ജോലി ചെയ്യുന്നതിനൊപ്പം ജീവിതവും ആസ്വദിക്കണം. ജോലി ചെയ്ത് പണമുണ്ടാക്കുന്നതിനൊപ്പം ഇവ അനുഭവിക്കാനും കൂടി സമയം കണ്ടത്തേണ്ടതുണ്ട്. പഴയ കാലത്തേത് പോലെ ജീവിതം കാലം മുഴുവൻ അധ്വാനിക്കുന്ന ശീലത്തിൽ നിന്ന് പുറത്തു കടക്കുകയാണ് പലരും.
ആവശ്യത്തിന് പണം സമ്പാദിച്ച ശേഷം ജോലിയിൽ നിന്ന് വിടുതലെടുക്കുകയും വിശ്രമകാലത്ത് ഇഷ്ടപ്പെട്ട മേഖലകളിൽ ഇഷ്ടത്തിന് അനുസരിച്ച് ഇടപെടുന്നതുമാണ് പുതിയ രീതി.വിശ്രമ കാലത്തേക്കുള്ള ചെലവുകൾക്കായി നല്ലൊരു തുക കയ്യിലുണ്ടായാൽ ഏതൊരാൾക്കും ഈ വിശ്രമ രീതി തിരഞ്ഞെടുക്കാവുന്നതാണ്. ഇതിന് അനുയോജ്യമായ മാർഗം നിക്ഷേപങ്ങൾ തന്നെയാണ്.
എത്ര തുക ആവശ്യമായി വരും
വിരമിക്കുന്ന സമയത്ത് എത്ര തുക ആവശ്യമായി വരും? ഈ ചോദ്യത്തിന് ഉത്തരം തേടും മുന്‍പ് വിവിധ ഘടകങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്.
വിരമിക്കലിന് ശേഷം വരുന്ന ചെലവുകളെ കണക്കാക്കി മാസത്തിൽ എത്ര രൂപ ആവശ്യമായി വരുമെന്ന് അറിയണം. ഇത് അനുസരിച്ചാണ് എത്ര രൂപ വിരമിക്കുമ്പോള്‍ കയ്യിൽ വേണമെന്ന് കണക്കാക്കുക.
മാസത്തിലെ സ്ഥിരം ചെലവുകൾ, വിനോദങ്ങൾക്കുള്ള പണം, ആരോഗ്യ ചെലവ്, മാസ ചെലവുകള്‍, അവധി ദിനങ്ങള്‍, സമ്മാനങ്ങള്‍, ആയുര്‍ദൈര്‍ഘ്യം, റിട്ടയര്‍മെന്റ് സമയത്തെ പണപ്പെരുപ്പം, ഒറ്റത്തവണ ചെലവുകള്‍ എന്നിവ പരിഗണിക്കണം. നിലവിൽ കയ്യിലുള്ള ആസ്തികൾ ഭാവിയിൽ വരുമാനമായി മാറുമോ എന്നും പരിശോധിക്കണം.
ഇവ കണക്കാക്കിയാാല്‍ വിരമിക്കല്‍ സമയത്ത് വേണ്ട സമ്പാദ്യം എത്രയാണെന്ന് കണ്ടെത്താം. മാസം 1 ലക്ഷം രൂപ ആവശ്യമായി വരുന്നൊരാള്‍ക്ക് 45 വയസിൽ വിരമിക്കുമ്പോൾ 40 വര്‍ഷത്തേക്ക് ചുരുങ്ങിയത് 4.8 കോടി രൂപ (100,000 *12*40) സമ്പാദിക്കേണ്ടതുണ്ട്.
മാസത്തിൽ എത്ര രൂപ നീക്കിവെയ്ക്കണം
5 കോടി രൂപ ആവശ്യമായി വരുന്നിടത്ത് നിക്ഷേപം തന്നെയാണ് ഏറ്റവും മികച്ച മാർഗം. ഇതിനായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി ചെയ്യാം. ദീർഘകാലത്തേക്കുള്ള നിക്ഷേപമായതിനാൽ 12 ശതമാനം ആദായം പ്രതീഷിക്കാം. ഇതിന് അനുസരിച്ച് വ്യത്യസ്ത പ്രായത്തിലുള്ളവർ എത്ര രൂപ മാസത്തിൽ നിക്ഷേപിക്കണമെന്ന് നോക്കാം.
25 വയസുകാരന് മുന്നിൽ 20 വർഷമാണ് നിക്ഷേപിക്കാനായുള്ളത്. 45-ാം വയസില്‍ 5 കോടി രൂപ നേടാനായി മാസം 50,543 രൂപയാണ് എസ്ഐപി വഴി നിക്ഷേപിക്കേണ്ടത്.
പ്രായം കൂടുന്തോറും ലക്ഷ്യത്തിലേക്ക് കുറഞ്ഞ സമയം മാത്രമാണുള്ളത്. 30 വയസുകാരന് 15 വർഷം മാത്രമാണ് നിക്ഷേപിക്കാനായി ലഭിക്കുന്നത്. 1,00,084 രൂപയുടെ പ്രതിമാസ എസ്‌ഐപിയ്ക്ക് 12 ശതമാനം ആദായം ലഭിച്ചാൽ 15 വർഷ കൊണ്ട് 5 കോടി രൂപ നേടാം. 35 വയസുകാരന് 10 വര്‍ഷം കൊണ്ട് ലക്ഷ്യത്തിലെത്താൻ 2,17,355 രൂപയുടെ പ്രതിമാസ എസ്ഐപി ആവശ്യമാണ്.
കുറഞ്ഞ തുക
പ്രതിമാസ അടവ് വലിയ തുകയായതിനാല്‍ മറ്റൊരു വഴിയിലൂടെ നിക്ഷേപം നടത്താം. ഇതിനായി എസ്ഐപി സെറ്റ്അപ്പ് ഉപയോഗപ്പെടുത്താം. വർഷത്തിൽ എസ്ഐപി തുകയിൽ 10 ശതമാനം വർധനവാണ് വരുത്തേണ്ടത്. 25 വയസുകാരന് മാസത്തിൽ 26,838 രൂപ അടച്ച് 5 കോടി നേടാൻ സാധിക്കും.
നിക്ഷേപത്തിനോടൊപ്പം എസ്ഐപി തുക വര്‍ഷത്തില്‍ 10 ശതമാനം ഉയർത്തണം. എസ്ഐപി തുക 10 ശതമാനം വീതം സെറ്റ്അപ്പ് ചെയ്യാൻ തീരുമാനിച്ചാൽ 30 വയസുകാരന് 60,425 രൂപയിൽ എസ്ഐപി ആരംഭിക്കാം.
ചെലവാക്കുന്നത്
സമ്പാദ്യം കയ്യിലെത്തിയാൽ വിരമിക്കൽ കാലത്ത് ചെലവാക്കുന്നതിന് 4 ശതമാനം റൂൾ പിന്തുടരാം. എല്ലാ വര്‍ഷവും 4 ശതമാനം തുക ചെലവാക്കുകയാണെങ്കില്‍ റിട്ടയര്‍മെന്റ് കോര്‍പ്പസ് കുറഞ്ഞത് 30 വര്‍ഷമെങ്കിലും നിലനില്‍ക്കും. ഉദാഹരണത്തിന് കയ്യിലുള്ള 5 കോടി രൂപയുടെ സമ്പാദ്യം 20 ലക്ഷം രൂപ എന്ന തോതിൽ വർഷത്തിൽ ചെലവാക്കിയാൽ 75 വയസ്സ് വരെ ഫണ്ട് നിലനില്‍ക്കും.


Click it and Unblock the Notifications