മികച്ച രീതിയിലായിരുന്നു പോയിരുന്നത്. സ്റ്റീല്‍ സക്രാപ്, പച്ചിരുമ്പ് (Pig Iron), മറ്റ് ലോഹങ്ങളും ഇറക്കുമതി ചെയ്ത് ആഭ്യന്തര വിപണിയിലെത്തിക്കുന്നു. 1997-ലാണ് കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന മേഖലയിലേക്കും കടന്നത്.

സാമ്പത്തികം ആശാവഹമല്ല
2017 വരെ 2,500 കോടിയിലേറെ രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി 7 കോടി രൂപ വരെയാണ് വരുമാനം നേടുന്നത്. പ്രമോട്ടര്‍ക്ക് 44.7 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 4.2 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 5.42 ശതമാനവും ഓഹരികള്‍ കൈവശമുണ്ട്. പ്രമോട്ടറുടെ വിഹിതത്തില്‍ 34.57 ശതമാനം ഓഹരികളും ഈട് (Pledge) ചെയ്തിരിക്കുയാണ്. 2021 ജനുവരിയില്‍ 0.3 രൂപയായിരുന്ന ഓഹരി ഇപ്പോള്‍ 5.97-ലാണ് ബിഎസ്ഇയില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. നേട്ടം 1,900 ശതമാനം. നിലവില്‍ 202 കോടി രൂപയാണ് വിപണി മൂലധനം.

2) ക്രെസ്സാന്‍ഡ സൊല്യൂഷന്‍സ്
സോഫ്റ്റ്വയര്‍ വികസനവും അതുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് ക്രെസ്സാന്‍ഡ സൊല്യൂഷന്‍സ് ലിമിറ്റഡ് (BSE: 512379). മുംബൈയിലാണ് ആസ്ഥാനം. സോഫ്റ്റ്വയര്‍ ആപ്ലിക്കേഷനുകള്‍ക്ക് ഓപ്പറേറ്റിങ് സിംസ്റ്റത്തിനും പുറത്തുള്ള സേവനങ്ങളൊരുക്കുന്ന മിഡില്‍വേര്‍ ഉത്പന്നങ്ങള്‍, ഉപഭോക്താവിന്റെ നിര്‍ദേശാനുസരണം സാഫ്റ്റ്വയര്‍ സംവിധാനങ്ങള്‍ക്ക് ഭേദഗതി വരുത്തുക, സിസ്റ്റം സംയോജിപ്പിക്കുക തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

വരുമാന വളര്‍ച്ചയില്ല
നിലവില്‍ കമ്പനിക്ക് പറയത്തക്ക കടബാധ്യതകളൊന്നുമില്ല. പ്രമോട്ടറുടെ കൈവശം 30 ശതമാനം ഓഹരികളേ ഉള്ളൂ. സെപ്റ്റംബര്‍ പാദത്തില്‍ 4 ലക്ഷം രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ പാദത്തില്‍ 5 ലക്ഷം രൂപയായിരുന്നു നഷ്ടം. മൂന്ന് വര്‍ഷമായി വരുമാനത്തിലും വളര്‍ച്ച കാണിക്കുന്നില്ല. 2021 ജനുവരിയില്‍ 0.38 രൂപയായിരുന്ന ഓഹരി ഇപ്പോള്‍ 6.69 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. നേട്ടം 1,660 ശതമാനം. കമ്പനിയുടെ വിപണി മൂലധനം 203 കോടി രൂപയാണ്.

3) ജെയിന്‍കോ പ്രോജക്ട്‌സ്
ഭവന നിര്‍മാണ മേഖലയിലും കടപ്പത്ര വ്യാപാരത്തിലുമായിരുന്നു ജെയിന്‍കോ പ്രോജക്ടിസിന്റെ (BSE: 526865) തുടക്കം. 1991-ല്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചു. പിന്നാലെ വായ്പ, പാട്ടത്തിന് കൊടുക്കുക തുടങ്ങിയ ധനകാര്യ സേവനങ്ങളിലേക്ക് കടന്നു. 2017-ല്‍ 66 കോടി രൂപ വരുമാനം നേടിയിരുന്നു. എന്നാല്‍ സമീപ വര്‍ഷങ്ങളായി പ്രതീക്ഷ നല്‍കുന്ന പ്രവര്‍ത്തനമല്ല കാഴ്ചവയ്ക്കുന്നത്. 2021 ജനുവരിയില്‍ 0.49 രൂപയുണ്ടായിരുന്ന ഓഹരികള്‍ ഇന്ന് 8.90 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. നേട്ടം 1,720 ശതമാനം. കമ്പനിയുടെ വിപണി മൂലധനം 8 കോടി രൂപ മാത്രമാണ്. പ്രമോട്ടര്‍ക്ക് കമ്പനിയുടെ 29 ശതമാനം ഓഹരികളാണുള്ളത്.
Also Read: 3 മാസം കൊണ്ട് ഈ മള്‍ട്ടിബാഗര്‍ എനര്‍ജി സ്റ്റോക്ക് ഉയരും: എച്ച്ഡിഎഫ്സി സെക്യുരിറ്റീസ്

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.