ആഗോള സമ്പദ്ഘടന പണപ്പെരുപ്പ ഭീഷണിയും സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയും നേരിടുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നിരവധി മള്‍ട്ടിബാഗറുകളെ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് സാധിച്ചിട്ടുണ്ട്. 100 ശതമാനത്തിലധികം നേട്ടം കൈവരിച്ച പട്ടികയില്‍ ഗണ്യമായ സ്ഥാനം കൈയടക്കിയിരിക്കുന്നത് പെന്നി ഓഹരികളാണ്.
ഇത്തരത്തില്‍ സമീപകാല മള്‍ട്ടിബാഗറുകളുടെ മുന്‍നിരയിലുള്ള പെന്നി ഓഹരിയാണ് ഇന്റഗ്ര എസന്‍ഷ്യ ലിമിറ്റഡ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ച ഈ ഓഹരിയില്‍ അടുത്തിടെയായി മുന്നേറ്റം വീണ്ടും ശക്തമായിട്ടുണ്ട്. ഇടപാടുകളുടെ എണ്ണവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 4 ദിവസമായി ഇന്റഗ്ര എസന്‍ഷ്യ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ ഈ വ്യാപാര ആഴ്ചയില്‍ മാത്രം 23 ശതമാനം നേട്ടമാണ് ഓഹരി കരസ്ഥമാക്കിയത്.
ഇന്നു രാവിലെ വ്യാപാരം പുനഃരാരംഭിച്ചപ്പോള്‍ തന്നെ ഇന്റഗ്ര എസന്‍ഷ്യ ഓഹരിയുടെ വില കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 8.05 രൂപയിലേക്ക് എത്തിച്ചേര്‍ന്നു. അതേസമയം കുതിപ്പിന്റെ പാതയില്‍ മുന്നേറുന്ന ഈ നാനോ കാപ് ഓഹരി കഴിഞ്ഞ ഒരു മാസത്തിനിടെ 4.25 രൂപയില്‍ നിന്നും 8.05 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. 90 ശതമാനം നേട്ടമാണിത്.
അതുപോലെ കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്റഗ്ര എസന്‍ഷ്യ ഓഹരിയുടെ വില 1.67 രൂപയില്‍ നിന്നും 8.05-ലേക്ക് മുന്നേറിയത്. ഇതോടെ 380 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. അതേസമയം ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരി ഇപ്പോള്‍ തുടരുന്നത്.
കാരണം
അവശ്യ വസ്തുക്കളുടെ വ്യാപാരത്തിലും വിപണനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് ഇന്റഗ്ര എസന്‍ഷ്യ ലിമിറ്റഡ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 11 കോടിയുടെ 'ഡ്രൈ ഫ്രൂട്ട്‌സ്' വിതരണം ചെയ്യാനുള്ള കരാര്‍ ലഭിച്ചെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചിരുന്നു. ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇതോടെ രണ്ടാം പാദത്തില്‍ ഇന്റഗ്ര എസന്‍ഷ്യയുടെ (BSE: 535958, NSE : ESSENTIA) വിറ്റുവരവ് ലക്ഷ്യമിട്ട നിലവാരം മറികടക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അടുത്തിടെ നിലവിലെ ബിസിനസ് പങ്കാളികളോടൊപ്പം ചേര്‍ന്ന് അരി സംസ്‌കരണ പ്ലാന്റിന്റെ നിര്‍ണായക ഉടമസ്ഥാവകാശം ഇന്റഗ്ര എസന്‍ഷ്യ നേടിയിരുന്നു. ഉത്തരേന്ത്യയിലെ നെല്ലറയുടെ സമീപത്ത് തന്നെയാണ് ഈ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കയറ്റുമതി ചെയ്യാനുള്ള ഗുണനിലവാരത്തില്‍ 21,000 മെട്രിക് ടണ്‍ അരി വാര്‍ഷികാടിസ്ഥാനത്തില്‍ സംസ്‌കിരച്ചെടുക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ട്. സംയുക്ത സംരംഭങ്ങളിലൂടെയും മറ്റ് കമ്പനികളെ ഏറ്റെടുത്തും വളര്‍ച്ച ത്വരിതപ്പെടാനുള്ള ശ്രമത്തിലാണ് ഇന്റഗ്ര എസന്‍ഷ്യ.
എന്‍എസ്ഇയിലും ബിഎസ്ഇയിലും ഇന്റഗ്ര എസന്‍ഷ്യ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ 310 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 0.54 രൂപയും പിഇ അനുപാതം 161 മടങ്ങിലുമാണുള്ളത്. ഇന്റഗ്ര എസന്‍ഷ്യയുടെ ആകെ ഓഹരികളില്‍ 20.81 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. 77.9 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്.
ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.29 ശതമാനം ഓഹരികളും സ്വന്തമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 68 കോടി വരുമാനവും 1 കോടി രൂപ അറ്റാദായവും നേടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications