അത്രയധികം അറിയപ്പെടാത്തതും എന്നാല്‍ മികച്ച നേട്ടം സമ്മാനിക്കാന്‍ ശേഷിയുള്ളതുമായ സ്മോള്‍ കാപ് ഓഹരികള്‍ 'തപ്പിയെടുക്കുന്നതില്‍' അഗ്രഗണ്യയാണ് ഡോളി ഖന്ന. ഇത്തരത്തില്‍ വില താഴ്ന്നു നില്‍ക്കുന്ന മികച്ച മൂല്യമുള്ള കമ്പനികളെ യഥാസമയം കണ്ടെത്തി നിക്ഷേപിച്ചശേഷം വളരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയെന്ന ശൈലിയാണ് ഡോളി ഖന്നയുടെ നിക്ഷേപ രീതിശാസ്ത്രം.
മള്‍ട്ടിബാഗര്‍ നേട്ടം കൊയ്യുന്ന ഓഹരികള്‍ കണ്ടെത്തുന്നതിലെ ഡോളിയുടെ വിജയതൃഷ്ണയാണ് സാധാരണക്കാരായ അനവധി നിക്ഷേപകരെ അവരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ രാജ്യത്തുണ്ട്. മൂല്യമുള്ള ഓഹരികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ശൈലിയുളളവര്‍, ഇത്തരത്തില്‍ പ്രമുഖര്‍ നടത്തുന്ന നിക്ഷേപത്തിന്റെ വാര്‍ത്തകളുടെയും റിപ്പോര്‍ട്ടിന്റെയുമൊക്കെ ചുവടുപിടിച്ച് ആ ഓഹരികളില്‍ നിക്ഷേപിക്കാറുമുണ്ട്.
ഇത്തരത്തില്‍ ഡോളി ഖന്നയ്ക്ക് നിക്ഷേപമുള്ള ഒരു കമ്പനിയെ കുറിച്ച് ഒരു ദേശീയ മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുളള ലേഖനമാണിത്.
ജെ. കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ്
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ജെ കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ്. 1980-ലാണ് തുടക്കം. ഗതാഗത രംഗത്തെ എന്‍ജിനീയറിങ്, ജലസേചനം, പൊതുവിലുള്ള നിര്‍മാണ പ്രവൃത്തികള്‍, പൈലിങ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനോടകം മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, സൂറത്ത്, പൂനെ എന്നീ നഗങ്ങളിലെ മെട്രോ പദ്ധതികളുടെ കരാറുകളില്‍ ഭാഗമായി. നിലവില്‍ 10,000 കോടിയിലേറെ മൂല്യമുള്ള പദ്ധതികളുടെ നിര്‍മാണ കരാര്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഓഹരി വിശദാംശം
ജെ. കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സിന്റെ നിലവിലെ വിപണി മൂല്യം 1,700 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 276 രൂപ നിരക്കിലാണ്. ഓഹരിയുടെ വിപണി വിലയേക്കാള്‍ അധികമാണിത്. കണ്‍സ്ട്രക്ഷന്‍ കമ്പനികളുടെ ശരാശരി പിഇ അനുപാതം 10 നിലവാരത്തിലായിരിക്കുമ്പോള്‍ ജെ. കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സിന്റേത് 7 മടങ്ങിലേയുള്ളൂ എന്നതും ശ്രദ്ധേയം. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ജെ. കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.34 ശതമാനമാണ്.
കമ്പനിയുടെ ആകെ ഓഹരികളില്‍ 46.65 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 22.67 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 8.44 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.24 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 31.68 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. ജെ. കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സിന്റെ ജൂണ്‍ പാദത്തിലെ വരുമാനം 993 കോടിയും അറ്റാദായം 61 കോടിയുമാണ്. വരുമാനത്തിലും അറ്റാദാത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നു.
അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ 21 ശതമാനം തിരുത്തല്‍ നേരിട്ടെങ്കിലും ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ജെ. കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ് (BSE: 532940, NSE : JKIL) നല്‍കിയ നേട്ടം 40 ശതമാനത്തോളമാണ്. 52 ആഴ്ച കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 352 രൂപയും താഴ്ന്ന വില 149 രൂപയുമാണ്. ചൊവ്വാഴ്ച 224.30 രൂപയിലായിരുന്നു ജെ. കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ് ഓഹരിയുടെ ക്ലോസിങ്.
ഡോളിയുടെ നിക്ഷേപം
സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ ഓഹരി വിഹിതം സംബന്ധിച്ച് ജെ. കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ് പുറത്തുവിട്ട രേഖകള്‍ പ്രകാരം കമ്പനിയുടെ 8,13,976 ഓഹരികളാണ് ഡോളി ഖന്നയുടെ കൈവശമുള്ളത്. കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്റെ 1.08 ശതമാനത്തിന് തുല്യമാണിത്. നേരത്തെ ജൂണ്‍ പാദത്തിനൊടുവില്‍ കമ്പനി പ്രസിദ്ധീകരിച്ച മുഖ്യ നിക്ഷേപകരുടെ പട്ടികയില്‍ ഡോളി ഖന്നയുടെ പേര് ഉണ്ടായിരുന്നില്ല. അതിനാല്‍ ജൂണ്‍- സെപ്റ്റംബര്‍ ത്രൈമാസ കാലയളവിലാണ് ജെ. കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ് ഓഹരികള്‍ ഡോളി വാങ്ങിയതെന്ന് അനുമാനിക്കാം.
ഒരു കമ്പനിയുടെ ഓഹരി വിഹിതത്തില്‍ 1 ശതമാനത്തിലധികം കൈവശം വെയ്ക്കുന്നവരെയാണ് മുഖ്യ നിക്ഷേപകരായി പരിഗണിക്കുക. ഇവരുടെ ഓഹരി വിഹിതം സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ സാമ്പത്തിക പാദം പൂര്‍ത്തിയാകുമ്പോഴും കമ്പനികള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. അതേസമയം പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പൊതുസമക്ഷത്തില്‍ 25 ഓഹരികളാണ് ഡോളി ഖന്നയുടെ കൈവശമുള്ളത്. ഈ ഓഹരികളുടെ നിക്ഷേപ മൂല്യം 498.80 കോടിയാണ്. താല്‍ബ്രോസ് ഓട്ടോ, ദീപക് സ്പിന്നേര്‍സ് എന്നീ ഓഹരികളും സെപ്റ്റംബര്‍ പാദത്തിനിടെ ഡോളി ഖന്ന വാങ്ങിക്കൂട്ടിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications