വിശാലിന്റെ വഴി തെറ്റിയില്ല; മുംബൈയിൽ നിന്നുള്ള ഓട്ടോ ഡ്രൈവർ ട്രേഡിംഗിലും പുലി; വിജയ കഥ ഇങ്ങനെ
കയ്യിലൊരു ലാപ്ടോപ്, ചുറ്റിലും ട്രേഡിംഗിന്റെ ബാലപാഠങ്ങൾ. ഒരു ട്രേഡറുടെ ഓഫീസ് റൂമല്ല, ഇത് മുംബൈകാരൻ വിശാൽ പൈക്രാവുവിന്റെ ഓട്ടോയാണ്. തിരക്കമുള്ള മുംബൈ നഗരത്തിൽ ഈ ഓട്ടോ ഇന്ന് സഞ്ചാരം അൽപം വേറിട്ട വഴികളിലൂടെയാണ്. സാധാരണ റിക്ഷാ ഡ്രൈവർ ജോലിക്കൊപ്പം തുടങ്ങിയ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗാണ് വിശാലിന്റെ ജീവിതത്തിലെ പുതിയ വഴി.
ഇൻസ്റ്റാഗ്രാമിൽ 'ട്രേഡർ റിക്ഷാവാല' എന്നറിയപ്പെടുന്ന വിശാൽ ഓട്ടോ യാത്രയും അതിനൊപ്പമുള്ള ട്രേഡിംഗും കൊണ്ട് ഓഹരി വിപണി നിക്ഷേപകർക്കിടയിൽ പ്രചോദനമാവുകയാണ്. 24 കാരനായ 12-ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിശാലിന്റെ വിജയത്തിന്റെ രഹസ്യം അതിമോഹമായ പരിശ്രമം തന്നെയാണ്.

ട്രേഡർ റിക്ഷാവാല
ഹോട്ടൽ വെയിറ്റർ, സെക്യൂരിറ്റി ഗാർഡ്, കൊറിയർ ബോയ് തുടങ്ങിയ ജോലികൾക്ക് ശേഷമാണ് വിശാൽ ഓട്ടോ ഡ്രൈവറുടെയും പിന്നീട് ട്രേഡറുടെയും കുപ്പായമണിയുന്നത്. ഓഹരി വിപണിയോടുള്ള താൽപ്പര്യം കൊണ്ട് ടിവിയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ട്രേഡിംഗ് പഠിച്ചാണ് തുടക്കം. രാവിലെ ട്രേഡിംഗോടെയാണ് വിശാലിന്റെ ദിവസം ആരംഭിക്കുന്നത്. എട്ടു മണിക്കാണ് ഓട്ടം തുടങ്ങുന്നത്. 9 മണി വരെ ഓട്ടോ ഓടിച്ച് ശേഷം ലാപ്ടോപ്പുമായി ട്രേഡിംഗിനിരിക്കുന്നതാണ് രീതി. തുടർന്ന് ദിവസം മുഴുവൻ ഓട്ടോറിക്ഷ ഓടിച്ചും വിശാൽ സമ്പാദിക്കുന്നു.
സാവധാനം നിക്ഷേപം തുടങ്ങി ഇങ്ങനെ സമ്പാദിച്ച പണം ഉപയോഗിച്ചാണ് ട്രേഡിംഗ് ആരംഭിക്കുന്നത്. പരിഹാസങ്ങളും നിരുത്സാഹങ്ങളും ഒരുപാടുണ്ടെങ്കിലും തന്റെ ലക്ഷ്യങ്ങളെ പിന്തുടരാൻ വിപണിയിൽ ഉറച്ചുനിൽക്കുകയാണെന്ന് വിശാൽ പറയുന്നു. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ 'ട്രേഡർ റിക്ഷാവാല' വാർത്തരകൾക്ക് പിന്നാലെ വൈറലാകുയായിരുന്നു. ഇന്ന് ഇൻസ്റ്റാഗ്രാമിൽ 50k ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് അദ്ദേഹത്തിന്റേത്. തന്റെ ലക്ഷ്യങ്ങളും നിക്ഷേപ- ട്രേഡിംഗ് രീതികളും വിശാൽ ഇതിൽ വിശദമാക്കുന്നു.
തുടക്കം ഇങ്ങനെ
വളരെ ബുദ്ധിമുട്ട് നിറഞ്ഞ മിഡിൽ ക്ലാസ് കുടുംബത്തിലായിരുന്നു ജനനമെന്ന് വിശാൽ പറയുന്നു. കടങ്ങൾ ഒരുപാടുണ്ടായിരുന്നു. ''എങ്ങനെ ദിവസം മുന്നോട്ട് കൊണ്ടു പോകുമെന്നും ഭക്ഷണം കഴിക്കുമെന്നും ചിന്തിച്ച കാലമുണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി എങ്ങനെ ജീവക്കണമെന്നായിരുന്നു ആഗ്രഹം. ഇതിന് ട്രേഡിംഗ് സഹായിക്കുമെന്ന് പറഞ്ഞത് സുഹൃത്തായിരുന്നു. പലരോടും ചോദിച്ചും സ്വയം പഠിച്ചും അനുഭവങ്ങളിലൂടെയുമായിരുന്നു തുടക്കം'', വിശാൽ പറയുന്നു.
നിക്ഷേപം പിന്നെ ഓപ്ഷൻ
2019 ലാണ് വിശാൽ ഓഹരി വിപണിയിലേക്ക് എത്തുന്നത്. എങ്ങനെ ഓഹരി വാങ്ങണം എങ്ങനെ ഹോൾഡ് ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും അറിയാത്ത സമയമായിരുന്നു. സുഹൃത്തക്കളോടും പരിചയക്കാരോടും അന്വേഷിച്ചായിരുന്നു തുടക്കം. പിന്നീട് യൂട്യൂബ് വീഡിയോകളിലൂടെ കൂടുതൽ മനസിലാക്കി, വിശാൽ ഫ്രീ പ്രസ് ജേർണലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
''2019 ൽ ടാറ്റ മോട്ടോഴ്സ് ഓഹരികൾ വാങ്ങിയതായിരുന്നു ആദ്യ നിക്ഷേപം.10-20 ഓഹരിളാണ് അന്ന് വാങ്ങിയത്. പഠിക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇങ്ങനെ പല ഓഹരികളിൽ നിന്നും ലാഭത്തോടെയാണ് ഓപ്ഷനിലേക്ക് മാറുന്നത്'', വിശാൽ ആദ്യ നിക്ഷേപത്തെ പറ്റി പറഞ്ഞതിങ്ങനെ.
ചെറിയ മൂലധനത്തിൽ നിന്നും മികച്ച ലാഭമുണ്ടാക്കാമെന്ന സുഹൃത്തിന്റെ നിർദ്ദേശത്തിലാണ് വിശാൽ 2021 ഓപ്ഷന്‍ ട്രേഡിംഗ് ആരംഭിക്കുന്നത്. ഓപ്ഷൻ ട്രേഡിംഗ് ചെയ്തുള്ള അനുഭവത്തിൽ നിന്നും കാര്യങ്ങളെ പറ്റി പഠിച്ചെടുത്തു. സ്ഥിരമായി ഓപ്ഷൻ ചെയ്യുന്നതിനാൽ തന്നെ പോർട്ട്ഫോളിയോ മൂല്യം ഇന്നും 10,000 രൂപയാണെന്ന് വിശാൽ പറയുന്നു.
എന്തുകൊണ്ട് നിക്ഷേപമില്ല
ദീർഘകാല നിക്ഷേപത്തിന് പറ്റിയൊരു സാഹചര്യമല്ല ഇന്ന് കുടുംബത്തിലുള്ളതെന്നാണ് വിശാൽ പറയുന്നത്. ഓട്ടോ ഓടികിട്ടുന്നത് കുടുംബത്തിന്റെ ചെലവിനുള്ളതാണ്. ഓപ്ഷനിൽ ലാഭമുണ്ടായാൽ കുറച്ച് പണമുപയോഗിച്ച് ഓഹരികൾ വാങ്ങിയിടും. ട്രേഡിംഗിലെ റിസ്കിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പട്ടിണിയേക്കള്‍ വലിയ റിസ്‌കില്ലെന്നാണ് വിശാലിന്റെ മറുപടി.


Click it and Unblock the Notifications


