'സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ' എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ ആഭരപ്രേമികൾ. വേറെ ഒന്നുമല്ല കാരണം. റോക്കറ്റ് വേഗതയിൽ കുതിച്ച് വിലയിൽ പുതിയ റെക്കോർഡുകൾ തീർത്ത സ്വർണം പതിയെ താഴോട്ടിറങ്ങുകയാണ്. കഴിഞ്ഞ 2 ദിവസത്തിനിടെ ഏകദേശം 1,500 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയിലെ ഇടിവ് തുടർന്നാൽ അത് നൽകുന്ന ആശ്വാസം ചില്ലറയായിരിക്കില്ല.
വലിയ ആശ്വാസം
പവന് 54,040 രൂപ എന്ന നിരക്കിലായിരുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ സ്വർണവ്യാപാരം. ഗ്രാമിന് 6,755 രൂപ. എന്നാൽ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും പവന്‍റെ വില 1120 രൂപ കുറഞ്ഞു.
പവന് 52,920 രൂപ എന്നതാണ് ചൊവ്വാഴ്ച സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 6,615 രൂപ.

5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
ഏപ്രിൽ 19-ആം തീയ്യതിയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 54,520 രൂപയായിരുന്നു അന്നത്തെ വില. ഗ്രാമിന് 6815 രൂപ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില താഴോട്ടിറങ്ങി. 20-ആം തീയ്യതി വില 54440 രൂപയിലേക്കും 22-ആം തീയ്യതി 54040 രൂപയിലേക്കും കുറഞ്ഞു. അതായത് കഴിഞ്ഞ 5 ദിവസത്തിനിടെ സ്വർണം പവന് കുറഞ്ഞത് 1600 രൂപ.
വില വീണ്ടും കുറയും
പശ്ചിമേഷ്യയിലെ യുദ്ധഭീതിയാണ് സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയരാൻ കാരണമായത്. എന്നാൽ യുദ്ധ ഭീതി താൽക്കാലികമായി ഒഴിഞ്ഞിട്ടുണ്ട്. ഇസ്രയേലിനെതിരെ തിരക്കിട്ട് സൈനിക നടപടികൾ നടത്തില്ലെന്ന ഇറാൻ നിലപാടെടുത്തതോടെയാണ് യുദ്ധ ഭീതി ഒരു പരിധിവരെ ഒഴിവായത്. ഇതോടൊപ്പം അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതിനാൽ വരും ദിവസങ്ങളിൽ സ്വർണ വില കുറയാൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിൽ അപ്രതീക്ഷിതമായി വലിയ സംഭവ വികാസങ്ങൾ ഉണ്ടായില്ലെങ്കിൽ സ്വർണ വില വീണ്ടും 2,100 ഡോളറിലേക്ക് മൂക്ക്കുത്തിയേക്കും. അതിനാൽ വരും ആഴ്ചകളിൽ പവൻ വില 50,000 വരെ താഴാനും സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ആഗോള സ്വർണവില
ആഗോള വിപണിയിൽ സ്വര്‍ണവില ഔണ്‍സിന് 2,300 ഡോളറിനു മുകളില്‍ തുടരുകയാണ്. 30 ദിവസത്തിനിടെ ആഗോള സ്വര്‍ണവിലയില്‍ 7.39 ശതമാനം (160.59 ഡോളര്‍) വര്‍ധനയുണ്ടായി. ആറു മാസത്തെ വില വര്‍ധന 18.29 ശതമാനമാണ് (360.90 ഡോളര്‍).
ഒരു പവൻ വാങ്ങാൻ എത്ര നൽകണം..?
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 56,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

അഡ്വാൻസ് ബുക്കിംഗ്
സ്വർണവില കുറഞ്ഞ സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും.
വില തീരുമാനിക്കുന്നത് അസോസിയേഷൻ
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ദിവസം രണ്ടു തവണ വരെ സ്വർണ്ണവില പുതുക്കി നിശ്ചയിക്കാൻ ഇവർക്ക് സാധിക്കും. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്റെ ബാങ്ക് നിരക്ക്, ഇതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഡോളർ വില, ഈ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.


Click it and Unblock the Notifications