ഓഹരി വിപണിയില്‍ വിജയ കൊടുമുടിയേറിയ നിക്ഷേപകരിലെ മുന്‍നിരയിലാണ് ഡോളി ഖന്നയുടെ സ്ഥാനം. ഓഹരി വിപണിയിലെ തുടക്കക്കാര്‍ക്കും സാധാരണക്കാരായ റീട്ടെയില്‍ നിക്ഷേപകര്‍ക്കും എന്നും പ്രചോദനമാണ് ഡോളി ഖന്നയുടെ വിജയഗാഥ. അതേസമയം ഡോളിയുടെ പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്ന നിരവധി റീട്ടെയില്‍ നിക്ഷേപകരും ഇവിടെയുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ജൂണ്‍ പാദത്തില്‍ ഡോളി ഖന്ന നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഡോളി ഖന്ന
വെറും കൈയോടെയെത്തി ഓഹരി വിപണിയില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയ നിക്ഷേപകരിലെ മഹിളാരത്നമാണ് ഡോളി ഖന്ന. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോളി ഖന്ന 1996-ലാണ് ഓഹരി വിപണിയിലേക്ക് കടന്നുവന്നത്. വില താഴ്ന്നു നില്‍ക്കുന്ന മികച്ച മൂല്യമുള്ള കമ്പനികളെ കണ്ടെത്തി നിക്ഷേപിച്ച്, ക്ഷമയോടെ കാത്തിരിക്കുകയെന്ന ശൈലിയാണ് ഡോളി ഖന്നയുടേത്.
നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവായ രാജീവ് ഖന്നയുടെ സഹായവും ലഭിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 27 ഓഹരികളിലായി ഡോളി ഖന്നയുടെ നിക്ഷേപ മൂല്യം 650 കോടിയോളമാണ്.
പുതിയതായി വാങ്ങിയത്
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഡോളി ഖന്ന 2 ഓഹരികളിലാണ് പുതിയതായി നിക്ഷേപം നടത്തിയിരിക്കുന്നത്. ചെന്നെ പെട്രോളിയം കോര്‍പറേഷന്‍, നാഷണല്‍ ഓക്‌സിജന്‍ ലിമിറ്റഡ് എന്നീ ഓഹരികളാണ് പുതിയതായി വാങ്ങിക്കൂട്ടിയത്. ട്രെന്‍ഡിലൈന്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ചെന്നൈ പെട്രോളിയത്തിന്റെ 48,69,474 ഓഹരികള്‍ വാങ്ങി. ഇത് കമ്പനിയുടെ 3.3 ശതമാനം ഓഹരി വിഹിതമാണ്. ഈ ഇടപാടിന്റെ മൂല്യം 128.7 കോടിയുമാണ്.
അതേസമയം നാഷണല്‍ ഓക്‌സിജന്റെ 51,784 ഓഹരികളാണ് വാങ്ങിയത്. കമ്പനിയുടെ 1.1 ശതമാനം ഓഹരി വിഹിതത്തിന് ഇപ്പോള്‍ 75.3 ലക്ഷമാണ് മൂല്യം.
വിഹിതം ഉയര്‍ത്തിയത്
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 3 ഓഹരികളിലെ നിക്ഷേപമാണ് ഡോളി ഖന്ന വര്‍ധിപ്പിച്ചത്. പോണ്ടി ഓക്‌സൈഡ്‌സ് & കെമിക്കല്‍സ്, ടിന്ന റബ്ബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍, അജന്ത സോയ എന്നീ ഓഹരികളിലാണ് ഡോളി ഖന്ന, തന്റെ ഓഹരി വിഹിതം ഉയര്‍ത്തിയത്. യഥാക്രമം 0.3 %, 0.2 %, 0.1 % വീതമാണ് ഈ കമ്പനികളുടെ ഓഹരികള്‍ അധികമായി വാങ്ങിക്കൂട്ടിയത്.
ഒഴിവാക്കിയത്
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഡോളി ഖന്ന 3 ഓഹരികളെയാണ് പൂര്‍ണമായും ഒഴിവാക്കിയത്. റിസര്‍ച്ച് പോര്‍ട്ടലായ ട്രെന്‍ഡിലൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സിമ്രാന്‍ ഫാംസ്, ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കമ്പോണന്റ്‌സ്, കണ്‍ട്രോള്‍ പ്രിന്റ് ലിമിറ്റഡ് എന്നീ ഓഹരികളെയാണ് ഒഴിവാക്കിയത്. മാര്‍ച്ച് പാദത്തില്‍ ഡോള ഖന്നയ്ക്ക് സിമ്രാന്‍ ഫാംസില്‍ 2 ശതമാനവും ടാല്‍ബ്രോസ് ഓട്ടോമോട്ടീവില്‍ 1.1 ശതമാനവും കണ്‍ട്രോള്‍ പ്രിന്റില്‍ 1 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.
വെട്ടിക്കുറച്ചത്
ഏറ്റവും ഒടുവില്‍ ലഭ്യമായ രേഖകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഡോളി ഖന്ന ഓഹരി വിഹിതം വെട്ടിക്കുറച്ച ഓഹരികളും വ്യത്യാസം ബ്രായ്ക്കറ്റിലും കൊടുക്കുന്നു. രമ ഫോസ്‌ഫേറ്റ്‌സ് (-0.3 %), കെസിപി ലിമിറ്റഡ് (-0.3 %), ദീപക് സ്പിന്നേര്‍സ് (-0.3 %), നിതിന്‍ സ്പിന്നേര്‍സ് (-0.2 %), മാംഗ്ലൂര്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസര്‍ (-0.2 %), ശാര്‍ദ ക്രോപ്‌കെം (-0.2 %), ഏരീസ് അഗ്രോ (-0.1 %), എന്‍സിഎല്‍ ഇന്‍ഡസ്ട്രീസ് (-0.1 %) എന്നിങ്ങനെയാണ് വിഹിതം കുറച്ചത്.
അതേസമയം ബട്ടര്‍ഫ്‌ലൈ ഗാന്ധിമതി, നാഹര്‍ സ്പിന്നിങ് മില്‍സ്, റെയിന്‍ ഇന്‍ഡസ്ട്രീസ്, ഖൈത്താന്‍ കെമിക്കല്‍സ് തുടങ്ങിയ ഓഹരികളില്‍ 1 ശതമാനത്തിലും താഴേക്ക് വിഹിതം താഴ്ത്തി.
അറിയാനുള്ളത്
ഇനിയും ഓഹരി വിഹിതം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാകാനുള്ള കമ്പനികളും ബ്രായ്ക്കറ്റില്‍ മാര്‍ച്ച് പാദത്തില്‍ കൈവശം വെച്ചിരുന്ന ഓഹരി വിഹിതവും ചേര്‍ക്കുന്നു.
- ഗോവ കാര്‍ബണ്‍സ്- 1.4 %
- ഇന്‍ഡോ ടെക് ട്രാന്‍സ്‌ഫോര്‍മേര്‍സ്- 1.2 %
- എന്‍ഡിടിവി- 1.3 %
- പോളിപ്ലെക്‌സ് കോര്‍പറേഷന്‍- 1.3 %
- ആര്‍എസ്ഡബ്ല്യൂഎം- 1.3 %
- സതേണ്‍ പെട്രോകെമിക്കല്‍സ് ഇന്‍ഡസ്ട്രീസ് (SPIC)- 1.1 %
- സന്തൂര്‍ മാംഗനീസ് & അയണ്‍ ഓര്‍സ്- 1.5 %
- പ്രകാശ് പൈപ്പ്‌സ്- 2.4 %
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications