പെന്നി ഓഹരികളില്‍ നിന്നും വിട്ടുനില്‍ക്കണം; ആദ്യനാളുകള്‍ തൊട്ട് ഏതൊരു നിക്ഷേപകനും കേള്‍ക്കുന്ന മുന്നറിയിപ്പാണിത്. പെന്നി ഓഹരികളില്‍ തൊട്ടാല്‍ കൈപ്പൊള്ളുമെന്ന് പലരും കരുതുന്നു. ശരിയാണ്. പെന്നി ഓഹരികളില്‍ അപകടസാധ്യത ഏറെയുണ്ട്. എന്നാല്‍ കൃത്യമായ ഗൃഹപാഠം നടത്തി തിരഞ്ഞെടുത്താല്‍ സ്വപ്നലാഭമായിരിക്കും പെന്നി ഓഹരികള്‍ സമ്മാനിക്കുക.
പെന്നി ഓഹരികള്‍ക്ക് കൃത്യമായ നിര്‍വചനം ഇന്ത്യയിലില്ല. സാധാരണയായി 100 രൂപയ്ക്ക് താഴെ വിലയുള്ള, 1,000 കോടി രൂപയ്ക്ക് താഴെ വിപണി മൂല്യമുള്ള ഓഹരികളാണ് പെന്നി ഗണത്തില്പ്പെടാറ്.
കോവിഡ് മഹാമാരിക്ക് ശേഷമാണ് പെന്നി ഓഹരികളിലേക്ക് ചെറുകിട നിക്ഷേപകര്‍ ഗൗരവമായി നോട്ടമെത്തിക്കാന്‍ തുടങ്ങിയത്. കണ്ണടച്ചുതുറക്കും മുന്‍പ് മികച്ച ലാഭമുണ്ടാക്കാനുള്ള പെന്നി ഓഹരികളുടെ കഴിവാണിതിന് കാരണവും.
പറഞ്ഞുവരുമ്പോള്‍ ചെറുകിട നിക്ഷേപകര്‍ മാത്രമല്ല, മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപകരും ഇന്ത്യയിലെ പെന്നി ഓഹരികളില്‍ ഇപ്പോള്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പൊതുവേ ഉയര്‍ന്ന അപകടസാധ്യത കണക്കിലെടുത്ത് മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപകരും പെന്നി സ്റ്റോക്കുകളില്‍ 'പൈസയിടാറില്ല'.
എന്നാല്‍ അടിസ്ഥാന മികവുള്ള പെന്നി ഓഹരികള്‍ വിസ്മയിപ്പിക്കുന്ന നേട്ടം സമര്‍പ്പിക്കുമെന്ന് പുതിയ കാലത്ത് ഇവര്‍ തിരിച്ചറിയുന്നു. ഈ അവസരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം സമാഹരിച്ചിട്ടുള്ള പെന്നി സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.
വിന്‍സം ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രീസ്
കോട്ടണ്‍ നൂലുകളുടെ ബിസിനസില്‍ ഏര്‍പ്പെടുന്ന കമ്പനിയാണ് വിന്‍സം ടെക്സ്റ്റൈല്‍. വിസ്കോസ്, പോളിസ്റ്റര്‍, അക്രൈലിക്, ലിനന്‍, കമ്പിളി എന്നിവ സംയോജിപ്പിച്ചുള്ള കോട്ടണ്‍ നൂലുത്പന്നങ്ങളും നെയ്തെടുത്ത തുണിത്തരങ്ങളും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണികളിലും വിന്‍സം ടെക്സ്റ്റൈലിന് ഒരുപോലെ സാന്നിധ്യം കാണാം. 2021 സാമ്പത്തിക വര്‍ഷം 42 ശതമാനം വരുമാനം കയറ്റുമതിയില്‍ നിന്നാണ് കമ്പനി കണ്ടെത്തിയത്.
എച്ച് ആന്‍ഡ് എം, ടോമി ഹില്‍ഫിഗര്‍ തുടങ്ങിയ പ്രമുഖ ആഗോള ബ്രാന്‍ഡുകള്‍ക്കായി തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന അറിയപ്പെടുന്ന ആഭ്യന്തര കമ്പനികള്‍ക്കാണ് കോട്ടണ്‍ നൂലുകളും മറ്റു ഉത്പന്നങ്ങളും വിന്‍സം ടെക്സ്റ്റൈല്‍ വിതരണം ചെയ്യുന്നത്. നാലു പതിറ്റാണ്ടിലേറെയുള്ള പാരമ്പര്യം കമ്പനിക്കുണ്ട്.
വിന്‍സം ടെക്സ്റ്റൈലിലെ ഓഹരി പങ്കാളിത്തം പരിശോധിച്ചാല്‍, 2021 ഡിസംബര്‍ പാദം 32.5 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരുടെ പക്കല്‍ ഭദ്രമാണ്. ആകെയുള്ള 19.8 മില്യണ്‍ ഓഹരികളില്‍ 6.5 മില്യണ്‍ ഓഹരികള്‍ ഇവര്‍ കയ്യടക്കുന്നു. 55.7 ശതമാനം ഓഹരികളുടെ ഉടമസ്ഥത പ്രമോട്ടര്‍മാര്‍ക്കാണ്.
കണക്കുപുസ്തകം പരിശോധിച്ചാല്‍ ഓരോ വര്‍ഷവും വില്‍പ്പന വരുമാനം ഉയര്‍ത്തുന്ന പതിവ് വിന്‍സം ടെക്സ്റ്റൈലിനുണ്ട്. ഇതേസമയം 2020, 2021 സാമ്പത്തിക വര്‍ഷങ്ങളിലെ ലാഭത്തില്‍ ശക്തമായ ഇടിവ് സംഭവിച്ചു. കഴിഞ്ഞ 20 വര്‍ഷമായി കമ്പനിയുടെ ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം 1 -ന് മുകളിലാണ്. 2011 -ന് ശേഷം ലാഭവിഹിതം കൊടുത്ത ചരിത്രം വിന്‍സം ടെക്സ്റ്റൈലിനില്ല. എന്തായാലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 290 ശതമാനം ഉയര്‍ച്ച കമ്പനിയുടെ ഓഹരികള്‍ കാഴ്ച്ചവെക്കുന്നുണ്ട്. 25 രൂപയില്‍ നിന്നും 101 രൂപയിലേക്കാണ് വിന്‍സം ഓഹരികളുടെ കുതിച്ചുച്ചാട്ടം.
വിസ സ്റ്റീല്‍
ഇന്ത്യയില്‍ വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം സമാഹരിച്ചിട്ടുള്ള രണ്ടാമെത്ത പെന്നി സ്റ്റോക്കാണ് വിസ സ്റ്റീല്‍. ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങളുടെയും ഉയര്‍ന്ന കാര്‍ബണ്‍ ഫെറോ ക്രോമിന്റെയും നിര്‍മാണത്തിലാണ് വിസ സ്റ്റീല്‍ പ്രധാനമായും ഏര്‍പ്പെടുന്നത്. 2021 ഡിസംബര്‍ പാദം വരെ വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയില്‍ 21.95 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വികാസ് ഇന്ത്യ ഇഐഎഫ് ഫണ്ടാണ് വിസ സ്റ്റീലില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപം നടത്തിയിട്ടുള്ളത്.
കഴിഞ്ഞ 12 പാദങ്ങളിലും വിദേശ നിക്ഷേപകര്‍ കമ്പനിയുടെ ഓഹരികള്‍ വില്ക്കാന് കൂട്ടാക്കിയിട്ടില്ല. പ്രമോട്ടര്‍മാരുടെ കൈവശം വിസ സ്റ്റീലിന്റെ 58.9 ശതമാനം ഓഹരികളാണ് തുടരുന്നത്. ഈ ഓഹരികള്‍ മുഴുവന്‍ പ്രമോട്ടര്‍മാര്‍ ഈടുവെച്ചതും കാണാം.
കമ്പനിക്ക് കടബാധ്യതയുണ്ട്. സ്ഥിരതയില്ലാത്ത വില്‍പ്പനയും തുടരുന്ന നഷ്ടങ്ങളും സ്റ്റോക്കിലെ അപായസൂചനകളാണ്. എന്തായാലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 300 ശതമാനത്തിലധികം ലാഭം നല്കാന് വിസ സ്റ്റീലിന് കഴിഞ്ഞിട്ടുണ്ട്. 2021 ഏപ്രിലില്‍ 6 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 25 രൂപയിലാണ് താളംപിടിക്കുന്നത്. ബുധനാഴ്ച്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിന് വിസ സ്റ്റീല്‍ സാക്ഷിയാണ്.
ബ്ലിസ് ജിവിഎസ് ഫാര്‍മ
കാപ്സ്യൂളുകള്‍, ടാബ്ലെറ്റുകള്, സിറപ്പുകള്‍ എന്നിവയുടെ രൂപത്തില്‍ ഫാര്‍മ ഫോര്മ്യുലേഷനുകള് നിര്‍മിക്കുകയും മാര്‍ക്കറ്റ് ചെയ്യുകയും വിപണനം ചെയ്യുകയും കയറ്റുമതിയും ചെയ്യുന്ന ഫാര്‍മ കമ്പനിയാണ് ബ്ലിസ് ജിവിഎസ് ഫാര്‍മ. 64 -ല്‍പ്പരം രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. സബ്-സഹാറന്‍ ആഫ്രിക്കയിലാണ് ബ്ലിസ് ജിവിഎസ് ഫാര്‍മയ്ക്ക് മേല്‍ക്കൈ. അവിടുത്തെ മലേറിയ സെഗ്മന്റില്‍ 75 ശതമാനത്തിലധികം വിപണി വിഹിതമുണ്ടെന്നാണ് മാനേജ്മെന്റിന്റെ അവകാശവാദം.
നിലവില്‍ ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, വടക്കെ അമേരിക്ക എന്നിവടങ്ങിലെ മാര്‍ക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ കമ്പനി നീക്കങ്ങള്‍ നടത്തിവരികയാണ്. സനോഫി, സണ്‍ ഫാര്‍മ, മാന്‍കൈന്‍ഡ്, ആല്‍ക്കെം തുടങ്ങിയ മുന്‍നിര കമ്പനികള്‍ക്കും ബ്ലിസ് ജിവിഎസ് ഫാര്‍മ മരുന്നുകള്‍ നിര്‍മിച്ചുകൊടുക്കുന്നുണ്ട്.
2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയില്‍ 19.6 ശതമാനമാണ് ഓഹരി പങ്കാളിത്തമുള്ളത് (20.3 മില്യണ്‍ ഓഹരികള്‍). ഇതേസമയം, കഴിഞ്ഞ ഏഴു പാദങ്ങളിലായി വിദേശ നിക്ഷേപകര്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം തുടരെ കുറയ്ക്കുന്നുണ്ട്. 2020 മാര്‍ച്ചില്‍ 24.2 ശതമാനം പങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്കുണ്ടായിരുന്നു.
വിദേശ നിക്ഷേപകര്‍ക്ക് പുറമെ ആഭ്യന്തര നിക്ഷേപകര്‍ക്കും ബ്ലിസ് ജിവിഎസ് ഫാര്‍മയില്‍ താത്പര്യമുണ്ട്. നിലവില്‍ 6.7 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരുടെ കൈവശം ഭദ്രമാണ്. വാസ്തവത്തില്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് ഭീമന്മാരായ എല്‍ഐസിയാണ് സിംഹഭാഗം നിക്ഷേപങ്ങളും ആഭ്യന്തര നിക്ഷേപകരുടെ ഭാഗത്തുനിന്ന് നടത്തിയിട്ടുള്ളത്. 2019 മാര്‍ച്ചില്‍ 1.62 ശതമാനമായിരുന്നു എല്‍ഐസിയുടെ പങ്കാളിത്തം. എന്നാല്‍ 2021 ഡിസംബര്‍ ആയപ്പോഴേക്കും 6.66 ശതമാനമായി നിക്ഷേപം ഉയര്‍ന്നു.
