ചരിത്രത്തിൽ ആദ്യമായി സ്വർണ വില അരലക്ഷം രൂപയ്ക്ക് മുകളിലെത്തിയ മാസമാണ് കടന്ന് പോയത്. സ്വർണാഭരണം വാങ്ങാനിരുന്നവരുടെ ഹൃദയം തകർത്ത മാസം. ഏപ്രിൽ മാസവും വില വർധനവ് തുടരുമെന്ന് തന്നെയാണ് വിലയിരുത്തൽ. അതിന്‍റെ ആദ്യ സൂചനകൾ വിപണിയിൽ നിന്നും പുറത്തു വന്നു. സ്വർണത്തിന് ഏപ്രിൽ മാസത്തെ ആദ്യ ദിവസം തന്നെ വില കൂടി.
ഇന്ന് കൂടിയത് 680 രൂപ
പവന് 50,200 രൂപ എന്ന നിരക്കിലാണ് മാർച്ച് 31-ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. എന്നാൽ തിങ്കളാഴ്ച സ്വർണത്തിന് വീണ്ടും വില കൂടി. 680 രൂപയാണ് ഇന്ന് കൂടിയത്. അതോടെ പവന്‍റെ വില 50,880 രൂപയിലേക്കെത്തി. ഗ്രാമിന് 6,360 രൂപയാണ് ഇന്നത്തെ വില.

വില വർധനവ് തുടരും
ഏപ്രിൽ 1 മുതൽ തുടങ്ങിയ പുതിയ സാമ്പത്തിക വർഷത്തിലും സ്വർണ്ണവില വർധിക്കാനാണ് സാധ്യതയെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. 2024 ഏപ്രിൽ 30, മെയ് 1 തിയ്യതികളിലാണ് അടുത്ത യുഎസ് ഫെഡ് യോഗം നടക്കുന്നത്. ഇതിലെ നയ തീരുമാനങ്ങൾ സ്വർണ്ണവിലയെ സംബന്ധിച്ച് പ്രധാനമാണ്.
ആഭരണം വാങ്ങുമ്പോൾ വില വീണ്ടും കൂടും
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയെക്കാൾ കൂടുതൽ നൽകേണ്ടി വരുമെന്ന് നിങ്ങൾക്കറിയാമല്ലോ. നിലവിലെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ 55,000 രൂപ നൽകേണ്ടി വരും.
ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. മൂന്ന് ശതമാനമാണ് ജിഎസ്ടി. ഹാൾമാർക്കിംങ് ചാർജ്ജ് കൂടി നൽകുമ്പോഴാണ് വില 55,000-ലേക്കെത്തുന്നത്.
ആഗോള സ്വർണ വില
ആഗോള തലത്തിൽ മികച്ച നേട്ടത്തിലാണ് വാരത്തിന്‍റെ തുടക്കത്തിൽ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 16.68 ഡോളർ (0.74%) ഉയർന്ന് 2261.87 ഡോളർ എന്നതാണ് വില. കഴിഞ്ഞ ഒരു മാസത്തിൽ ആഗോള സ്വർണ്ണവില 119.71 ഡോളർ (5.66%) എന്ന തോതിലാണ് കുതിച്ചുയർന്നത്.
ഇന്ത്യയിലുള്ള സ്വർണം
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.

റെക്കോർഡുകൾ തീർത്ത മാസം
സ്വർണ വിലയിൽ റെക്കോർഡുകൾ തീർത്ത മാസമാണ് കടന്ന പോയത്. പവന്‍റെ വില ആദ്യമായി അരലക്ഷവും കടന്ന് മുന്നോട്ട് പോയി. മാർച്ച് മാസത്തിൽ മാത്രം ഏകദേശം 3800 രൂപയുടെ വർധനവുണ്ടായി. 46,320 രൂപയായിരുന്നു മാർച്ച് 1-ലെ സ്വർണ വില. മാർച്ച് രണ്ടാം തീയ്യതി വില 47,000 രൂപയിലേക്കെത്തി. മാർച്ച് 7-ന് പവന്‍റെ വില 48,000 രൂപയും 21-ആം തീയ്യതി 49,000 രൂപയ്ക്ക് മുകളിലേക്കും പാഞ്ഞു.
30-ആം തീയ്യതിയാണ് ആഭരണ പ്രേമികളുടെ ഹൃദയം തകർത്ത് സ്വർണ വില അരലക്ഷം കടന്നത്. പവന് 50,200 രൂപയും ഗ്രാമിന് 6275 രൂപയുമായിരുന്നു അന്നത്തെ വില.
വില വർധനവിന്‍റെ ചരിത്രം
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 45,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.


Click it and Unblock the Notifications