കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഹരി വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഭൂരിഭാഗം ഓഹരികളും തിരുത്തല്‍ നേരിട്ട് ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും താഴേക്ക് പതിച്ചിട്ടുണ്ട്. വൈവിധ്യവത്കരണത്തിന്റെ സാധ്യതകള്‍ അന്വേഷിക്കാതെയും നിക്ഷേപ തുക മുഴുവന്‍ ഓഹരിയില്‍ മാത്രം നിക്ഷേപിച്ചിട്ടുള്ള റീട്ടെയില്‍ നിക്ഷേപകരില്‍ കുറച്ചു പേരുടെ എങ്കിലും പോര്‍ട്ട്‌ഫോളിയോ ചുവപ്പണിഞ്ഞു കാണും. അടിസ്ഥാനപരമായി മികച്ച ഓഹരികളിലാണ് നിക്ഷേപമെങ്കില്‍ വിപണിയിലെ അന്തരീക്ഷം മെച്ചമാകുമ്പോള്‍ വിലയും ഉയരുക തന്നെ ചെയ്യും. അത്രയും കാലം ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം. എന്നാല്‍, നിക്ഷേപ തുകയില്‍ ഒരു വിഹിതം സ്ഥിരവരുമാനം കിട്ടുന്ന പദ്ധതികളിലേക്കും നീക്കി വെച്ചിരുന്നെങ്കില്‍ കാത്തിരിപ്പിനിടെയിലും ഒരു വരുമാനം മുടങ്ങാതെ ഉറപ്പാക്കാമായിരുന്നു.
ഇത്തരത്തില്‍ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതിനോടൊപ്പം സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും എന്തു ചെയ്യാനാകുമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ പരിഗണിക്കാവുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഉള്ളതിനാല്‍ നിക്ഷേപത്തിന് റിസ്‌ക് ഇല്ലെന്ന് തന്നെ പറയാം. അതായത് നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ തുക തിരികെ ലഭിക്കുന്ന കാര്യത്തില്‍ ആശങ്കയുടെ വിഷയമേയില്ല.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ഉറപ്പുള്ളതും മുടങ്ങാതെ ലഭിക്കുന്ന വരുമാനവുമാണ് നിക്ഷേപമെന്നതിലൂടെ അര്‍ത്ഥമാക്കുന്നവര്‍ക്ക് ധൈര്യമായി ചേരാവുന്ന ഒരു നിക്ഷേപ മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഏതൊരു ഇന്ത്യന്‍ പൗരനും ഈ ചെറുകിട നിക്ഷേപ പദ്ധതിയില്‍ അംഗമാകാം. വ്യക്തിഗതമായോ ജോയിന്റ് അക്കൗണ്ട് രീതിയിലോ ഒറ്റത്തവണ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. ഇതിനുള്ള പലിശ നിക്ഷേപ തീയതി മുതല്‍ പ്രതിമാസ കണക്കില്‍ വരവുവെച്ച് മാസം പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടിലൂടെ കൈമാറും. ഇത് നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതുവരെ മുടക്കമില്ലാതെ ലഭിക്കും.
നിലവില്‍ 5 വര്‍ഷമാണ് സ്‌കീമിന്റെ കാലവധി. താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാം. വ്യക്തികള്‍ക്ക് കുറഞ്ഞത് 1,000 രൂപയും പരമാവധി 4.5 ലക്ഷവുമാണ് നിക്ഷേപിക്കാനാകുക. എന്നാല്‍ പങ്കാളികള്‍ക്ക് ജോയിന്റ് അക്കൗണ്ടിന് കീഴില്‍, ഒരാള്‍ക്ക് 4.5 ലക്ഷം വീതം പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാനും സാധിക്കും. 2020 ഏപ്രില്‍ മുതല്‍ പലിശ നിരക്ക് 6.6 ശതമാനമാണ്. ഈ പദ്ധതിക്ക് ആദായ നികുതി ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല. എങ്കിലും പലിശ വരുമാനത്തെ സ്രോതസില്‍ നികുതി പിടിക്കുന്നതില്‍ (TDS) നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഉദാഹരണത്തിന്, വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി തുകയായ 4.5 ലക്ഷം രൂപയാണ് നിക്ഷേപിച്ചിട്ടുള്ളതെങ്കില്‍ നിലവിലെ പലിശ നിരക്ക് പ്രകാരം 29,700 രൂപ പലിശ ഇനത്തല്‍ ഒരു വര്‍ഷം ലഭിക്കും. എന്നാല്‍ 2 പേര്‍ ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടായി തുടങ്ങുകയും പരമാവധി 9 ലക്ഷം രൂപ നിക്ഷേപിച്ചിട്ടും ഉണ്ടെങ്കില്‍ പ്രതിവര്‍ഷം 59,400 രൂപ പലിശ ഇനത്തില്‍ ലഭിക്കും. അതായത് പ്രതിമാസം 4,950 രൂപ വീതം മുടക്കമില്ലാതെ ലഭിക്കുമെന്ന് ചുരുക്കം.
അതേസമയം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്നെ തുക പിന്‍വലിച്ചാല്‍ പിഴ ഈടാക്കും. അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ മുതല്‍ എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാം. ഇതില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുകയും എന്നാല്‍ മൂന്ന് വര്‍ഷം തികയുന്നതിന് മുന്നെയുമാണ് അക്കൗണ്ട് അവസാനിപ്പിക്കുന്നതെങ്കില്‍ നിക്ഷേപ തുകയുടെ 2 ശതമാനം പിഴ ഈടാക്കും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ തുകയുടെ 1 ശതമാനം കിഴിവ് ചെയ്യും. അതേസമയം, അക്കൗണ്ട് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലേക്ക് മാറ്റുന്നതിനും തടസങ്ങളില്ല.


Click it and Unblock the Notifications