കയ്യിൽ അധികമായി വരുന്ന പണം സമ്പാദ്യത്തിനായി മാറ്റാൻ പലരും തിരഞ്ഞെടുക്കുന്ന മാർഗം സ്ഥിര നിക്ഷേപമാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് ലഭിക്കുമ്പോൾ സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കുന്നൊരിടമായി ഇത് മാറുന്നത് സ്വാഭാവികം. എന്നാൽ പല സ്ഥിര വരുമാന നിക്ഷേപ മാർഗങ്ങൾ വിപണിയിലുണ്ട്. ബാങ്ക് എഫ്ഡികൾ പോലെ നിക്ഷേപത്തിന് സ്ഥിര വരുമാനം നല്‍കാന്‍ സാധിക്കുന്നവയാണ് ഫിക്‌സഡ് ഇന്‍കം സെക്യൂരിറ്റീസ്. ഡെബ്റ്റ് നിക്ഷേപങ്ങളായതിനാല്‍ തന്നെ സുരക്ഷിത നിക്ഷേപങ്ങളായി ഇവയെ പരിഗണിക്കാം.
ഇതിൽ വരുമാനത്തിന് നികുതി ഒഴിവാക്കിയിട്ടുള്ളൊരു നിക്ഷേപമാണ് ടാക്‌സ് ഫ്രീ ബോണ്ടുകള്‍ അഥവാ നികുതി രഹിത ബോണ്ടുകൾ. നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം ടാക്‌സ് ഫ്രീ ആണെന്ന നേട്ടവും നിക്ഷേപകര്‍ക്ക് ലഭിക്കും. ഇതുവഴി സ്ഥിര നിക്ഷേപത്തേക്കാൾ കുറഞ്ഞ പലിശ ലഭിക്കുമ്പോഴും മികച്ച റിട്ടേൺ നൽകാൻ ഇവയ്ക്ക് സാധിക്കും.
എന്താണ് ടാക്സ് ഫ്രീ ബോണ്ട്
പൊതു സ്ഥാപനങ്ങൾ പണ സമാഹരണത്തിന് പുറത്തിറക്കുന്ന ദീർഘകാല സ്ഥിര-വരുമാന സെക്യൂരിറ്റികളാണ് ടാക്സ് ഫ്രീ ബോണ്ടുകൾ. നിക്ഷേപകർക്ക് എല്ലാ വർഷവും പ്രീ-ഫിക്സഡ് നിരക്കിൽ പലിശ ലഭിക്കുന്ന താരതമ്യേന സുരക്ഷിതമായൊരു നിക്ഷേപമാണിത്. കൂടാതെ പലിശ നികുതി രഹിതമാണ്. മറ്റ് ബോണ്ടുകൾ പോലെ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. പൊതുവെ 10 മുതൽ 20 വർഷം വരെയാണ് ടാക്സ് ഫ്രീ ബോണ്ടുകളുടെ നിക്ഷേപ കാലാവധി.

ബോണ്ടുകൾ ഭൗതികമായോ ഡീമെറ്റീരിയലൈസ്ഡ് രൂപത്തിലോ സൂക്ഷിക്കാം. മാർക്കറ്റ് നിരക്ക് അനുസരിച്ച് എപ്പോൾ വേണമെങ്കിലും ബോണ്ടുകൾ വാങ്ങാനും വിൽക്കാനും സാധിക്കും. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നതിനാൽ വില കൂടുമ്പോൾ മാർക്കറ്റ് വില അനുസരിച്ച് ബോണ്ടുകൾ എളുപ്പത്തിൽ ട്രേഡ് ചെയ്യാം. വിപണിയിൽ വില്പന നടത്തി നേടുന്ന ലാഭത്തിന് ആദായനികുതി നിയമപ്രകാരം നികുതി ചുമത്തും.
ഉയർന്ന വരുമാനക്കാർക്ക് നേട്ടം
പേര് പോലെ ടാക്സ് ഫ്രീ ബോണ്ടുകളിൽ നിന്നുള്ള പലിശ വരുമാനം നികുതി രഹിതമാണെന്നതാണ് ഏറ്റവും പ്രധാനമായ ആകർഷണം. 5.50 ശതമാനം മുതൽ 7.50 ശതമാനം വരെയാണ് ടാക്സ് ഫ്രീ ബോണ്ടുകൾ സാധാരണയായി നൽകുന്ന പലിശ. ഉയർന്ന വരുമാനമുള്ള, ഉയർന്ന ടാക്സ് സ്ലാബിൽ ഉൾപ്പെടുന്ന വ്യക്തികകൾക്ക് ഉപകാരപ്പെടുന്നൊരു നിക്ഷേപമാണിത്.
20-30 ശതമാനം നികുതി ബ്രാക്കറ്റിൽ ഉൾപ്പെടുന്ന വ്യക്തി ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് പ്രതിവർഷം 50,000 രൂപ പലിശ നേടിയാൽ ഏകദേശം 15,000 രൂപ നികുതിയായി അടയ്ക്കണം. ഇവിടെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം 35,000 രൂപയായി കുറയും. ബാങ്കിൽ നിക്ഷേപിക്കുന്നതിന് പകരം ടാക്സ് ഫ്രീ ബോണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ മുഴുവൻ വരുമാനവും നികുതി അടയ്ക്കാതെ സ്വന്തമാക്കാം.
സുരക്ഷിതം
ടാക്സ് ഫ്രീ ബോണ്ടുകൾ സർക്കാർ പിന്തുണയുള്ളതിനാൽ നിക്ഷേപിച്ച പണം നഷ്‌ടപ്പെടുെമന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അതിനാൽ തന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളിലൊന്നാണിത്.വരുമാനത്തിന്റെ സ്ഥിര സ്വഭാവം അനുസരിച്ച് മൂലധന സംരക്ഷണത്തിനുള്ള ഒരു അധിക ആനുകൂല്യമാണിത്.
റിട്ടേൺ
പൊതുമേഖലാ സ്ഥാപമായ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് പുറത്തിറക്കുന്ന ബോണ്ടുകൾ ഉയർന്ന കൂപ്പൺ റേറ്റ് (പലിശ) ഉള്ളവയാണ്. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ എൻ2 ബോണ്ടുകളിൽ നിന്ന് 8.2 ശതമാനം റിട്ടേൺ ലഭിക്കും. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ എൻ3 സീരീസിൽ നിക്ഷേപിക്കുകയാണെങ്കിൽ 8.1 ശതമാനം പലിശ നേടാം. എൻ5 സീരീസിൽ നിന്ന് 7.5 ശതമാനം പലിശ ലഭിക്കും.
മറ്റൊരു പൊതുമേഖല സ്ഥാപമായി റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ RECLTD N9 എന്ന ബോണ്ട് 8.7 ശതമാനം റിട്ടേൺ നൽകുന്നുണ്ട്. ദേശിയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ എൻഎച്ച്എഐ എൻഎ ബോണ്ട് 7.6 ശതമാനം റിട്ടേൺ നൽകും. എൻഎച്ച്എഐ എൻ2 ബോണ്ടിൽ 8.3 ശതമാനം പലിശയും എൻഎച്ച്എഐ എൻഇ ബോണ്ടിന് 7.6 ശതമാനം പലിശയും ലഭിക്കും.


Click it and Unblock the Notifications