തുടക്കകാരായ നിക്ഷേപകർക്ക് അധികം റിസ്കെടുക്കാതെ ഓഹരി വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാനുള്ളൊരു വഴിയാണ് ഡിവിഡന്റ് ഓഹരികൾ. ഓഹരി വിപണിയിൽ വിലയുടെ അടിസ്ഥാനത്തിലുള്ള നേട്ടത്തിന് പുറമെ ലാഭ വിഹിതം വഴിയും നേട്ടമുണ്ടാക്കാം എന്നതാണ് ഡിവിഡന്റ് സ്റ്റോക്കുകളിലെ നേട്ടം.
ദീർഘകാല നിക്ഷേപത്തിൽ മികച്ച ബാലൻസ് ഷീറ്റും ശക്തമായ വരുമാനവും മികച്ച മാനേജ്മെന്റുമുള്ള ലാർജ് കാപ് കമ്പനികളെ പരിഗണിക്കണം. ഈ ഗുണങ്ങളുള്ള മികച്ച ലാഭ വിഹിതം നൽകികൊണ്ടിരിക്കുന്ന നിഫ്റ്റി 50 കമ്പനികളിൽ ഉൾപ്പെടുന്ന 3 ഓഹരികളെയാണ് നിക്ഷേപകർക്കായി പരിചയപ്പെടുത്തുന്നത്.
കോള്‍ ഇന്ത്യ ലിമിറ്റഡ്
കല്‍ക്കരി മൈനിംഗ് രംഗത്ത് ഒന്നാമതമുള്ള പൊതുമേഖലാ കമ്പനിയായ കോള്‍ ഇന്ത്യയുടെ വിപണി മൂല്യം 1.32 ലക്ഷം കോടി രൂപയാണ്. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരമായ കോള്‍ ഇന്ത്യയുടെ കയ്യിലാണ് 85 ശതമാനം ആഭ്യന്തര ഉത്പാദനവും. 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍, കമ്പനിയുടെ വാര്‍ഷിക വരുമാനം 26.66 ശതമാനത്തിന്റെ വർധനവോടെ 36,840.12 കോടി രൂപയായി. അറ്റവരുമാനം 70.14 ശതമാനം വര്‍ധിച്ച് 7,755.55 കോടിയിലുമെത്തി.
മൂന്നാം പാദഫലത്തിന് പിന്നാലെ 5.25 രൂപയാണ് കോൾ ഇന്ത്യ ഓഹരിയൊന്നിന് ലാഭ വിഹിതം പ്രഖ്യാപിച്ചത്. 7.89 ശതമാനമാണ് കമ്പനിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ്. നിഫ്റ്റി 50 ഇന്‍ഡെക്‌സില്‍ ഏറ്റവും ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള ഓഹരിയും ഇതാണ്. കോൾ ഇന്ത്യ (NSE: COALINDIA| BOM: 533278) വെള്ളിയാഴ്ച 217.70 രൂപ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്.
ഒഎന്‍ജിസി
1,81,030 കോടി രൂപയുടെ വിപണി മൂലധനമുള്ള മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎൻജിസി) ഇന്ത്യയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ, പ്രകൃതി വാതക കമ്പനിയായാണ്.
പിഇ അനുപാതം 3.98ഉം, പിബി അനുപാതത്തിലും 0.64 ലുമാണ് ഓഹരി വ്യാപാരം നടക്കുന്നത്. ഇത് നിഫ്റ്റി 50ലെ വില കുറഞ്ഞ ഓഹരിയായി ഒഎൻജിസിയെ മാറ്റുന്നു. വെള്ളിയാഴ്ച 156.70 രൂപ നിലവാരത്തിലാണ് ഒഎൻജിസി (NSE: ONGC| BOM: 500312) വ്യാപാരം നടത്തുന്നത്.
മൂന്നാ പാദത്തിൽ കമ്പനിയുടെ ലാഭം 26 ശതമാനം വര്‍ധിച്ച് 11,044 കോടി രൂപയിലെത്തി. മൂന്നാം പാദഫലത്തിന് പിന്നാലെ ഓഹരിയൊന്നിന് 4 രൂപയാണ് ഒഎൻജിസി ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള റെക്കോർഡ് തീയതി ഫെബ്രുവരി 24 ആണ്. ഒഎൻജിസിയുടെ 2-മാത്തെ ഇടക്കാല ലാഭ വിഹിതമാണിത്. 2022 നവംബറില്‍ 6.75 രൂപ കമ്പനി ഇടക്കാല ഡിവിഡന്റ് നല്‍കിയിരുന്നു. നിലവിലെ 156 രൂപ പ്രകാരം 6.89 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീൽഡ്.
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലയി ഇലക്ട്രിക് പവർ ട്രാൻസ്മിഷൻ കമ്പനിയായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ്. 1.47 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ മൂന്നാ പാദ ഫലം മികച്ചതായിരുന്നു. വരുമാനത്തിൽ 9.69 ശതമാനം വളർന്ന് 11,762.25 കോടി രൂപയായി. അറ്റവരുമാനം 10.7 ശതാമാനം വര്‍ധിച്ച് 3,645.34 കോടി രൂപയായി.
മൂന്നാം പാദഫലത്തിന് ശേഷം ഓഹരിയൊന്നിന് 5 രൂപയാണ് കമ്പനി ലാഭ വിഹിതം കൈമാറിയത്. നിഫ്റ്റി 50 ഓഹരകളിൽ ഉയര്‍ന്ന മൂന്നാമത്തെ ഡിവിഡന്റ് യീൽഡാണ്, 6.96 ശതമാനം കമ്പനിക്കുള്ളത്. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NSE: POWERGRID | BOM: 532898) 213.65 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നടത്തുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications