ലാഭവിഹിതം തേടി നിക്ഷേപിക്കുകയാണോ? പൊതുമേഖല കമ്പനികൾ എത്ര രൂപ ലാഭവിഹിതം നൽകും; ഡിവിഡന്റ് യീൽഡ് അറിയാം
ഓഹരി നിക്ഷേപത്തിലൂടെ സ്ഥിര വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്കുള്ളൊരു മാർഗമാണ് ഡിവിഡന്റ് ഓഹരികൾ. തുടർച്ചയായി ലാഭവിഹിതം കൈമാറുന്ന കമ്പനികളിൽ നിക്ഷേപിക്കുകയാണെങ്കിൽ ദീർഘകാല നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപം വളരുന്നതിനൊപ്പം സ്ഥിര വരുമാനം ഉണ്ടാക്കാൻ സാധിക്കും. വിരമിക്കൽ കാലത്ത് സ്ഥിര വരുമാനം തേടുന്നവർക്ക് ഇത്തരം ഓഹരികൾ സഹായകമാണ്. സ്ഥിരമായി ലാഭവിഹിതം നൽകുന്ന കമ്പനികളിൽ മികച്ച ഡിവിഡന്റ് യീൽഡുമായി പൊതുമേഖലയിലുള്ള കമ്പനികൾ മുന്നിലുണ്ട്.
ഡിവിഡന്റ് യീൽഡ് എന്നത് നിക്ഷേപകർ അവരുടെ ഓഹരികളിൽ നിന്ന് നേടുന്ന വരുമാനത്തിന്റെ സൂചകമാണ്. ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, ഓഹരിയുടെ വിപണി വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം തുക നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി കമ്പനി നല്‍കുന്നുവെന്ന് എളുപ്പത്തില്‍ മനസിലാക്കാം.
റെലിഗെയർ ബ്രോക്കിംഗിന്റെ റിപ്പോർട്ട് പ്രകാരം മികച്ച ഡിവിഡന്റ് യീൽഡുള്ള പൊതുമേഖലാ കമ്പനികളെ നോക്കാം.

കോൾ ഇന്ത്യ
പൊതുമേഖലയിലുള്ള കൽക്കരി കമ്പനിയായ കോൾ ഇന്ത്യ 2011 ഫെബ്രുവരി 18 മുതൽ തുടർച്ചയായി ലാഭവിഹിതം നൽകുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കോൾ ഇന്ത്യ ലിമിറ്റഡ് ഒരു ഓഹരിക്ക് 24.50 രൂപ ലാഭവിഹിതം നൽകിയിട്ടുണ്ട്. നിലവിലെ ഓഹരി വിലയായ 384.55 രൂപയിൽ കോൾ ഇന്ത്യ ലിമിറ്റഡിന് 6.37 ശതമാനം ഡിവിഡന്റ് യീൽഡ് ഉണ്ട്.
ഒഎൻജിസി
അസംസ്കൃത എണ്ണ, പ്രകൃതിവാതക നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓയിൽ എൻഡ് നാച്യുറൽ ഗ്യാസ് കോർപ്പറേഷൻ 2000 മുതൽ 55 തവണ ലാഭവിഹിതം നൽകി. 12 മാസത്തിനിടെ ഒഎൻജിസി ഒരു ഓഹരിക്ക് 10.25 രൂപ ലാഭവിഹിതം നൽകിയിട്ടുണ്ട്. നിലവിലെ ഓഹരി വിലയായ 208.25 രൂപയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന് 4.92 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
ഓയിൽ ഇന്ത്യ
ഓയിൽ ആൻഡ് ഗ്യാസ് സെക്ടറിൽ പ്രവർത്തിക്കുന്ന ഓയിൽ ഇന്ത്യ അസംസ്കൃത എണ്ണ, പ്രകൃതി വാതകം എന്നിവയുടെ പര്യവേക്ഷണം, ഉൽപ്പാദനം, ക്രൂഡ് ഓയിൽ ഗതാഗതം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. 2010 മുതൽ സ്ഥിരമായി ലാഭവിഹിതം നൽകുന്ന കമ്പനി 34 തവണ ലാഭവിഹിതം നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ കമ്പനി 19 രൂപ പ്രതിയോഹരി ലാഭവിഹിതം നൽകി. 385.70 രൂപയിൽ ലഭ്യമായ ഓഹരിക്ക് 4.93 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
പവർ ഫിനാൻസ് കോർപ്പറേഷൻ
വൈദ്യുത മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പവർ ഫിനാൻസ് കോർപ്പറേഷൻ. വൈദ്യുത മേഖലയിലെ അടിസ്ഥാന പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ് നടത്തുകയാണ് പവർ ഫിനാൻസ് കോർപ്പറേഷന്റെ ബിസിനസ്. 2007 മുതൽ കമ്പനി 35 തവണ ലാഭവിഹിതം നൽകി. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരിയൊന്നിന് 12.50 രൂപ നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിച്ചു.
നിലവിലെ ഓഹരി വിലയായ 393.10 രൂപയിൽ പവർ ഫിനാൻസ് കോർപ്പറേഷന് 3.18 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. ബോണസ്/ ഓഹരി വിഭജനങ്ങൾക്ക് ശേഷമുള്ള ഡിവിഡന്റ് യീൽഡ് 2.77 ശതമാനമാണ്.
പെട്രോനെറ്റ് എൽഎൻജി
ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിനും എൽഎൻജി ടെർമിനലുകൾ സ്ഥാപിക്കുന്നതിനുമായി കേന്ദ്ര സർക്കാർ രൂപീകരിച്ച കമ്പനിയാണ് പെട്രോനെറ്റ് എൽഎൻജി. തുടർച്ചയായി ലാഭവിഹിതം നൽകുന്ന കമ്പനി 12 മാസ കാലയളവിൽ 10 രൂപ ലാഭവിഹിതം നൽകി.
നിലവിലെ ഓഹരി വിലയായ 228.30 രൂപയിൽ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന് 4.38 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


