സ്ഥിരമായൊരു ജോലി കിട്ടിയതോടെയാണ് അശ്വിന്‍ ഒരു എല്‍ഐസി പോളിസിക്ക് ചേര്‍ന്നത്. നാട്ടുകാരനായ ഏജന്റിന്റെ നിര്‍ദ്ദേശ പ്രകാരം നികുതുയിളവും ദീര്‍ഘകാല നിക്ഷേപമെന്ന നിലയ്ക്കാണ് എല്‍ഐസി പോളിസിയിലേക്ക് ചാടിയത്. പിന്നീട് സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങളെ പറ്റി പരിശോധിച്ചപ്പോഴാണ് എല്‍ഐസിയിലെ നിക്ഷേപം തെറ്റാണോ എന്ന ചിന്ത തുടങ്ങിയത്. ഇപിഎഫ് നിക്ഷേപത്തിലൂടെയും ഭവന വായ്പയിലൂടെയപം നികുതി ഇളവുകള്‍ ലഭിച്ചു കൊണ്ടിരിക്കെ പോളിസി ബാധ്യതയായി മാറുകയാണെന്നാണ് അശ്വിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
സറണ്ടർ പോളിസി
കാലാവധി എത്തുന്നതിന് മുന്‍പ് പോളിസി തിരിച്ചേല്‍പ്പിക്കുന്നതിനെയാണ് സറണ്ടര്‍ ചെയ്യുക എന്നത് കൊണ്ട് ഉദ്യേശിക്കുന്നത്. സറണ്ടര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന തുകയാണ് സരണ്ടര്‍ വാല്യു. ലൈഫ് കവര്‍ ഇതോടെ അവസാനിക്കും. സറണ്ടര്‍ വാല്യു അതു വരെ അടച്ച് പ്രീമിയവുമായി ഒത്തു നോക്കിയാണ് കണക്കാക്കുന്നത്. ലൈഫ് ഇന്‍ഷൂറിനൊപ്പം സമ്പാദ്യവും ഉറപ്പാക്കുന്ന എന്‍ഡൗമെന്റ് പോളിസികളാണ് പലരും തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിലുള്ള ജീവന്‍ ആനന്ദ് അടിസ്ഥാനമാക്കി സറണ്ടർ ചെയ്യുന്നതിനെ പറ്റി നോക്കാം.
പ്രായത്തെ അടിസ്ഥാനമാക്കിയാണ് പ്രീമിയവും കാലയളവും തീരുമാനിക്കുന്നത്. കാലവധിയില്‍ അഷ്വേഡ് തുകയും ബോണസുകളും ലഭിക്കും. നാല് ലക്ഷത്തിന്റെ ജീവന്‍ ആനന്ദ് പോളിസി എടുത്തയാള്‍ക്ക് വര്‍ഷത്തില്‍ അടക്കേണ്ട പ്രീമിയം 27,340 രൂപയാണ്. മൂന്ന് വര്‍ഷമാണ് മൂന്ന് പ്രീമിയമാണ് അടച്ചത്. 18 വര്‍ഷമാണ് പോളിസി അടയ്‌ക്കേണ്ട കാലയളവ്.
എത്ര തുക സറണ്ടർ വാല്യു ലഭിക്കും
പോളിസി നിര്‍ത്താന്‍ തീരുമാനമെടുക്കുമ്പോള്‍ ലഭിക്കുന്ന തുകയാണ് സറണ്ടര്‍ വാല്യു. എല്‍ഐസി എന്‍ഡൗമെന്റ് പോളിസികിളില്‍ 3 വാര്‍ഷിക പ്രീമിയം അടച്ചാല്‍ മാത്രമെ സറണ്ടര്‍ വാല്യുവിന് അര്‍ഹതയുള്ളൂ. ഗ്യാരണ്ടിഡ് സറണ്ടര്‍ വാല്യു, സ്‌പെഷ്യല്‍ സറണ്ടര്‍ വാലു എന്നി ങ്ങനെ രണ്ട് തരത്തിലുണ്ട്. ജീവന്‍ ആനന്ദ് പ്രീമിയത്തിന്റെ കേസില്‍ ഗ്യാരണ്ടിഡ് സറണ്ടര്‍ വാല്യു എന്നത് അതുവരെ അടച്ച പ്രീമിയത്തിന്റെ 30 ശതമാനമാണ് . ഇതില്‍ ആദ്യ വര്‍ഷത്തെ പ്രീമിയം ഉൾപ്പെടുത്തില്ല. സ്‌പെഷ്യല്‍ സറണ്ടര്‍ വാല്യു ഗ്യാരണ്ടി സറണ്ടര്‍ വാല്യു തുകയോ അതിനെക്കാള്‍ ഉയര്‍ന്ന തുകയോ ആയിരിക്കും.
3 മുതല്‍ നാല് വര്‍ഷം വരെയുള്ള പോളിസി അടച്ചാല്‍ 80 ശതമാനം വരെ സറണ്ടർ വാല്യു ലഭിക്കും. 4 വര്‍ഷത്തിനും 5 നും ഇടയില്‍ കാലയളവില്‍ പ്രീമിയം അടച്ച ശേഷം പിന്‍വലിച്ചാല്‍ 90 ശതമാനം സറണ്ടർ വാല്യു ലഭിക്കും. 5 വര്‍ഷത്തിന് മുകളില്‍ പ്രീമിയം അടച്ചാല്‍ 100 ശതമാനം തുകയും സറണ്ടർ വാല്യുവായി ലഭിക്കും. പോളിസി സറണ്ടർ ചെയ്യുന്നത് പൊതുവെ നഷ്ടമായതിനാൽ പ്രീമിയം അടവ് നിര്‍ത്തി പോളിസി തുടരുന്നതാണ് പരിഹാരം. സറണ്ടര്‍ ചെയ്യാതെ ലൈഫ് കവര്‍ ആനുകൂല്യം നേടാം. ഇതോടെ പോളിസി പെയ്ഡ് അപ്പ് പോളിസായായി മാറും. പെയ്ഡ് അപ് പോളിസിയുടെ അഷ്വേഡ് തുക കുറയും.
നടപടി ക്രമങ്ങൾ
പോളിസി ബോണ്ടുമായി എല്‍ഐസി ബ്രാഞ്ചിലെത്തണം. പോളിസി എടുത്ത ബ്രാഞ്ചില്‍ തന്നെ സറണ്ടര്‍ ചെയ്യാന്‍ പോകുന്നതാണ് ഉചിതം. ബ്രാഞ്ചില്‍ നിന്ന് സറണ്ടര്‍ ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കണം. എല്‍ഐസി വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പോളിസി സറണ്ടര്‍ ചെയ്യുന്നതിനായി ഫോട്ടോ തിരിച്ചറിയാല്‍ കാര്‍ഡ് സമര്‍പ്പിക്കണം. ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ്, പേര് അച്ചടിച്ച ക്യാന്‍സല്‍ഡ് ചെക്ക് എന്നിവ ഹാജരാക്കണം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 7-10 ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടിലെത്തും.


Click it and Unblock the Notifications