റീട്ടെയിൽ നിക്ഷേപകർക്ക് പ്രചോദനമാണ് മുൻനിര നിക്ഷേപകരുടെ പോർട്ട്ഫോളിയോകൾ. ദീർഘകാല നിക്ഷേപത്തിലൂടെ വലിയ സമ്പത്തുണ്ടാക്കിയ ഇത്തരം പോർട്ട്ഫോളിയോകളെ നിരന്തരം പിന്തുടരുന്നവരും ധാരാളം. പ്രമുഖ നിക്ഷേപകരുടെ പോർട്ട്ഫോളിയോയിൽ നിരവധി ഓഹരികളും വൈവിധ്യവത്കരണവും നടക്കുന്നുണ്ടെങ്കിലും എല്ലാ പ്രമുഖ നിക്ഷേപകരും വിവിധ മേഖലയിലെ ഓഹരികളിൽ ഉയർന്ന നിക്ഷേപം നടത്തിയതായി കാണാം. ഉദാഹരണത്തിന് സുനിൽ സിംഘാനിയയും പൊറിഞ്ചു വെളിയത്തും സോഫ്റ്റ്‍വെയർ സേവന കമ്പനികളിലാണ് കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്.
രേഖാ ജുൻജുൻവാല, ആശിഷ് കച്ചോലിയ, സുനിൽ സിംഘാനിയ തുടങ്ങിയ സൂപ്പർസ്റ്റാർ നിക്ഷേപകരുടെ നിക്ഷേപങ്ങളിൽ ഏതെല്ലാം മേഖലയ്ക്കാണ് പ്രധാന്യമെന്നും അവരുടെ പോർട്ട്ഫോളിയോ വിശദാംശങ്ങളും പരിശോധിക്കാം.
രേഖ ജുൻജുൻവാല
രാകേഷ് ജുൻജുൻവാലയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയും റെയർ എന്റർപ്രൈസ് എന്ന സ്ഥാപനവും കൈകാര്യം ചെയ്യുന്നത് ഭാര്യ രേഖ ജുൻജുൻവാലയാണ്. പോർട്ട്ഫോളിയോയിൽ ടെക്സ്റ്റൈൽസ് അപ്പാരലും ആക്സസറികൾക്ക് പ്രധാന്യമുള്ളതായി കാണാം. പോർട്ട്ഫോളിയോയുടെ 35.4 ശതമാനം ഈ വിഭാഗത്തിൽ നിന്നുള്ള ഓഹരികളാണ്.

ഏറ്റവും പുതിയ കോർപ്പറേറ്റ് ഷെയർഹോൾഡിംഗുകൾ അവലംബിച്ചുള്ള ട്രെൻഡ്‌ലൈൻ റിപ്പോർട്ട് പ്രകാരം രേഖ ജുൻജുൻവാല 26 ഓഹരികളാണ് കൈവശം വെച്ചിട്ടുണ്ട്. 49,616.6 കോടി രൂപയാണ് ഈ പോർട്ട്ഫോളിയോയുടെ മൂല്യം. കാനറ ബാങ്ക്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ക്രിസിൽ, ഡിബി റിയൽറ്റി, എസ്കോർട്ട്സ് കുബോട്ട, ഫോർട്ടിസ് ഹെൽത്ത്കെയർ എന്നിവയാണ് പോർട്ട്ഫോളിയോയിലുള്ള ചില പ്രധാന ഓഹരികൾ.
സുനിൽ സിംഘാനിയ
പ്രമുഖ നിക്ഷേപകനായ സുനിൽ സിംഘാനിയ ലാർജ്കാപ്, സ്മോൾകാപ് കമ്പനികളിലെ നിക്ഷേപത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വലിയ സാധ്യതകളുള്ള കമ്പനികളിലെ നിക്ഷേപം അദ്ദേഹത്തെ ശ്രദ്ധേയാക്കുന്നു, 2018-ൽ അബാക്കസ് എഎംസി സ്ഥാപിച്ച അദ്ദേഹം ഒരു ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റാണ്. സോഫ്റ്റ്‌വെയർ സേവന കമ്പനികളിലാണ് അദ്ദേഹത്തിന്റെ നിക്ഷേപത്തിൽ 17.9 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കോർപ്പറേറ്റ് ഹോൾഡിംഗ് പ്രകാരം 3,057.2 കോടി രൂപ മൂല്യം വരുന്ന 28 ഓഹരികൾ അദ്ദേഹം ഹോൾഡ് ചെയ്യുന്നുണ്ട്.
ആശിഷ് കച്ചോലിയ
ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകരിലൊരാളാണ് ആശിഷ് കച്ചോളിയ. ലക്കി സെക്യൂരിറ്റീസ് എന്ന പേരിൽ സ്വന്തം നിക്ഷേപ സ്ഥാപനം നടത്തുന്ന അദ്ദേഹം സ്മോൾ, മിഡ്കാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന തന്ത്രമാണ് പിന്തുടരുന്നത്. ആശിഷ് കച്ചോലിയയുടെ പോർട്ട്ഫോളിയോയിൽ 18 ശതമാനത്തോളം കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽ ഓഹരികളാണ്. 49 ഓഹരികൾ ഹോൾഡ് ചെയ്യുന്ന അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോ മൂല്യം ഏകദേശം 3,108.2 കോടി രൂപയാണ്. ഏറ്റവും പുതിയ കോർപ്പറേറ്റ് ഷെയർഹോൾഡിംഗുകൾ അനുസരിച്ചുള്ള കണക്കാണിത്.
ഡിസംബറിൽ അവസാനിച്ച പാദത്തിൽ മൾട്ടിബാഗർ ഓഹരിയായ ബാലു ഫോർജ് ഇൻഡസ്ട്രീസിൽ നിന്ന് അദ്ദേഹം ലാഭമെടുത്തു, ഹോൾഡിംഗുകൾ 0.50 വെട്ടിക്കുറച്ചു. ഓഹരി 12 മാസത്തിനിടെ 200 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. അതേസമയം സ്മോൾകാപ് ഓഹരിയായി ലാ ഓപാല ആർജിയിൽ മുൻപാദത്തേക്കാൾ 0.70 ശതമാനം ഓഹരി വിഹിതമുയർന്നു. ആകെ പങ്കാളിത്തം 1.59 ശതമാനായി.
ഡോളി ഖന്ന
ഭർത്താവിനൊപ്പം വിജയകരമായൊരു പോർട്ട്‌ഫോളിയോ നിർമിക്കുന്നനിക്ഷേപകയാണ് ഡോളി ഖന്ന. ക്ഷമ, ശരിയായ ഗവേഷണം, സ്റ്റോപ്പ്-ലോസ്, കുറച്ച് കമ്പനികളിൽ നിക്ഷേപിക്കുക എന്നിവയാണ് ഡോളി ഖന്നയുടെ നിക്ഷേപ തന്ത്രം. ഡോളി ഖന്നയുടെ പോർട്ട്ഫോളിയോയിൽ 32 ശതമാനം ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ കാണാം. ഫയൽ ചെയ്ത ഏറ്റവും പുതിയ കോർപ്പറേറ്റ് ഷെയർഹോൾഡിംഗുകൾ പ്രകാരം ഡോളി ഖന്ന 529.7 കോടി രൂപ മൂല്യം വരുന്ന 18 ഓഹരികൾ കൈവശം വെയ്ക്കുന്നുണ്ട്.
പൊറിഞ്ചു വെളിയത്ത്
താര നിക്ഷേപകരിലെ മലയാളി സാന്നിധ്യമാണ് തൃശൂർ ചാലക്കുടി സ്വദേശി പൊറിഞ്ചു വെളിയത്ത്. 1990-ൽ കൊട്ടക് സെക്യൂരിറ്റീസിൽ ഫ്ലോർ ട്രേഡറായി തുടങ്ങിയ പൊറിഞ്ചു വെളിയത്ത് 2002 ലാണ് സ്വന്തം സംരംഭമായ ഇക്വിറ്റി ഇന്റലിജൻസ് ആരംഭിച്ചത്.
മികച്ച മാനേജ്‌മെന്റ്, ശക്തമായ ബാലൻസ് ഷീറ്റ്, ശക്തമായ ബിസിനസ് മോഡൽ എന്നിവയുള്ള ചെറുകിട കമ്പനികളെയാണ് അദ്ദേഹം നിക്ഷേപത്തിനായി തിരഞ്ഞെടുക്കാറുള്ളത്. സോഫ്റ്റ്‍വെയർ ആൻഡ് സർവീസ് മേഖലയിൽ നിന്നുള്ള ഓഹരികളാണ് അദ്ദേഹം കൈവശം വെയ്ക്കുന്നത്. പോർട്ട്ഫോളിയോയുടെ 41.9 ശതമാനം വരുമിത്. ഡിസംബറിലെ ഷെയർ ഹോൾഡിംഗ് ഡാറ്റ അനുസരിച്ച് 206.7 കോടി രൂപ മൂല്യമുള്ള 13 ഓഹരികൾ അദ്ദേഹം കൈവശം വെയ്ക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications