ബോണസായോ സ്ഥലം വില്പനയിലൂടെയോ കയ്യിൽ നല്ലൊരു തുക എത്തിയാൽ ഇത് എങ്ങനൊണ് വിനിയോഗിക്കേണ്ടത്. കൃത്യമായ ആസൂത്രണമില്ലാതെ പണം ചെലവഴിച്ചാൽ കണ്ണ് ചിമ്മുന്ന വേഗത്തിൽ പണം കാലിയായി പോകും. ഈ തുക മാസ ചെലവുകൾക്ക് ഉപയോഗിക്കാൻ മാസ വരുമാന പദ്ധതികളിൽ നിക്ഷേപിക്കുന്നതാകും ഉചിതം.
നിക്ഷേപിച്ച പണം കാലാവധിയിൽ തിരികെ ലഭിക്കുകയും മാസത്തിൽ പലിശ വരുമാനം ലഭിക്കുകയും ചെയ്യുന്നതിനാൽ തുടർന്നുള്ള ആവശ്യങ്ങൾക്കും പണം ഉപയോഗിക്കാം. ഇതിന് സഹായകമാകുന്നൊരു റിസ്ക് ഫ്രീ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
പോസ്റ്റ് ഓഫീസ് അവതരിപ്പിക്കുന്ന ലഘു സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് എംഐഎസ് അഥവാ മാസ വരുമാന പദ്ധതി. സുരക്ഷിതത്വവും മികച്ച പലിശ നിരക്കുമാണ് പദ്ധതിയുടെ ആകർഷണീയത. നിക്ഷേപിക്കുന്ന പണം പൂർണ്ണമായും സുരക്ഷിതമായിരിക്കും. മാസം ഉറപ്പായ വരുമാനവും ലഭിക്കും. പോസ്റ്റ് ഓഫീസ് പദ്ധതിയായതിനാൽ പണത്തിന് കേന്ദ്ര സർക്കാർ തന്നെയാണ് ഗ്യാരണ്ടി.

എങ്ങനെ അക്കൗണ്ടെടുക്കാം
അപേക്ഷ ഫോം, കെവൈസി ഫോം എന്നിവ പൂരിപ്പിച്ച് ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സഹിതം പോസ്റ്റ് ഓഫീസിൽ സമർപ്പിച്ചാൽ പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയുടെ അക്കൗണ്ടെടുക്കാം. പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ ചേരാം. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാവിന് അക്കൗണ്ടൈടുക്കാം. 10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ടിനോടൊപ്പം ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ 18 വയസ് പൂര്‍ത്തിയാകണം. അക്കൗണ്ട് കാലയളവിൽ നിക്ഷേപകൻ മരണപ്പെട്ടാൽ, ആനുകൂല്യങ്ങളും നിക്ഷേപവും ലഭിക്കാൻ അർഹതയുള്ളൊരാളെ നോമിനിയായി നിയമിക്കണം. ജോയിന്റ് അക്കൗണ്ട് തിരഞ്ഞെടുക്കുന്നൊരാൾക്ക് ഇരട്ടി തുക നിക്ഷേപിക്കാൻ സാധിക്കും. ജോയിന്റ് അക്കൗണ്ടിലെ നിക്ഷേപത്തിന് അംഗങ്ങൾക്ക് തുല്യ പങ്കാളിത്തം ആയിരിക്കും.
നിക്ഷേപം
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പ്രത്യേകത ചെറിയ തുക മുതൽ നിക്ഷേപം നടത്താൻ സാധിക്കും എന്നതാണ്. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ 1,000 രൂപയിൽ നിക്ഷേപം തുടങ്ങാം. 100 രൂപയുടെ ഗുണിതങ്ങളായി 4.5 ലക്ഷം രൂപ വരെ വ്യക്തിഗത അക്കൗണ്ടിലും 9 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടിലും നിക്ഷേപിക്കാം.
ബജറ്റിൽ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി ഉയർത്തിയിരുന്നു. വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷവും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷവും വരുന്ന സാമ്പക്തിക വർഷം മുതൽ നിക്ഷേപിക്കാം.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് വർഷത്തിൽ 7.1 ശതമാനം പലിശ നൽകുന്നുണ്ട്. പ്രതിമാസത്തിൽ പലിശ വിതരണം ചെയ്യും. സേവിംഗ്സ് അക്കൗണ്ടിലേക്കാണ് പലിശ ക്രെഡിറ്റ് ചെയ്യുക. സാമ്പത്തിക വർഷത്തിൽ ത്രൈമാസങ്ങളിൽ പലിശ വരുമാനം അവലോകനം ചെയ്യും. 2023-24 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ പലിശ നിരക്ക് മാർച്ച് 31 ന് പ്രഖ്യാപിക്കും.
കാലാവധി
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി 5 വര്‍ഷമാണ്. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കില്ല. 1 വര്‍ഷം പൂര്‍ത്തിയാക്കി 3 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ നിക്ഷപിച്ച തുകയില്‍ നിന്ന് 2 ശതമാനം പിഴയായി ഈടാക്കും. 3-5 വര്‍ഷത്തിനിടെ പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ 1 ശതമാനം പിഴ ഈടാക്കും.
നികുതി
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് നികുതി ഇളവുകളൊന്നും തന്നെ ലഭിക്കുകയില്ല. മാസത്തിൽ ലഭിക്കുന്ന പലിശ വരുമാനം നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി ബാധകമാണ്. അതേസമയം നിക്ഷേപത്തിലെ പലിശ വരുമാനത്തിന് മുകളിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല.
കാല്‍ക്കുലേറ്റര്‍
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയില്‍ വ്യക്തിഗത നിക്ഷേപകര്‍ക്ക് 4.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.10 ശതമാനം പലിശ നിരക്കില്‍ 5 വര്‍ഷത്തേക്ക് മാസത്തില്‍ 2662 രൂപ ലഭിക്കും. സംയുക്ത അക്കൗണ്ടില്‍ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.10 ശതമാനം പലിശ നിരക്കില്‍ നിക്ഷപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 5,325 രൂപ ലഭിക്കും.


Click it and Unblock the Notifications