സാങ്കേതികമായി സാമ്പത്തിക മാന്ദ്യമെന്ന കരിനിഴല്‍ അമേരിക്കയുടെ മേല്‍ ഇതിനകം വീണുകഴിഞ്ഞിരുന്നു. പണപ്പെരുപ്പ ഭീഷണിക്ക് ശമനമില്ലാത്തതിനാല്‍ ഇനിയും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മടിക്കില്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്മാൻ വ്യക്തമാക്കിയതോടെ സാമ്പത്തികമാന്ദ്യ ആശങ്കകള്‍ ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തമാകുകയാണ്.
അതേസമയം ഇന്ത്യന്‍ ഓഹരി വിപണിയാവട്ടെ ആവശേക്കുതിപ്പിലൂടെയാണ് കടന്നു പോകുന്നത്. നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കും ആഭ്യന്തര സൂചികകള്‍ മടങ്ങിയെത്തിയിരുന്നു. അമേരിക്കയെ മാന്ദ്യം തുറിച്ചു നോക്കുമ്പോള്‍ ഇന്ത്യയെ എങ്ങനെയൊക്കെ ബാധിക്കാമെന്നതിന്റെ പരിശോധനയാണ് ചുവടെ ചേര്‍ക്കുന്നത്.
ചരിത്രം
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ അമേരിക്ക നേരിട്ട സാമ്പത്തിക മാന്ദ്യങ്ങള്‍ പരിശോധിച്ചാല്‍, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് 'പ്രതിസ്ഥാനത്ത്' നില്ക്കുന്ന സാഹചര്യങ്ങള്‍ അത്ര വിരളമല്ല. എന്നാല്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന കാരണമുള്ള സാമ്പത്തിക മുരടിപ്പ് അത്ര ഗുരുതരമായി സമ്പദ് വ്യവസ്ഥയെ ബാധിക്കാറില്ല. ശരാശരി 1 മുതല്‍ 3 വരെ സാമ്പത്തിക പാദങ്ങള്‍ക്കുള്ളില്‍ കരകയറാനും സാധിച്ചതായി കാണാനാവും. ഫെഡറല്‍ റിസര്‍വിന്റെ കടുത്ത തീരുമാനം കാരണമുള്ള തിരിച്ചടിയില്‍ ജിഡിപി നിരക്കുകളില്‍ 1 ശതമാനത്തില്‍ താഴെയുള്ള ഇടിവേ രേഖപ്പെടുത്തിയിട്ടുള്ളൂ.
ഒഴിവാക്കപ്പെടില്ല
ഫെഡറല്‍ റിസര്‍വ് തീരുമാനങ്ങള്‍ കാരണമുള്ള അമേരിക്കന്‍ സാമ്പത്തിക മാന്ദ്യം കാരണം ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചയില്‍ 1.5 % മുതല്‍ 2.5 % വരെ ഇടിവുണ്ടാക്കിയതായി കാണാനാവും. നിലവില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ ജിഡിപി വളര്‍ച്ചാ അനുമാനം 7.5 % നിരക്കിലാണ്. എന്നാല്‍ അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങിയാല്‍ 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി നിരക്കുകള്‍ 6 ശതമാനത്തിലേക്ക് താഴാം.
ധനകാര്യ മേഖലയിലെ ഉണര്‍വും ബാലന്‍സ് ഷീറ്റ് ശക്തമായതും 2024 പൊതുതെരഞ്ഞെടുപ്പ് ഉള്ളതിനാലും ഇന്ത്യന്‍ ജിഡിപിയില്‍ 1.5 ശതമാനത്തിലധികം തിരിച്ചടി ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ നിര്‍മല്‍ ബാംഗ് ചൂണ്ടിക്കാട്ടി.
പ്രതിഫലനം
ഇന്ത്യയില്‍ നിന്നുള്ള വാണിജ്യച്ചരക്കുകളുടെ കയറ്റുമതിയില്‍ അമേരിക്കയുടെ വിഹിതം 2000-ത്തിലെ 22.8 ശതമാനത്തില്‍ നിന്നും 2011 സാമ്പത്തിക വര്‍ഷത്തില്‍ 10.1 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ പിന്നീട് ക്രമാനുഗതമായി ഉയര്‍ന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ അത് 18.1 ശതമാനായി മെച്ചപ്പെട്ടു. അതായാത് അമേരിക്കയിലേക്ക് കയറ്റുമതി വര്‍ധിച്ചിട്ടുള്ളതിനാല്‍ തന്നെ അവിടെയുണ്ടാകാവുന്ന സാമ്പത്തിക തളര്‍ച്ച ഇന്ത്യന്‍ കയറ്റുമതി മേഖലയേയും ബാധിക്കാമെന്ന് സാരം. മാത്രവുമല്ല ഇന്ത്യയുടെ മറ്റൊരു കയറ്റുമതി ലക്ഷ്യസ്ഥാനമായ യൂറോപ്പും സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയിലാണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
മേഖലകള്‍
2011 സാമ്പത്തിക വര്‍ഷത്തിനു ശേഷം അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വര്ധനയുണ്ടായതിനുള്ള മുഖ്യ കാരണങ്ങളിലൊന്ന് ഇന്ത്യന്‍ ഐടി കമ്പനികളുടെ മികച്ച പ്രകടനമാണ്. രാജ്യത്ത് നിന്നുള്ള സോഫ്റ്റ്വെയര് കയറ്റുമതിയുടെ 54.8 ശതമാനവും അമേരിക്കയിലേക്കും 30.1 ശതമാനം യൂറോപ്പിലേക്കുമാണ് പോകുന്നത്. യൂറോപ്പിലേക്കുള്ളതില് പകുതിയും ബ്രിട്ടണിലേക്കാണ്. അതിനാല്‍ അമേരിക്കയിലെ ഏതൊരു സാമ്പത്തിക തളര്‍ച്ചയും ഇന്ത്യന്‍ ഐടി വ്യവസായത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത ശക്തമാണ്.
വിശാല വിപണി
അമേരിക്കയിലെ പലിശ നിരക്ക് വര്‍ധനയുടെ കാലചക്രവും ഇന്ത്യയിലെ പലിശ നിരക്ക് വര്‍ധനയുടെ കാലഘട്ടവും ഏറെക്കുറെ ഒത്തുചേര്‍ന്നാണ് പോകുന്നത്. എന്നാല്‍ നിരവധി തവണ പലിശ നിരക്കിലെ വര്‍ധനയില്‍ വലിയ ഇടവേള റിസര്‍വ് ബാങ്ക് എടുത്തിട്ടുള്ളതായി കാണാനാവും. അതേസമയം അമേരിക്കന്‍ സാമ്പത്തിക മാന്ദ്യം രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയിലിന്റെ വില താഴ്ത്തുന്നത് ഇന്ത്യക്ക് അനുഗ്രഹമാകും. ഇതിലൂടെ ആഭ്യന്തര പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനും സമ്പദ്ഘടനയ്ക്ക് സ്ഥിരത കൈവരിക്കാനും സാധിക്കും. ഇതോടെ വിദേശ നിക്ഷേപകരും തിരിച്ചെത്തുന്നതായി കാണാം. അത് ക്രമാനുഗതമായി ഓഹരി വിപണിക്ക് തുണയേകും.
ലക്ഷ്മണരേഖ
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയെ പ്രതികൂലമായി ബാധിക്കാം. എന്നാല്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തമായാല്‍ ഇത് ലഘൂകരിക്കപ്പെടുകയും ചെയ്യാം. ഇതിനകം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഏറെക്കുറെ അവസാനിച്ചു എന്നാണ് നിര്‍മല്‍ ബാംഗ് സൂചിപ്പിച്ചത്. അതിനാല്‍ വിദേശ നിക്ഷേപകരുടെ തിരിച്ചു വരവിനുള്ള സാധ്യതയാണ് അവശേഷിക്കുന്നത്.
വിദേശ നിക്ഷേപകരുടെ മടങ്ങിവരവ് ഇപ്പോള്‍ ദുര്‍ബലമായി നില്ക്കുന്ന ഇന്ത്യന്‍ രൂപയ്ക്കും ശാപമോക്ഷമേകും. അതുപോലെ അമേരിക്കന്‍ മാന്ദ്യം ഇന്ത്യയിലേക്ക് പകര്‍ന്നുകിട്ടുന്നത് ഓഹരി വിപണിയെ ബാധിക്കാമെങ്കിലും വിദേശ നിക്ഷേപകര്‍ മടങ്ങിയെത്തുന്നതോടെ കരകയറാനും സാധിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം നിര്‍മല്‍ ബാംഗ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications