അദാനി ഓഹരി; രണ്ടിടത്ത് നിക്ഷേപം കുറച്ച് നാലിടത്ത് നിക്ഷേപം കൂട്ടി എല്‍ഐസി; ഇഷ്ടം ഒട്ടും ചോര്‍ന്നിട്ടില്ല
2023 മാര്‍ച്ച് 31 വരെയുള്ള ഷെയര്‍ ഹോള്‍ഡിംഗ് വിവരങ്ങള്‍ പുറത്തു വരാന്‍ തുടങ്ങി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ നിക്ഷേപം വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു.
എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷവും 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ എല്‍ഐസി നാല് അദാനി ഗ്രൂപ്പ് ഓഹരികളില്‍ പങ്കാളിത്തം ഉയര്‍ത്തി എന്നാണ് പുതിയ ഷെയര്‍ ഹോള്‍ഡിംഗ് ഡാറ്റ സൂചിപ്പിക്കുന്നത്. അതേസമയം, എല്‍ഐസിയും മ്യൂച്വല്‍ ഫണ്ടുകളും ഒരു അദാനി ഗ്രൂപ്പ് ഓഹരിയിലെ നിക്ഷേപം കുറച്ചിട്ടുമുണ്ട്.
ഹിൻഡൻബർഗ് റിപ്പോർട്ട്
2023 ജനുവരി 24 ന് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ 50-80 ശതമാനം കുത്തനെ ഇടിവുണ്ടായി. അദാനി ഗ്രൂപ്പിനെതിരെ അക്കൗണ്ടിംഗ് തട്ടിപ്പുകള്‍, സ്റ്റോക്ക് കൃത്രിമങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോർട്ടിലെ ആരോപണങ്ങൾ. റിപ്പോർട്ട് അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. വിഷയത്തെ തുടർന്ന സെബി അന്വേഷണം നടക്കുന്നുണ്ട്.

നിക്ഷേപം ഉയര്‍ത്തിയ ഓഹരികള്‍
അദാനി ഗ്രീന്‍ എനര്‍ജിയില്‍ 0.8 ശതമാനം ഓഹരി പങ്കാളിത്തമാണ് നാലാം പാദത്തില്‍ എല്‍ഐസി ഉയര്‍ത്തിയത്. അദാനി ഗ്രീന്‍ എനര്‍ജിയുടെ 2,14,70,716 ഓഹരികളാണ് എല്‍ഐസിയ്ക്കുള്ളത്. ആകെ ഓഹരികളുടെ 1.36 ശതമാനം വരും. മൂന്നാം പാദത്തില്‍ 1.28 ശതമാനം (2,03,09,080 ഓഹരികള്‍) ഓഹരികളാണ് എല്‍ഐസി കൈവശം വെച്ചിരുന്നത്.
അദാനി ടോട്ടല്‍ ഗ്യാസില്‍ 0.60 ശതമാനം ഓഹരി പങ്കാളിത്തം ഉയര്‍ത്തി. ഡിസംബറില്‍ 6,55,88,170 ഓഹരികളുമായി 5.96 ശതമാനമായിരുന്നു ഓഹരി പങ്കാളിത്തം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇത് 6.02 ശതമാനം (6,62,00,032) ആയി.
അദാനി എന്റര്‍പ്രൈസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയിലെ നിക്ഷേപത്തില്‍ 0.3 ശതമാനം വര്‍ധനവാണ് എല്‍ഐസി വരുത്തിയത്. അദാനി എന്റര്‍പ്രൊസില്‍ 4.23 ശതമനമായിരുന്ന ഓഹരി പങ്കാളിത്തം 4.26 ശതമാനമാക്കി ഉയര്‍ത്തി. അദാനി ട്രാന്‍സ്മിഷനിലേത് 3.68 ശതമാനമായി ഉയര്‍ന്നു. നേരത്തെ 3.65 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.
അദാനി ഗ്രൂപ്പ് കമ്പനിയായി എസിസി സിമന്റില്‍ മുന്‍പാദത്തിലെ അതേനില തുടര്‍ന്നു. 1,20,33,771 ഓഹരികളുമായി 6.41 ശതമാനം ഓഹരി പങ്കാളിത്തമാണ് എല്‍ഐസിക്കുള്ളത്.
ഓഹരി പങ്കാളിത്തം കുറച്ചവ
രാജീവ് ജെയിനിന്റെ വിദേശ നിക്ഷേപ സ്ഥാപനമായ ജിക്യുജി ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്ന് വന്‍ നിക്ഷേപമെത്തിയ അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഓഹരികളില്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി പങ്കാളിത്തം കുറച്ചു. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം എല്‍ഐസിയും മ്യൂച്വല്‍ ഫണ്ടുകളും അദാനി പോര്‍ട്ട്‌സിലെ നിക്ഷേപം കുറച്ചിട്ടുണ്ട്.

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 2022 ഡിസംബര്‍ 31 വരെ 4.43 ശതമാനം ഓഹരി പങ്കാളിത്തം അദാനി പോർട്ട്സിലുണ്ടായിരുന്നു. നാലാം പാദത്തിൽ അദാനി കമ്പനിയിലെ ഓഹരി പങ്കാളിത്തം മ്യൂച്വൽ ഫണ്ടുകൾ 3.09 ശതമാനമായി കുറച്ചു. എൽഐസിയുടെ അദാനി പോർട്സിലെ നിക്ഷേപം 19,70,26,194 ഓഹരികൾ അഥവാ 9.12 ശതമായി കുറഞ്ഞു.
മൂന്നാം പാദത്തിൽ 19,75,26,194 ഓഹരികളോടെ 9.14 ശതമാനം ഓഹരി പങ്കാളിത്തം എൽഐസിക്കുണ്ടായിരുന്നു. ഇതോടൊപ്പം അദാനി ഓഹരികളിലൊന്നായ അംബുജ സിമന്റ്സിലെ നിക്ഷേപവും എൽഐസി 0.30 ശതമാനം കുറച്ചിട്ടുണ്ട്.
രാജീവ് ജെയിനിന്റെ യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനം മാര്‍ച്ചില്‍ 88,600,000 അദാനി പോര്‍ട്ട്‌സ് ഓഹരികളാണ് 596.20 രൂപ നിവവാരത്തിൽ വാങ്ങിയത്. 5,282 കോടി രൂപയുടെ നിക്ഷേപത്തിൽ അദാനി പോര്‍ട്ട്‌സിന്റെ 4.1 ശതമാനം ഓഹരികൾ രാജീവ് ജെയിൻ സ്വന്തമാക്കിയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


