ഒരുഭാഗത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും വിപണി വീണ്ടും ഉയര്‍ച്ചയുടെ പാതയില്‍ കാലെടുത്ത് വെയ്ക്കുകയാണ്. റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്നും 10 ശതമാനത്തോളം വീണ സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്നു.
ഇങ്ങനെയൊരു മാര്‍ക്കറ്റ് അന്തരീക്ഷത്തില്‍ നിരവധി സ്റ്റോക്കുകളാണ് ബ്രേക്കൗട്ട് കണ്ടെത്തുന്നത്. ഹ്രസ്വകാല നിക്ഷേപകര്‍ക്ക് മോശമല്ലാത്ത ലാഭം ഇപ്പോള്‍ പിടിക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. ഈ അവസരത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള 7 സ്റ്റോക്കുകള്‍ ചുവടെ കാണാം.
വെല്‍സ്പണ്‍ ഇന്ത്യ
കഴിഞ്ഞ ഏതാനും മാസമായി ഏകീകൃത പാറ്റേണില്‍ ചുവടുവെച്ച വെല്‍സ്പണ്‍ ഇന്ത്യ ഇപ്പോള്‍ 152-153 രൂപ റേഞ്ചിന് മുകളില്‍ ഉയരാന്‍ ശ്രമിക്കുകയാണ്. ഈ കടമ്പ ശക്തമായി മറികടന്നാല്‍ നിര്‍ണായക ബ്രേക്കൗട്ടായിരിക്കും അരങ്ങേറുക. കഴിഞ്ഞ കുറെ മാസങ്ങളായി 10, 20 ആഴ്ച്ചക്കാലയളവിലെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് മുകളിലാണ് കമ്പനിയുടെ ഓഹരി വില. ശക്തമായ ഇന്റര്‍മീഡിയേറ്റ് അപ്‌ട്രെന്‍ഡാണിത് പറഞ്ഞുവെയ്ക്കുന്നതും.
അതുകൊണ്ട് 152 രൂപ വരെയുള്ള ഓരോ വീഴ്ച്ചയിലും വെല്‍സ്പണ്‍ ഇന്ത്യ ഓഹരികള്‍ വാങ്ങാം. അടുത്ത മൂന്നു മുതല്‍ നാല് ആഴ്ച്ച കൊണ്ട് 175 രൂപ വരെ ഉയരാന്‍ സ്റ്റോക്കിന് കഴിഞ്ഞേക്കും. ഇതേസമയം, 147 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്.
നിര്‍ദേശം: നാഗരാജ് ഷെട്ടി, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്
ഹിന്ദുസ്താന്‍ കോപ്പര്‍
ബ്രേക്കൗട്ടിന്റെ തുഞ്ചത്ത് നില്‍ക്കുകയാണ് ഹിന്ദുസ്താന്‍ കോപ്പര്‍. 130-132 രൂപ റേഞ്ചില്‍ ഓഹരി വില താളം പിടിക്കുന്നു. ഇതിന് മുകളില്‍ ശക്തമായ ക്ലോസിങ്ങുണ്ടായാല്‍ ഹ്രസ്വകാലത്തേക്ക് ഹിന്ദുസ്താന്‍ കോപ്പറിന്റെ ഓഹരി വിലയില്‍ പോസിറ്റീവ് ട്രെന്‍ഡ് പ്രതീക്ഷിക്കാം. സമീപകാലത്ത് സ്റ്റോക്കില്‍ വോളിയം വര്‍ധനവ് സംഭവിക്കുന്നുണ്ട്.
പ്രതിവാര ആര്‍എസ്‌ഐ ചിത്രം (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) നല്‍കുന്നതും ബുള്ളിഷ് സൂചനതന്നെ. അതുകൊണ്ട് 127 രൂപ വരെയുള്ള വീഴ്ചകളില്‍ എല്ലാം ഹിന്ദുസ്താന്‍ കോപ്പര്‍ വാങ്ങാം. അടുത്ത മൂന്നു മുതല്‍ നാല് ആഴ്ച്ച കൊണ്ട് കമ്പനിയുടെ ഓഹരി വില 148 രൂപയിലേക്ക് ഉയരാം. സ്റ്റോപ്പ് ലോസ് 123 രൂപ.
നിര്‍ദേശം: നാഗരാജ് ഷെട്ടി, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്
അലെമ്പിക് ഫാര്‍മ
ജൂലായിലെ ശക്തമായ തിരുത്തലിന് ശേഷം ഏകീകരണ ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു അലെമ്പിക് ഫാര്‍മ. 200 ദിവത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന്റെ പിന്തുണയ്ക്ക് അരികിലാണ് പ്രതിവാര ചാര്‍ട്ടില്‍ സ്റ്റോക്കിന്റെ ഇടപാടുകള്‍. എന്നാല്‍ വ്യാഴാഴ്ച്ച ബ്രേക്കൗട്ട് കുറിക്കാന്‍ അലെമ്പിക് ഫാര്‍മയ്ക്ക് സാധിച്ചു. സമീപകാലത്തെ പ്രതിദിന ശരാശരി കണക്കിലെടുത്താല്‍ ഇപ്പോഴുള്ള വോളിയം തൃപ്തികരമാണ്.
പ്രതിവാര ചാര്‍ട്ടില്‍ ആര്‍എസ്‌ഐ ചിത്രവും (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) പോസിറ്റീവ് കാഴ്ച്ചപ്പാടാണ് പങ്കുവെയ്ക്കുന്നത്. അതുകൊണ്ട് വൈകാതെ സ്റ്റോക്കില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. ഹ്രസ്വകാല നിക്ഷേപകര്‍ക്ക് 840-835 രൂപ റേഞ്ചില്‍ അലെമ്പിക് ഫാര്‍മ ഓഹരികള്‍ വാങ്ങാവുന്നതാണ്. ടാര്‍ഗറ്റ് വില 888 രൂപ. സ്റ്റോപ്പ് ലോസ് 812 രൂപ.
നിര്‍ദേശം: രുചിത് ജെയിന്‍, ലീഡ് റിസര്‍ച്ച്, 5പൈസ ഡോട്ട് കോം
എബി ഫ്യൂച്ചര്‍ റീടെയില്‍
കഴിഞ്ഞ ഏതാനും മാസമായി ഏകീകരണ ഘട്ടത്തില്‍ തുടരുന്ന മറ്റൊരു സ്റ്റോക്കാണ് എബി ഫ്യൂച്ചര്‍ റീടെയില്‍. ഇതേസമയം, കുറച്ചുകൂടി വലിയ സമയചിത്രം പരിശോധിച്ചാല്‍ സ്‌റ്റോക്കിലെ വിശാല ട്രെന്‍ഡ് പോസിറ്റീവാണ്. സമയക്രമമായി സംഭവിക്കുന്ന തിരുത്തലാണ് ഇപ്പോള്‍ നടക്കുന്നത്.
ഏകീകരണ ഘട്ടത്തില്‍ കഴിയുന്ന ഈ സ്‌റ്റോക്കിലെ ട്രെന്‍ഡ് ലൈനുകള്‍ ചേര്‍ത്തുവരച്ചാല്‍ ത്രികോണ പാറ്റേണ്‍ ആണ് രൂപംകൊള്ളുന്നത്. വോളിയം വര്‍ധനവ് മുന്‍നിര്‍ത്തി ഇതില്‍ നിന്നുമൊരു ബ്രേക്കൗട്ട് എബി ഫ്യൂച്ചര്‍ റീടെയില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. അതുകൊണ്ട് 294 രൂപ, 306 രൂപ ലക്ഷ്യവിലകള്‍ ഉറപ്പിച്ച് ട്രേഡര്‍മാര്‍ക്ക് ഈ സ്റ്റോക്ക് വാങ്ങാം. 274 രൂപ സ്റ്റോപ്പ് ലോസും കരുതണം.
നിര്‍ദേശം: രുചിത് ജെയിന്‍, ലീഡ് റിസര്‍ച്ച്, 5പൈസ ഡോട്ട് കോം
എച്ച്ഡിഎഫ്‌സി ബാങ്ക്
200 ദിവസത്തെ പ്രതിദിന മൂവിങ് ആവറേജിന്റെ പിന്തുണയ്ക്ക് അരികില്‍ നിന്നും എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ ഉയര്‍ന്നുകഴിഞ്ഞു. എംഎസിഡി, ആര്‍എസ്‌ഐ പോലുള്ള സൂചകങ്ങള്‍ സ്‌റ്റോക്കിലെ പോസിറ്റീവ് ട്രെന്‍ഡ് പറഞ്ഞുവെയ്ക്കുന്നുണ്ട്. ഹ്രസ്വകാലം കൊണ്ട് എച്ച്ഡിഎഫ്‌സി ബാങ്ക് 1,670 രൂപയിലേക്ക് ചുവടുവെയ്ക്കാം. ഇതേസമയം, സ്റ്റോക്കില്‍ 1,370 രൂപയുടെ സ്‌റ്റോപ്പ് ലോസ് കരുതാന്‍ വിട്ടുപോകരുത്.
നിര്‍ദേശം: വിജയ് ധനോഠിയ, ടെക്‌നിക്കല്‍ റിസര്‍ച്ച് ലീഡ്, കാപ്പിറ്റല്‍ വിയ ഗ്ലോബല്‍ റിസര്‍ച്ച്
കാന്‍ഫിന്‍ ഹോംസ്
ആരോഹണ പാതയിലാണ് കാന്‍ഫിന്‍ ഹോംസ് ഓഹരികള്‍. 200 ദിവസത്തെ പ്രതിദിന മൂവിങ് ആവറേജിന് അരികിലാണ് സ്റ്റോക്കിന്റെ ഇപ്പോഴത്തെ വ്യാപാരം. 590 രൂപയ്ക്ക് മുകളില്‍ തുടരുന്നതുവരെയും കാന്‍ഫിന്‍ ഹോംസ് ഓഹരികള്‍ വാങ്ങാം. ഇടക്കാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 680 രൂപ വരെയ്ക്കും ഉയരാം. സ്റ്റോപ്പ് ലോസ് 510 രൂപ.
നിര്‍ദേശം: വിജയ് ധനോഠിയ, ടെക്‌നിക്കല്‍ റിസര്‍ച്ച് ലീഡ്, കാപ്പിറ്റല്‍ വിയ ഗ്ലോബല്‍ റിസര്‍ച്ച്
എസിസി
200 ദിവസത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന്റെ പിന്തുണയ്ക്ക് അരികില്‍ നിന്നും എസിസി ഓഹരികള്‍ ഉയര്‍ന്നുകഴിഞ്ഞു. എംഎസിഡി, ആര്‍എസ്‌ഐ പോലുള്ള സൂചകങ്ങള്‍ സ്‌റ്റോക്കിലെ പോസിറ്റീവ് ട്രെന്‍ഡ് പറഞ്ഞുവെയ്ക്കുന്നുണ്ട്. ഹ്രസ്വകാലം കൊണ്ട് എസിസി 2,550 രൂപയിലേക്ക് ചുവടുവെയ്ക്കാം. ഇതേസമയം, സ്റ്റോക്കില്‍ 2,080 രൂപയുടെ സ്‌റ്റോപ്പ് ലോസ് കരുതാന്‍ വിട്ടുപോകരുത്.
നിര്‍ദേശം: വിജയ് ധനോഠിയ, ടെക്‌നിക്കല്‍ റിസര്‍ച്ച് ലീഡ്, കാപ്പിറ്റല്‍ വിയ ഗ്ലോബല്‍ റിസര്‍ച്ച്
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications