നിക്ഷേപിച്ച തുകയുടെ പലമടങ്ങു ലാഭം തിരിച്ചു നല്‍കുന്ന ഓഹരികളെയാണ് മള്‍ട്ടിബാഗര്‍ സ്റ്റോക്ക് എന്ന് വിശേഷിപ്പിക്കുന്നത്. മള്‍ട്ടിബാഗര്‍ നേട്ടം നല്‍കാന്‍ ശേഷിയുള്ള കമ്പനികളെ യഥാസമയം കണ്ടെത്തി അതിന്റെ ഓഹരിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നല്ലൊരു ലാഭം ഉറപ്പുവരുത്താന്‍ സാധിക്കും. കമ്പനിയുടെ സാമ്പത്തികാടിത്തറ, വികസന പ്രവര്‍ത്തനങ്ങള്‍, നിക്ഷേപകന് കമ്പനിയിലുള്ള വിശ്വാസവുമൊക്കെ ഒത്തുചേരുമ്പോഴാണ് ഒരു മള്‍ട്ടിബാഗര്‍ ഓഹരി പിറവിയെടുക്കുന്നത്.
അതേസമയം മള്‍ട്ടിബാഗര്‍ ഓഹരികള്‍ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ 'വലിയ തിമിഗലം' എന്നറിയപ്പെടുന്ന പ്രമുഖ നിക്ഷേപകന്‍ ആശിഷ് കഛോലിയ. ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള കഛോലിയ, സ്മോള്‍ കാപ് വിഭാഗത്തിലെ ഓഹരികളില്‍ നിന്നും മികച്ചവയെ കണ്ടെത്തുന്നതില്‍ പലകുറി മികവ് തെളിയിച്ചിട്ടുള്ളതാണ്. ഇത്തരത്തില്‍ സമീപകാലയളവില്‍ അദ്ദേഹം കണ്ടെടുത്ത സ്‌മോള്‍ കാപ് മള്‍ട്ടിബാഗറാണ് യാഷോ ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മാത്രം ഈ ഓഹരിയില്‍ 1,750 ശതമാനം മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.
യാഷോ ഇന്‍ഡസ്ട്രീസ്
സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് യാഷോ ഇന്‍ഡസ്ട്രീസ്. 1993-ലാണ് തുടക്കം. പ്രധാനമായും റബര്‍ & ലാറ്റക്സ്, ഭക്ഷ്യസംസ്‌കരണം, പെര്‍ഫ്യൂം, ലൂബ്രിക്കന്റ് തുടങ്ങിയ മേഖലകളിലേക്ക് വേണ്ട സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നന്നത്. ഗുജറാത്തിലെ വാപിയില്‍ സ്വന്തം നിര്‍മാണ ശാലയുണ്ട്. ആഭ്യന്തര വിപണിയ്‌ക്കൊപ്പം കയറ്റുമതിയിലും കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നു. ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായി സ്വന്തം ഗവേഷണ വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലെ കമ്പനിയുടെ വിപണി മൂല്യം 2,083 കോടിയാണ്.
കഴിഞ്ഞ 2 വര്‍ഷമായി ലാഭവിഹിതം നല്‍കുന്ന യാഷോ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.03 ശതമാനമാണ്. കെമിക്കല്‍ വിഭാഗം ഓഹരികളിലെ ശരാശരി പിഇ അനുപാതം 51.01 നരക്കിലായിരിക്കുമ്പോള്‍ യാഷോ ഇന്‍ഡസ്ട്രീസിന്റേത് 33.13 മടങ്ങിലാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 152.23 രൂപയാണ്. ഓഹരിയിന്മേലുള്ള ആദായം 41.7 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 28.7 ശതമാനം നിരക്കിലുമാണുള്ളത്.
അതേസമയം ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 183 കോടിയും അറ്റാദായം 20 കോടിയുമാണ്. രണ്ടു ഘടകങ്ങളും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.
അതേസമയം യാഷോ ഇന്‍ഡസ്ട്രീസിന്റെ (BSE : 541167) ആകെ ഓഹരികളില്‍ 71.54 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 28.37 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്. ജൂണില്‍ യാഷോ ഇന്‍ഡസ്ട്രീസ് കമ്പനി പുറത്തുവിട്ട രേഖകള്‍ പ്രകാരം ആശിഷ് കഛോലിയയുടെ കൈവശം 2,96,322 ഓഹരികളുണ്ട്. ഇത് ആകെ ഓഹരികളുടെ 2.60 ശതമാനം വിഹിതമാണ്. 2021 ഡിസംബര്‍ പാദത്തിലാണ് കഛോലിയയുടെ പേര്, യാഷോ ഇന്‍ഡസ്ട്രീസിന്റെ നിര്‍ണായക നിക്ഷേപകരുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്.
നിക്ഷേപമൂല്യം
വെള്ളിയാഴ്ച രാവിലെ യാഷോ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 1,850 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 2,099 രൂപയും താഴ്ന്ന വില 625.50 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വിലയില്‍ 30 ശതമാനത്തോളവും ഒരു വര്‍ഷത്തിനിടെ 182 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
നാലു വര്‍ഷം മുമ്പ് 100 രൂപ നിലവാരത്തിലായിരുന്നു യാഷോ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ നിന്നിരുന്നത്. 1,750 ശതമാനം നേട്ടം. അതായത് 4 വര്‍ഷം മുമ്പ് 1 ലക്ഷം രൂപയ്ക്ക് യാഷോ ഇന്‍ഡസ്ട്രീസ് ഓഹരി വാങ്ങിയിരുന്നു എങ്കില്‍ ഇന്നതിന്റെ മൂല്യം 18.50 ലക്ഷമാകുമായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications