വെള്ളിയാഴ്ചത്തെ വമ്പന്‍ തകര്‍ച്ചയോടെ സെപ്റ്റംബര്‍ 16-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ പ്രധാന സൂചികകളില്‍ 2 ശതമാനത്തോളം നഷ്ടമാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യ ഭീഷണിയെ തുടര്‍ന്ന് ടെക്നോളജി ഓഹരികളിലാണ് വമ്പന്‍ തിരിച്ചടി നേരിട്ടത്. ഓട്ടോമൊബീല്‍, എഫ്എംസിജി, ഓയില്‍ & ഗ്യാസ്, ഫാര്‍മ, റിയാല്‍റ്റി വിഭാഗം ഓഹരികളിലും ഇടിവ് ദൃശ്യമായി. അതേസമയം ബാങ്ക്, മെറ്റല്‍ വിഭാഗം ഓഹരികള്‍ തിരിച്ചടിയെ പ്രതിരോധിച്ചു. വരുന്നയാഴ്ച ആഭ്യന്തര ഓഹരി വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
യുഎസ് ഫെഡ് യോഗം
പ്രതീക്ഷച്ചതിലും ഉയര്‍ന്ന തോതില്‍ പണപ്പെരുപ്പ നിരക്ക് പുറത്തു വന്നതോടെ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്, സെപ്റ്റംബര്‍ 20, 21 തീയതികളില്‍ ചേരുന്ന യോഗം ആഗോള വിപണികള്‍ക്കും നിര്‍ണായകമാണ്. അടിസ്ഥാന പലിശ നിരക്കില്‍ 75 അടിസ്ഥാന പോയിന്റ് (ബിപിഎസ്) വര്‍ധനയാണ് വിപണിയിലെ പ്രതീക്ഷ. എന്നാല്‍ ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ 100 ബിപിഎസ് പലിശ നിരക്ക് വര്‍ധനയാണ് ശുപാര്‍ശ ചെയ്യുന്നത് എങ്കില്‍ വിപണിക്ക് തിരിച്ചടിയാകും.
ഇതിനകം ഉയര്‍ന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധന നടപ്പാക്കിയിട്ടും പണപ്പെരുപ്പ ഭീഷണി ശമനമില്ലാതെ തുടരുന്നതിനാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കിനുമേലും സമ്മര്‍ദം ശക്തമാണ്. അതിനാല്‍ കടുത്ത നടപടികള്‍ പ്രതീക്ഷിക്കുന്നതിലും തെറ്റില്ല.
യുഎസ് ഡോളര്‍
പണപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിക്കുന്നതിന് മുമ്പുള്ള വേളയില്‍ അമേരിക്കന്‍ കറന്‍സിയുടെ വിനിമയ നിരക്ക് സൂചിപ്പിക്കുന്ന ഡോളര്‍ സൂചികയില്‍ തിരുത്തല്‍ നേരിട്ടിരുന്നു. എന്നാല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതില്‍ പുറത്തുവന്നതോടെ യുഎസ് ഡോളര്‍ സൂചിക നിര്‍ണായകമായ 110 നിലവാരം മറികടന്നു. 2002-നു ശേഷം ആദ്യമായാണ് ഈ ഉയര്‍ന്ന നിലവാരം ഡോളര്‍ മറികടക്കുന്നത്.
സമാനമായി 10 വര്‍ഷ കാലയളവിലേക്കുള്ള അമേരിക്കന്‍ കടപ്പത്രങ്ങളുടെ ആദായ നിരക്ക് (യീല്‍ഡ്) 3.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2011-ന് ശേഷമുള്ള ഉയര്‍ന്ന യീല്‍ഡ് നിരക്കുകളാണിത്. ഈയാഴ്ചയില്‍ വീണ്ടും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചാല്‍ യുഎസ് ബോണ്ട് യീല്‍ഡ് നിരക്കുകള്‍ 3.8 ശതമാനത്തിലേക്ക് ഉയരുമെന്നാണ് നിഗമനം. ഇത് 2007-ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാകും. ഇത് ഓഹരി വിപണിക്ക് പ്രതികൂലമായ ഘടകമാണ്.
വിദേശ നിക്ഷേപകര്‍
ജൂണിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും ആഭ്യന്തര വിപണിക്ക് ഞൊടിയിടയില്‍ കരകയറാനുള്ള ഊര്‍ജം പകര്‍ന്നത് വിദേശ നിക്ഷേപകര്‍ വില്പനക്കാരുടെ റോളില്‍ നിന്നും നിക്ഷേപകരുടെ വേഷത്തിലേക്ക് മാറിയതു കൊണ്ടാണ്. അതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്ഐഐ) നിലപാട് ആഭ്യന്തര വിപണിക്ക് നിര്‍ണായകമാണ്.
ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ അവസാന 3 വ്യാപാര ദിനങ്ങളിലും വിദേശ നിക്ഷേപകര്‍ വില്പനക്കാരായിരുന്നു എന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ 16-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ വിദേശ നിക്ഷേപകര്‍ 1,900 കോടിയും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 2,900 കോടിയുടേയും വില്പനയാണ് നടത്തിയത്.
ക്രൂഡ് ഓയില്‍
കഴിഞ്ഞ മാസം മുഴുവന്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 യുഎസ് ഡോളറിന് താഴെയായിരുന്നു. ഉയര്‍ന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധന കാരണം സാമ്പത്തിക മാന്ദ്യ ഭീഷണിയും ഉയരുന്നതിനാല്‍ ക്രൂഡ് ഓയില്‍ വില ഒരു ഘട്ടത്തില്‍ 90 ഡോളറിനും താഴേക്കും വീണു. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് വില ഇടിവ് കാണിക്കുന്നത്.
ചൈനയിലെ ആവശ്യകത ദുര്‍ബലമാകുന്നതും അമേരിക്കയിലെ സാമ്പത്തിക മാന്ദ്യ ആശങ്ക ശക്തമാകുന്നതിനാലും ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ക്രൂഡ് ഓയില്‍ ആവശ്യകതയില്‍ വളര്‍ച്ചയുണ്ടാകില്ല എന്നണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ വിലയിരുത്തല്‍.
നിഫ്റ്റിയിൽ ഇനിയെന്ത് ?
നിഫ്റ്റി സൂചികയുടെ ദിവസ/ മണിക്കൂര്‍ ചാര്‍ട്ടുകളില്‍ ബെയറിഷ് സൂചനയായ 'ഡബിള്‍ ടോപ്' (Double Top) പാറ്റേണും ആഴ്ച കാലയളവിലുള്ള ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലും പ്രകടമായത് വിപണിയില്‍ കൂടുതല്‍ തിരിച്ചടിക്കുള്ള സാധ്യതയാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
നിഫ്റ്റി സൂചികയ്ക്ക് 17,450 നിലവാരം കാത്തുസൂക്ഷിക്കാനായാല്‍ (ഡബിള്‍ ബോട്ടം സപ്പോര്‍ട്ട് മേഖല) അതിവേഗത്തില്‍ 17,700/ 17,900 നിലവാരത്തിലേക്ക് തിരികെ കയറിയേക്കാം. അതിനാല്‍ ഹ്രസ്വകാല ട്രേഡര്‍മാര്‍ക്ക് 17,450 ആണ് നിര്‍ണായക നിലവാരം. ഇവിടം തകര്‍ന്നാല്‍ നിഫ്റ്റി സൂചിക 17,300/ 17,200 നിലവാരത്തിലേക്ക് തിരുത്തപ്പെടാം എന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications