2023-ല്‍ പൂട്ടി പോകാം; ഈ 5 സ്മോള്‍ കാപ് ഓഹരികളെ സൂക്ഷിച്ചോളൂ
കഴിഞ്ഞ ദീപാവലിക്ക് ശേഷം വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനിടെ കുറെയേറെ ഓഹരികള്‍ വമ്പന്‍ നേട്ടമുണ്ടാക്കിയെങ്കിലും മറ്റ് ചില കമ്പനികള്‍ കൂപ്പുകുത്തുന്നതിനും സാക്ഷ്യംവഹിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറി വരുന്നതിനിടെ അപ്രതീക്ഷിതമായി ഉടലെടുത്ത റഷ്യ- ഉക്രൈന്‍ യുദ്ധവും തുടര്‍ന്നുള്ള ഉയര്‍ന്ന പണപ്പെരുപ്പവും ചില കമ്പനികളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. വന്‍തോതില്‍ കടബാധ്യതും തിരിച്ചുവരവിനുളള സാധ്യത മങ്ങുന്നതുമായ 5 സ്‌മോള്‍ കാപ് കമ്പനികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
ജയ്പ്രകാശ് അസോസിയേറ്റ്‌സ്
രാജ്യത്തെ മുന്‍നിര കോര്‍പറേറ്റ് കമ്പനിയാണ് ജയ്പ്രകാശ് അസോസിയേറ്റ്‌സ്. എന്‍ജിനീയറിങ്, കണ്‍സ്ട്രക്ഷന്‍, സിമന്റ്, ഊര്‍ജം, ഹോട്ടല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലൊക്കെ കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. രാജ്യത്തെ മുന്‍നിര സിമന്റ് നിര്‍മാതാക്കളിലൊന്നാണ്. പക്ഷേ ജയ്പ്രകാശ് അസോസിയേറ്റ്‌സിന്റെ ഉയര്‍ന്ന കടബാധ്യത കാരണം സിമന്റ് വ്യവസായത്തില്‍ പിന്നീട് മുന്നേറാന്‍ സാധിച്ചില്ല. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനം 4.7% സംയോജിത നിരക്കില്‍ ഇടിയുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,400 കോടിയാണ് നഷ്ടം നേരിട്ടത്.
വന്‍തോതിലുള്ള ബാധ്യത കാരണം 2017-ല്‍ ജയ്പ്രകാശ് അസോസിയേറ്റ്‌സ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം പുനഃസംഘടിപ്പിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം കടം 19,000 കോടിയാണ്. കമ്പനിയുടെ കടം-ഓഹരി അനുപാതം 220.9 മടങ്ങിലാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,800 കോടി വായ്പയുടെ മുതലും പലിശയും തിരിച്ചടവ് മുടങ്ങിയിരുന്നു. എന്നിരുന്നാലും കടം കുറയ്ക്കാന്‍ ജയ്പ്രകാശ് അസോസിയേറ്റ്‌സ് (BSE: 532532, NSE : JPASSOCIAT) ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കമ്പനിയുടെ സിമന്റ് യൂണിറ്റ് വിറ്റൊഴിവാക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ്.
ജ്യോതി സ്ട്രക്‌ചേര്‍സ്
ആഗോള തലത്തില്‍ തന്നെ ഊര്‍ജ വിതരണ/ പ്രസരണ/ സബ്‌സ്റ്റേഷന്‍ നിര്‍മാണങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്ന കമ്പനിയാണ് ജ്യോതി സ്ട്രക്‌ചേര്‍സ്. ഊര്‍ജ പ്രസരണ മേഖലയില്‍ മൊത്തത്തിലുള്ള കരാര്‍ ഏറ്റെടുക്കാനാകുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണിത്. പക്ഷേ 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവെയ്ക്കുകയും കോടതിയില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെ വരുമാനമൊന്നും നേടാനായില്ല. 2022 സാമ്പത്തിക വര്‍ഷത്തിനൊടുവില്‍ ജ്യോതി സ്ട്രക്‌ചേര്‍സിന്റെ മൊത്ത കടബാധ്യത 1,600 കോടിയാണ്. കമ്പനിയുടെ കടം-ഓഹരി അനുപാതം 11.1 മടങ്ങിലാണുള്ളത്.
ഇതിനിടെ ശരദ് സാംഘി, ജ്യോതി സ്ട്രക്‌ചേര്‍സിനെ (BSE: 513250, NSE : JYOTISTRUC) ഏറ്റെടുക്കുകയും പ്രമോട്ടര്‍മാര്‍ക്ക് വിഹിതമില്ലാത്ത 100 ശതമാനം പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും 2022 സാമ്പത്തിക വര്‍ഷത്തിലെ കടബാധ്യത 42.5 കോടിയായിരുന്നു. അടുത്തിടെയായുള്ള സാമ്പത്തിക പാദങ്ങളില്‍ ജ്യോതി സ്ട്രക്‌ചേര്‍സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നുണ്ടെങ്കിലും ഉയര്‍ന്ന തോതിലുള്ള കടബാധ്യത എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയേണ്ടതാണ്.
സ്‌പെന്‍സേര്‍സ് റീട്ടെയില്‍
ഇന്ത്യയിലെ ആദ്യത്തെ ഗ്രോസറി & സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ് സ്‌പെന്‍സേര്‍സ് റീട്ടെയില്‍. കമ്പനിയുടെ റീട്ടെയില്‍ സ്റ്റോറുകളിലൂടെ സ്വന്തം ഉത്പന്നങ്ങളും മറ്റ് ബ്രാന്‍ഡുകളും വില്‍പ്പനയ്ക്ക് എത്തിക്കുന്നു. നിലവില്‍ രാജ്യത്താകമാനം 42 നഗരങ്ങളിലായി 191 സ്‌പെന്‍സേര്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. കോവിഡ് മഹാമാരിയാണ് കമ്പനിയെ പ്രതിസന്ധിയിലാഴ്ത്തിയത്. കഴിഞ്ഞ 3 വര്‍ഷമായി 3.2% സംയോജിത നിരക്കില്‍ സ്‌പെന്‍സേര്‍സ് റീട്ടെയിലിന്റെ വരുമാനം ഇടിയുന്നു. കഴിഞ്ഞ 3 വര്‍ഷമായി 100 കോടിയിലധികം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്.
വായ്പയെടുക്കാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥ. നിലവില്‍ സ്‌പെന്‍സേര്‍സ് റീട്ടെയിലിന്റെ (BSE: 542337, NSE : SPENCERS) മൊത്തം കടബാധ്യത 3,600 കോടിയാണ്. കമ്പനിയുടെ കടം-ഓഹരി അനുപാതം 5.9 മടങ്ങിലാണുള്ളത്. കമ്പനി കൂടുതല്‍ ശാഖകള്‍ തുറക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ഭക്ഷ്യേതര വിഭാഗത്തില്‍ നിന്നും വരുമാനം ഉയര്‍ന്നെങ്കിലും കനത്ത കടബാധ്യതയും വര്‍ധിക്കുന്ന നഷ്ടവും തദ്ദേശീയ ചില്ലറ വില്‍പനക്കാരില്‍ നിന്നും നേരിടുന്ന ശക്തമായ മത്സരവും സ്‌പെന്‍സേര്‍സ് റീട്ടെയിലിന്റെ വളര്‍ച്ചയേയും തടയിടുന്നു.
കേശോറാം ഇന്‍ഡസ്ട്രീസ്
ബികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് കേശോറാം ഇന്‍ഡസ്ട്രീസ്. സിമന്റ് വ്യവസായത്തിലാണ് ശ്രദ്ധയൂന്നീയരിക്കുന്നത്. 'ബിര്‍ള ശക്തി സിമന്റ്' എന്ന ബ്രാന്‍ഡിലാണ് വിപണനം. 10.75 ദശലക്ഷം സിമന്റ് ഉത്പാദന ശേഷിയുള്ള 2 നിര്‍മാണ ശാലകള്‍ കമ്പനിക്കുണ്ട്. ഇതിനോടൊപ്പം റയോണ്‍, കെമിക്കല്‍ ഉത്പന്നങ്ങളും കേശോറാം ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്നു. അതേസമയം കഴിഞ്ഞ 5 വര്‍ഷമായി കമ്പനിയുടെ വരുമാനം ഇടിഞ്ഞു. ഇതോടെ 2022 സാമ്പത്തിക വര്‍ഷത്തെ നഷ്ടം 77.3 കോടിയുമായി ഉയര്‍ന്നു. പലിശഭാരം വര്‍ധിച്ചതാണ് കാരണം.
നിലവില്‍ കോശോറാം ഇന്‍ഡസ്ട്രീസിന്റെ (BSE: 502937, NSE : KESORAMIND) ആകെ കടം 1,700 കോടിയാണ്. കമ്പനിയുടെ കടം-ഓഹരി അനുപാതം 3.4 മടങ്ങിലാണുള്ളത്. ഇതിനോടൊപ്പം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രമോട്ടറുടെ വിഹിതം 56-ല്‍ നിന്നും 43 ശതമാനത്തിലേക്ക് താഴ്ന്നു. ഇതില്‍ 40 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുമുണ്ട്.
ഡിബി റിയാല്‍റ്റി
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഡിബി റിയാല്‍റ്റി ലിമിറ്റഡ്. വാണിജ്യ/ പാര്‍പ്പിട സമുച്ചയങ്ങള്‍, വമ്പന്‍ ടൗണ്‍ഷിപ്, റീട്ടെയില്‍ പദ്ധതികളിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനം. പാര്‍പ്പിട വിഭാഗത്തില്‍ എല്ലാ വിഭാഗം വരുമാനക്കാരേയും ഉദ്ദേശിച്ചുള്ള ഭവന പദ്ധതികളുണ്ട്. ഓഫീസ് കെട്ടിടങ്ങളുടെ വില്‍പനയും വാടകയ്ക്കു കൊടുക്കുന്നതിലുമാണ് വാണിജ്യ വിഭാഗത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ കടകള്‍ നിര്‍മിക്കുന്നതാണ് റീട്ടെയില്‍ വിഭാഗത്തില്‍ നടപ്പാക്കുന്നത്.
ഡിബി റിയാല്‍റ്റിയുടെ 58 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്. എന്നാല്‍ ഇതിന്റെ 51 ശതമാനവും ഈട് നല്‍കിയിരിക്കുയാണ്. കൂടാതെ സെപ്റ്റംബര്‍ പാദകാലയളവില്‍ 7 ശതമാനത്തോളം വിഹിതം പ്രമോട്ടര്‍മാര്‍ വിറ്റൊഴിവാക്കിയിട്ടുമുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധിയില്‍ ഡിബി റിയാല്‍റ്റിയുടെ (BSE: 533160, NSE : DBREALTY) വരുമാനവും ഇടിഞ്ഞു. അതുപോലെ ഡിബി റിയാല്‍റ്റിയുടെ കടം-ഓഹരി അനുപാതം 1.3 മടങ്ങിലാണെന്നതും ന്യൂനതയാണ്. എന്നിരുന്നാലും 2022 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ചുരുക്കത്തില്‍...
മേല്‍സൂചിപ്പിച്ച കമ്പനികളൊക്കെ നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവര്‍ നേരിടുന്ന പ്രതിസന്ധിയും ആഴമേറിയതാണ്. അതിനാല്‍ ഇത്തരം കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് മുമ്പെ ചില ഘടകങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. വിറ്റുവരുമാനത്തിലെ ഇടിവ്, നഷ്ടം കുമിഞ്ഞു കൂടുക, ഉയര്‍ന്ന കടബാധ്യത, പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) നല്‍കുക പോലെയുള്ള 'റെഡ് ഫ്‌ലാഗു'കളാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ഈ സൂചിപ്പിച്ച എല്ലാ ഘടകങ്ങളും ഒരു ഓഹരിയില്‍ കാണുന്നുവെങ്കില്‍ നിക്ഷേപിക്കാതെ മാറി നില്‍ക്കുന്നതാവും ഉചിതം. സമാന കമ്പനികളില്‍ ഇതിനകം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ പുനര്‍വിചിന്തനം ചെയ്യുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


