ബജറ്റ് അവതരണത്തിന് മുൻപ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തിമാക്കിയത് പോലെ വലിയ പ്രഖ്യാപനങ്ങളില്ലാത്ത ഇടക്കാല ബജറ്റ് പ്രഖ്യാപനമാണ് വ്യാഴാഴ്ച നടന്നത്. 58 മിനിറ്റ് നീണ്ട ഇടക്കാല ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് നികുതി മാറ്റമില്ലെന്ന പ്രഖ്യാപനത്തോടെയാണ്. അതേസമയം പൊതുതിരഞ്ഞെടുപ്പിന് ശേഷം സമ്പൂർണ ബജറ്റുമായി ഇതേ സർക്കാർ തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസവും ധനമന്ത്രി പ്രകടിപ്പിച്ചു.
ഇതുവരെയുള്ള നിർമലാ സീതാരമന്റെ ബജറ്റ് പ്രസംഗങ്ങളിൽ ഏറ്റവും ചെറിയ പ്രസംഗമാണിത്. 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ മൂലധനച്ചെലവ് 11.1 ശതമാനം വർധിപ്പിച്ച് 11.11 ലക്ഷം കോടി രൂപയായതായി നിർമലാ സീതാരമൻ പ്രഖ്യാപിച്ചു. ആദായ നികുതിയിൽ യാതൊരു മാറ്റവും പ്രഖ്യാപിക്കാതിരുന്നപ്പോൾ ആരോഗ്യമേഖലയിൽ ചില പ്രഖ്യാപനങ്ങൾ നിർമലാ സീതാരമൻ നടത്തി. വിശദമായി നോക്കാം.

നികുതിയിൽ മാറ്റങ്ങളൊന്നുമില്ല
പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളിൽ മാറ്റങ്ങളോ നികുതി സ്ലാബുകളിൽ മാറ്റമോ വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിനിടെ വ്യക്തിമാക്കി. ഇറക്കുമതി ചുങ്കത്തിലും മാറ്റമില്ല. പുതിയ നികുതി വ്യവസ്ഥയിൽ പ്രതിവർഷം 7 ലക്ഷം രൂപ വരെ നികുതി അടയ്ക്കേണ്ടതില്ല.
നികുതിദായകരുടെ എണ്ണത്തിൽ 2.5 മടങ്ങ് വർധനവ് ഉണ്ടായതായും റീഫണ്ട് കാലയളവ് കുറഞ്ഞതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചു. 2013-2014 ലെ 93 ദിവസമെടുത്തിരുന്ന ആദായ നികുതി റീഫണ്ട് കഴിഞ്ഞ വർഷം വെറും 10 ദിവസമായി കുറഞ്ഞെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.
സ്റ്റാർട്ടപ്പിനുള്ള നികുതി ഇളവ് 2025 മാർച്ച് 31 വരെ നീട്ടിയതാണ് നികുതിയുമായി ബന്ധപ്പെട്ട് ബജറ്റിലുള്ള വ്യത്യാസം.
പരിഗണന ആരോഗ്യ രംഗത്ത്
കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ അടക്കമുള്ള പ്രഖ്യാപനങ്ങളോടെ സാധാരണക്കാരെ ആരോഗ്യ രംഗത്ത് പരിഗണിക്കുന്ന ചില പ്രഖ്യാപനങ്ങൾ ധനമന്ത്രി നിർമലാ സീതാരാമൻ നടത്തി.
നിലവിലുള്ള ആശുപത്രികളെ മെഡിക്കൽ കോളേജായി ഉയർത്തുന്നതിന് സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും പ്രശ്‌നങ്ങൾ പരിശോധിച്ച് തുടർനടപടികൾക്കായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. സെർവിക്കൽ ക്യാൻസർ തടയുന്നതിനായി 9-14 വയസിനിടയിലുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ ക്യാൻസർ വാക്സിനേഷനും ബജറ്റിൽ പ്രഖ്യാപിച്ചു.
ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ, അങ്കണവാടി പ്രവർത്തകർക്കും ഹെൽപ്പർമാർക്കും കൂടി ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിക്കും. മാതൃ-ശിശു ആരോഗ്യ പരിരക്ഷാ പദ്ധതികളും ഒരു സമഗ്ര പരിപാടിക്ക് കീഴിൽ കൊണ്ടുവരും. പോഷകാഹാര വിതരണം, കുട്ടിക്കാലത്തെ പരിചരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി 'സാക്ഷം അങ്കണവാടി', പോഷൻ 2.0 എന്നിവയുടെ കീഴിലുള്ള അങ്കണവാടി കേന്ദ്രങ്ങളുടെ നവീകരണം വേഗത്തിലാക്കും എന്നിവ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ്.


Click it and Unblock the Notifications