വർഷങ്ങളോളം അധ്വാനിച്ചു, ഇനി വിശ്രമകാലം എന്ന് സമാധാനത്തോടെ പറയാൻ കയ്യിൽ പണം വേണം. വിരമിക്കൽ കാലത്തെ സുവർണകാലമാക്കാൻ അതിന് കാലേകൂട്ടിയുള്ള നിക്ഷേപങ്ങളുണ്ടാകണം. അല്ലെങ്കിൽ ജോലി ചെയ്ത കാലത്തെക്കാൾ ദുരിതമാകും വിരമിക്കൽ കാലം. സാധാരണയായി അറുപത് വയസിന് ശേഷമാണ് വിരമിക്കൽ കാലമായി കണക്കാക്കുന്നത്. ഈ കാലത്തേക്കുള്ള ആവശ്യങ്ങൾ നിറവേറ്റാൻ 50തിലോ 55 വയസിലോ നിക്ഷേപം തുടങ്ങിയിട്ട് കാര്യമുണ്ടോ?. വിരമിക്കൽ കാലമെന്നത് കയ്യിലേക്ക് വരവ് കുറയുന്ന സമയമാണ്. ഇതിന് അനുസരിച്ച് വേണം നിക്ഷേപങ്ങൾ നടത്താൻ. എന്നാൽ വിരമിക്കൽ കാലത്തേക്കുള്ള നിക്ഷേപത്തിൽ വരുത്തുന്ന ചില അബദ്ധങ്ങളുണ്ട്. ചെറുതെന്ന് തോന്നാമെങ്കിലും വിരമിക്കൽ ജീവിതത്തെ ഇവ പ്രതികൂലമായി ബാധിക്കും. ഇവ ഏതെന്ന് ആദ്യമേ മനസിലാക്കി നല്ല രീതിയിൽ നിക്ഷേപങ്ങൾ നടത്താൻ ശ്രദ്ധിക്കാം.
ആരോഗ്യ ചെലവുകളെ അവഗണിക്കൽ
വിരമിക്കല്‍ കാലം സുവര്‍ണകാലമാണ്. അതോടൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും വിരമിക്കൽ കാലത്ത് കടന്നു വരുന്നത് കാണാം. 60 വയസ് കഴിയുന്നതോടെ വാർധക്യ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ആരോഗ്യ ചെലവ് ഉയര്‍ത്തും. ഇവിടെ ആരോഗ്യ ചെലവുകളെ അവഗണിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കും. ഇത് വിരമിക്കല്‍ കാലത്ത് സമ്പാദ്യത്തിലെ നല്ലൊരു പങ്ക് ആസ്പത്രി, മരുന്ന് ചെലവുകൾക്ക് മാറ്റേണ്ടി വരും. ഇതിന് പകരം ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടാകുന്നത് സാമ്പത്തികമായി ഗുണകരമാണ്. ഇതോടൊപ്പം അത്യാവശ്യ കാര്യങ്ങൾക്ക് ചെലവാക്കാനിയ എമർജൻസി ഫണ്ട് കയ്യിൽ കരുതുകയും വേണം.
വൈക്കി ആരംഭിക്കുന്ന നിക്ഷേപം
ജോലി കിട്ടി തുടങ്ങിയത് മുതല്‍ വിരമിക്കലിനെ പറ്റി ചിന്തിക്കുന്നതാണ് നല്ലത്. 21-24 വയസില്‍ ജോലി ലഭിച്ചാൽ 35-40 വര്‍ഷം ജോലി ചെയ്യാന്‍ സാധിക്കും. 60 വയസിലെ വിരമിക്കലിലേക്ക് മികച്ച തുക കണ്ടെത്താൻ സമയം ലഭിക്കും. വിരമിക്കലിന് ശേഷം നിക്ഷേപം മാത്രമാണ് വരുമാന ശ്രോതസെങ്കിൽ പെട്ടന്ന് സമ്പാദിക്കുന്നതാണ് നല്ലത്. ഇത് വിരമിക്കല്‍ സമയത്ത് നല്ലൊരു തുക ലഭിക്കാൻ സഹായിക്കും. വൈകി നിക്ഷേപം ആരംഭിക്കുന്നത് അബദ്ധമാകുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാം.
ഉദാഹരണത്തിന് 40 വയസിൽ സമ്പാദിക്കാൻ ആരംഭിക്കുന്ന ഒരാൾ മാസം 10,000 രൂപ മാറ്റി വെച്ചാൽ 60 വയസിലെത്തുമ്പോള്‍ 24 ലക്ഷം നിക്ഷേപിച്ചുട്ടുണ്ടാകും. ഇതിന് 15 ശതമാനം വാർഷിക ആദായം ലഭിച്ചാൽ ആകെ തുക 1.52 കോടിയായി വളർന്നതായി കാണാം. എന്നാൽ 25 വയസിൽ നിക്ഷേപം ആരംഭിച്ചിരുന്നെങ്കിൽ എന്താണ് നേട്ടമെന്ന് നോക്കാം. 25ാം വയസില്‍ 3,000 രൂപ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍ 60ാം വയസില്‍ 12.6 ലക്ഷമാകും ആകെ നിക്ഷേപം. ഇതിന് 12 ശതമാനം വാർഷിക ആദായം ലഭിച്ചാൽ 1.95 കോടിയായി നിക്ഷേപം വളരും. വിരമിക്കല്‍ കാലത്തേക്കുളള സമ്പാദ്യം നേരത്തെ ആരംഭിക്കുന്നത് വഴി ഭാവിയിലെ ആവശ്യകത നിറുവേറ്റുന്ന തുക ലഭിച്ചാൽ വേണമെങ്കിൽ 60 വയസ് വരെ കാത്തിരിക്കാതെ ജോലി അവസാനിപ്പിക്കാം.
തെറ്റായ തിരഞ്ഞെടുപ്പ്
എവിടെ നിക്ഷേപിക്കണമെന്നത് തിരഞ്ഞെടുപ്പാണ്. ഇവിടെ പിഴയ്ക്കാതിരിക്കുകയാണ് വേണ്ടത്. വയസ്, റിസ്‌കെടുക്കാനുള്ള ശേഷി, വരുമാനം, എന്നിവ നോക്കി വേണം നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാൻ. ചെറുപ്രായത്തില്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ റിസ്‌കെടുക്കാനുള്ള ശേഷി കൂടുതലാണ്. ഇതനുസരിച്ച് ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന ആദായം നല്‍കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാം. മ്യൂച്വല്‍ ഫണ്ടിലോ ഓഹരികളിലോ നിക്ഷേപിക്കാം. എന്നാല്‍ പ്രായമാകുന്നതോടെ റിസകെടുക്കാനുള്ള കഴിവ് കുറയും. ഈ സാഹചര്യത്തില്‍ ഡെബ്റ്റ് ഫണ്ടുകളാണ് അനുയോജ്യം.
നേരത്തെയുള്ള പിൻവലിക്കൽ
നിക്ഷേപം ചെറുപ്രായത്തിലെ ആരംഭിച്ച് വിരമിക്കുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കുന്നത് തിരിച്ചടിയാണ്. നേരത്തെയുള്ള പിന്‍വലിക്കല്‍ സമ്പാദ്യത്തെ മാത്രമല്ല നികുതിയെയും ബാധിക്കും. വിരമിക്കൽ കാലത്തേക്ക് കണക്ക് കൂട്ടിയ തുകയിൽ കുറവ് വരും. പ്രധാന ചെലവായ വീട് വെക്കലിനാകും മിക്കവരും വിരമിക്കൽ ഫണ്ടിൽ കൈവെയ്ക്കുന്നത്. ഇത് പരിഹരിക്കാൻ ഇത്തരം വലിയ ചെലവുകൾ തീർന്നതിന് ശേഷം നിക്ഷേപം തുടങ്ങുന്നതാണ് നല്ലത്. കടവുമായി വിരമിക്കലിലേക്ക് പോകുന്നത് ശരിയല്ല. വരുമാനം ശ്രോതസ് കുറയുന്ന സമയത്ത് കടം കൂടി ഉണ്ടാകുന്നത് തിരിച്ചടവിനെയും ജീവിതത്തിെയും ബാധിക്കും. പണപ്പെരുപ്പം, നികുതി എന്നിവ കഴിച്ച് എന്ത് കയ്യിൽ ലഭിക്കുമെന്ന് മനസിലാക്കിവെക്കണം.


Click it and Unblock the Notifications