കണക്കുപുസ്തകത്തില്‍ ബ്ലിസ് ജിവിഎസ് ഫാര്‍മയുടെ കടങ്ങള്‍ വരുതിക്കുള്ളിലാണ്. ലാഭക്ഷമതയുടെയും വില്‍പ്പനയുടെയും കാര്യത്തില്‍ മോശമില്ലാത്ത ട്രാക്ക് റെക്കോര്‍ഡ് കമ്പനി അവകാശപ്പെടുന്നു. ഒരുപരിധി വരെ ലാഭവിഹിതം നല്കുന്ന പതിവും ഇവര്‍ക്കുണ്ട്. ബുധനാഴ്ച്ച 81 രൂപയിലാണ് ബ്ലിസ് ജിവിഎസ് ഫാര്‍മ ഓഹരികള്‍ വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 16 ശതമാനം തകര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്.
സീ ലേണ്‍
വൈവിധ്യമാര്‍ന്ന പ്രീമിയം വിദ്യാഭ്യാസ സ്ഥാപനമാണ് സീ ലേണ്‍. ഒന്നലധികം ഉത്പന്നങ്ങളിലൂടെയും ബ്രാന്ഡുകളിലൂടെയും പഠനപരിഹാരങ്ങളും പരിശീലനവും സീ ലേണ്‍ നല്‍കുന്നുണ്ട്. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവികസനങ്ങളും സീ ലേണ്‍ ലഭ്യമാക്കുന്നുണ്ട്. കമ്പനിയില്‍ 18.7 ശതമാനം പങ്കാളിത്തമാണ് വിദേശ നിക്ഷേപകര്‍ക്കുള്ളത്. ഇതേസമയം, ഓരോ പാദങ്ങളിലും ഓഹരികള്‍ വിറ്റൊഴിവാക്കുന്ന പ്രവണത വിദേശ നിക്ഷേപകരുടെ ഭാഗത്തുനിന്ന് കാണാം.
ഈ വര്‍ഷം തുടക്കം മുതല്‍ ശക്തമായ വില്‍പ്പന സമ്മര്‍ദം സീ ലേണ്‍ നേരിടുന്നുണ്ട്. ജനുവരിയില്‍ മോര്ഗന് സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) 47.69 ലക്ഷം ഓഹരികള്‍ വിറ്റൊഴിവാക്കുകയുണ്ടായി. ഇക്കാലത്ത് ഇന്‍ഡസ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കും സീ ലേണിലെ 71.32 ലക്ഷം ഓഹരികള്‍ വിറ്റു. കടം പെരുകുന്നതും കോര്‍പ്പറേറ്റ് ഭരണത്തിലെ വീഴ്ച്ചകളും വളര്‍ച്ചയിലെ പാകപ്പിഴവുകളും ചൂണ്ടിക്കാട്ടി വിദേശ നിക്ഷേപകരുടെ സംഘത്തില്‍ നിന്നുള്ള മൂണ്‍ കാപ്പിറ്റല്‍ കമ്പനിയുടെ പ്രമോട്ടര്‍മാരോട് പിന്മാറാന് ആവശ്യപ്പെട്ടിരുന്നു.
സീ ലേണില്‍ 51 ശതമാനം ഓഹരി പങ്കാളിത്തം കൈക്കലാക്കാന്‍ ബൈജൂസും ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവരികയുണ്ടായി. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ സംഭവവികാസങ്ങളുണ്ടായില്ല. എന്തായാലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 40 ശതമാനം ആദായം തിരിച്ചുകൊടുക്കാന്‍ സീ ലേണ്‍ ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 14 രൂപയാണ് സീ ലേണിന്റെ ഇപ്പോഴത്തെ ഓഹരി വില.
ബാലാജി ടെലിഫിലിംസ്
സിനിമാ നിര്‍മാണം, ഇവന്റുകള്‍, ഡിജിറ്റല്‍ കണ്ടന്റ് ബിസിനസ് തുടങ്ങിയ രംഗങ്ങളില്‍ ചുവടുവെയ്ക്കുന്ന കമ്പനിയാണ് ബാലാജി ടെലിഫിലിംസ്. ഇന്ത്യയിലെ ടെലിവിഷന്‍ രംഗത്ത്, പ്രത്യേകിച്ച് ഹിന്ദിയില്‍ ശക്തമായ സാന്നിധ്യം കമ്പനിക്കുണ്ട്. ടെലിഫിലിം ബിസിനസില്‍ 25 വര്‍ഷത്തിലേറെയുള്ള പാരമ്പര്യമാണ് ബാലാജി ടെലിഫിലിംസ് മുറുക്കെപ്പിടിക്കുന്നത്. ഇക്കാലയളവില്‍ അഞ്ച് ഭാഷകളിലായി 150 -ലധികം ടിവി പരമ്പരകള്‍ ഇവര്‍ ചെയ്തു.
2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ക്ക് ബാലാജി ടെലിഫിലിംസില്‍ 18.34 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വിദേശ നിക്ഷേപകര്‍ ബാലാജി ടെലിഫിലിംസ് ഓഹരികള്‍ കൈവിടാതെ സൂക്ഷിക്കുകയാണ്. ഇതേസമയം, ലിസ്റ്റു ചെയ്ത നാളുതൊട്ട് മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര നിക്ഷേപകര്‍ ഈ പെന്നി ഓഹരിയെ വാങ്ങിയും വിറ്റും പരീക്ഷിക്കുന്നുണ്ട്. നിലവില്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് ബാലാജി ടെലിഫിലിംസില്‍ നിക്ഷേപമില്ല.
നേരത്തെ, കോവിഡ് കാലത്ത് തീയേറ്ററുകള്‍ അടഞ്ഞതോടെ കമ്പനിയുടെ ബിസിനസ് സാരമായി തകര്‍ന്നിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മാറി തീയേറ്ററുകള്‍ തുറക്കുന്ന സാഹചര്യം ബാലാജി ടെലിഫിലിംസിന് ഇപ്പോള്‍ പുത്തനുണര്‍വ് സമ്മാനിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 42 ശതമാനം ഉയര്‍ച്ചയാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. 51 രൂപയില്‍ നിന്നും 73 രൂപയിലേക്കാണ് ഓഹരി വിലയുടെ എടുത്തുച്ചാട്ടം.
വിദേശ നിക്ഷേപകര്‍ സമാഹരിച്ചുവെച്ചിട്ടുള്ള മറ്റു പെന്നി ഓഹരികളുടെ പട്ടികയും ചുവടെ കാണാം.
- ഹൗസിങ് ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ - 16.63 ശതമാനം
- നിയോജിന്‍ ഫിന്‍ടെക്ക് - 15.32 ശതമാനം
- ന്യൂ ലൈറ്റ് അപ്പാരല്‍സ് - 14.68 ശതമാനം
- ടൂറിസം ഫൈനാന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ - 14.14 ശതമാനം
- യാരി ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ് - 13.69 ശതമാനം
- ഓറിയന്റ് അബ്രേസീവ്സ് - 13.24 ശതമാനം
- സിക്കാജന് ഇന്ത്യ - 12.33 ശതമാനം
- എസ്ഇ പവര്‍ - 12.21 ശതമാനം
- ധനലക്ഷ്മി ബാങ്ക് - 11.49 ശതമാനം
- ഓറിയന്റല്‍ ട്രൈമക്സ് - 11.18 ശതമാനം
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications