അടുത്തിടെ ലോകശ്രദ്ധ പതിഞ്ഞ ബിസിനസ് കരാറുകളില്‍ ഒന്നാണ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക് സമൂഹ മാധ്യമമായ ട്വിറ്ററിനെ ഏറ്റെടുക്കുന്നു എന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ തന്നെ ഇരുകൂട്ടരും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു. എന്നാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നാകും എന്നു കരുതിയ ഏറ്റെടുക്കല്‍ കരാര്‍ അവസാനം ആന്റി ക്ലൈമാക്സില്‍ കലാശിച്ചു.
വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്കുന്നതില് ട്വിറ്റര്‍ കമ്പനി നേതൃത്വം പരാജയപ്പെട്ടതിനാല്‍ 4,400 കോടി ഡോളറിന്റെ (ഏകദേശം 3.47 ലക്ഷം കോടി രൂപ) കരാര്‍ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചു. ഇതോടെ കരാറില്‍ നിന്നും പിന്മാറിയ മസ്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ട്വിറ്ററും വ്യക്തമാക്കിി. നിലവിലെ സാഹചര്യത്തില്‍ ഗുരുതരമായ പ്രത്യാഘാതം മസ്ക്ക് നേരിടാമെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് മസ്കിന് മറ്റൊരു രീതിയില്‍ വമ്പന്‍ സാമ്പത്തിക നേട്ടവും സമ്മാനിച്ചതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ 25-ന് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കം വ്യക്തമാക്കിയ മസ്ക്, ഇടപാടിനു വേണ്ട ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി തന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്ലയുടെ 96 ലക്ഷം ഓഹരികള്‍ വില്പന നടത്തിയിരുന്നു. ഇതിലൂടെ 850 കോടി ഡോളര്‍ (ഏകദേശം 67,150 കോടി രൂപ) മസ്ക് അന്നു കൈവശമാക്കിയിരുന്നു.
ടെസ്ല ഓഹരികള്‍ക്ക് താരതമ്യേന ഉയര്‍ന്ന വില നിലവാരമായ 885 ഡോളര്‍ നിരക്കില്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ആഗോള തലത്തില്‍ തന്നെ ഓഹരി വിപണി തിരുത്തല്‍ ഘട്ടത്തിലേക്ക് വഴിമാറുന്നതിനാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. ഏപ്രിലില്‍ മസ്്ക് വില്പന നടത്തിയ നിലവാരത്തില്‍ നിന്നും ടെസ്ല ഓഹരികള്‍ 19 ശതമാനമാണ് ഇടിഞ്ഞത്.
ഏപ്രിലില്‍ ഓഹരി വിറ്റുമാറിയില്ലായിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ നിന്നും 160 കോടി ഡോളറിന്റെ (ഏകദേശം 12,500 കോടി രൂപ) മൂല്യം ചോരുമായിരുന്നു. അതായത് ഇതിനോടകം ആ ഓഹരികള്‍ പണമായി മാറ്റിയതിനാല്‍ നഷ്ടമാകുമായിരുന്ന മൂല്യം അദ്ദേഹത്തിന്റെ സാമ്പത്തിക നേട്ടമായി മാറി.
ട്വിറ്റര്‍ വാങ്ങുന്നതിനായി മസ്ക് ഓഹരികള്‍ വിറ്റഴിക്കുന്ന സമയത്ത്, ടെസ്ല നിക്ഷേപകര്‍ ആശങ്കയിലായിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച് 16 വര്‍ഷം പിന്നിട്ടിട്ടും നഷ്ടത്തില്‍ തുടരുന്ന കമ്പനിയാണ് ട്വിറ്റര്‍. അത്തരമൊരു കമ്പനിയെ ഏറ്റെടുക്കുന്നത് മസ്കിന്, ടെസ്ല കമ്പനിയിന്മേലുള്ള ശ്രദ്ധതിരിക്കുമെന്നായിരുന്നു നിക്ഷേപകരുടെ സംശയം.
പണപ്പെരുപ്പ ഭീഷണിയും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യം തുറിച്ചു നോക്കുന്നതും വൈദ്യുത വാഹന വിപണിയില്‍ എതിരാളികള്‍ മത്സരം കടുപ്പിക്കുന്നതിന്റേയും പശ്ചാത്തലത്തിലായിരുന്നു ടെസ്ല നിക്ഷേപകര്‍ ആശങ്കയുന്നയിച്ചത്. അതിനാല്‍ ട്വിറ്റര്‍ കരാറില്‍ നിന്നും മസ്ക് പിന്മാറുന്നത് ടെസ്ല നിക്ഷേപകര്‍ക്കും ആശ്വാസമേകുന്ന ഘടകമാണ്.
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കണക്ക് എത്രയാണെന്ന് മേയ് 9-ന് ട്വിറ്റര്‍ കമ്പനി നേതൃത്വത്തോട് മസ്ക് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ആവശ്യം ഉന്നയിച്ചിട്ടും കൃത്യമായ മറുപടി നല്‍കിയില്ലെന്നും അതിനാല്‍ കരാറില്‍ നിന്നും പിന്മാറുകയുമാണെന്നാണ് മസ്ക് വ്യക്തമാക്കിയത്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകള്‍ ഉള്ളതെന്നാണ് ട്വിറ്ററിന്റെ വാദം. എന്നാല്‍ 20 ശതമാനത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ടെന്നാണ് മസ്ക് പറയുന്നത്. കരാറില്‍നിന്ന് പിന്മാറിയ ഇലോണ്‍ മസ്കിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
നിയമ നടപടികളുടെ അന്തിമഫലം എന്തുതന്നെയായാലും ട്വിറ്റര്‍ കരാര്‍ മുടങ്ങിയിട്ടും നിലവില്‍ ലാഭം സ്വന്തം കീശയിലാക്കാന്‍ മസ്കിന് സാധിച്ചിട്ടുണ്ട്. മികച്ച ഇലക്ട്രിക് കാറുകള്‍ എന്നു ഖ്യാതിയുള്ള ടെസ്ല, സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേക്സ് എക്സ്, സ്വകാര്യ ഉപഗ്രഹ ശൃംഖലയായ സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള ഒട്ടേറെ നൂതന സംരംഭങ്ങളുടെ തലതൊട്ടപ്പനാണ് ഇലോണ്‍ മസ്ക്. ഇക്കഴിഞ്ഞ ജനുവരി- ഏപ്രില്‍ കാലയളവില്‍ ട്വിറ്ററിന്റെ 7.3 കോടി ഓഹരികള്‍ 264 കോടി ഡോളര്‍ മുടക്കി (ഓഹരിയൊന്നിന് 36 ഡോളര്‍) മസ്ക് വാങ്ങിയിരുന്നു.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications