ഭൂരിപക്ഷം മലയാളികൾക്കും സ്വർണത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് അല്ലേ. നിറയെ സ്വർണാഭരണങ്ങൾ ധരിച്ച് ആഘോഷ പരിപാടികളിൽ പങ്കെടുക്കാനും എല്ലാവർക്കും ഇഷ്ടമാണ്. പക്ഷെ സ്വർണവില കേൾക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിലാണ്. ഓരോ ദിവസവും കൂടുതൽ ഉയരത്തിലേക്ക് പോവുകയാണ് സ്വർണവില. അരലക്ഷം രൂപയും കടന്ന് മുന്നോട്ട് കുതിക്കുകയാണ് വില. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു പവൻ സ്വർണം വാങ്ങുക എന്നത് സാധ്യമാകാത്ത തരത്തിലേക്കാണ് വില ഉയരുന്നത്.
ഇന്നും വില ഉയർന്നു
52,880 രൂപ എന്ന നിരക്കിലാണ് ബുധാനാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. പെരുന്നാൾ ദിവസം കഴിഞ്ഞിട്ടും പക്ഷെ സ്വർണം ആഘോഷം നിർത്തിയിട്ടില്ല. വില വീണ്ടും മുന്നോട്ട് തന്നെ കുതിക്കുകയാണ്. 80 രൂപയാണ് വ്യാഴാഴ്ച സ്വർണത്തിന് കൂടിയ വില.
52,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,620 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

ആഭരണം വാങ്ങുമ്പോൾ കൂടുതൽ നൽകണം
നിലവിലെ സ്വർണ വില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞത് 57,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 57,000 കടക്കുന്നത്.
കൂടിയത് 2080 രൂപ
ഏപ്രിൽ മാസം ഇതുവരെ 2080 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഏപ്രിൽ 1-ന് 50,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. രണ്ടാം തീയ്യതി വില 50680 രൂപയിലേക്ക് കുറഞ്ഞെങ്കിലും പിന്നീട് അതുണ്ടായില്ല. മൂന്നാം തീയ്യതി വില 51280 രൂപയിലേക്കും അഞ്ചാം തീയ്യതി 51320 രൂപയിലേക്കും എത്തി.
ഏപ്രിൽ 9-ന് രണ്ട് തവണയാണ് സ്വർണ വില വർധിച്ചത്. രാവിലെ 80 രൂപയും ഉച്ചയ്ക്ക് ശേഷം 200 രൂപയും പവന് കൂടി. ഇതേ വർധനവ് വരും ദിവസങ്ങളിലും തുടർന്നാൽ ഏപ്രിൽ മാസം അവസാനിക്കുന്നതിന് മുൻപ് തന്നെ പവന്‍റെ വില 60,000 രൂപയ്ക്ക് മുകളിലെത്തുമെന്നാണ് വിലയിരുത്തൽ.

വില വർധനവിന് കാരണം
അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് സ്വർണവില സർവ്വകാല റെക്കോർഡിലേക്കുയരുന്നത്. ഇത് ആഗോള വൻകിട നിക്ഷേപകരേയും ചെറുകിട നിക്ഷേപകരേയും സ്വർണത്തിലുള്ള നിക്ഷേപ താൽപര്യം വർധിപ്പിച്ചു. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താൽപര്യം, ഉയർന്ന ആഗോള ഡിമാന്‍റ്, രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും സ്വർണവില ഉയരാൻ കാരണമായി.
അന്താരാഷ്ട്ര സ്വർണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 9.89 ഡോളർ (0.42%) ഉയർന്ന് 2345.40 ഡോളർ എന്നതാണ് നിരക്ക്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവില എല്ലാ ദിവസവും ഉയരുന്ന സാഹചര്യത്തിൽ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് ഗുണം ചെയ്യും. കാരണം ഭാവിയിൽ വില കൂടിയാൽ അഡ്വാന്‍സ് ബുക്കിംഗ് നടത്തിയ പണത്തിന് സ്വർണം വാങ്ങാം. സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്‍റെ പ്രത്യേകത.
നിക്ഷേപത്തിന് പറ്റിയ സമയം
ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ചരിത്രമാണ് സ്വർണ്ണത്തിനുള്ളത്. കഴിഞ്ഞ 5 വർഷങ്ങൾക്കുള്ളിൽ ആഭ്യന്തര സ്വർണ്ണവില ഇരട്ടിയോളമാണ് വർധന നേടിയത്. 2003 മുതലുള്ള വില വർധന 980% എന്ന തോതിലാണ്.
സ്വർണത്തിലെ നിക്ഷേപം സ്വർണാഭരണങ്ങളായും നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ബാറുകൾ എന്നിവയുടെ രൂപത്തിലും ആകാം. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications