നീണ്ട ഇടവേളയ്ക്കു ശേഷം ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാധ്യമ വാര്‍ത്തകള്‍ പ്രകാരം ഐഡിബിഐ ബാങ്കിന്റെ വിറ്റഴിക്കലിന്റെ ഭാഗമായി ടിപിജി, കാര്‍ലൈല്‍, ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് പോലെയുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളോട് നിക്ഷേപ താത്പര്യം ആരാഞ്ഞതായാണ് സൂചന.
നിലവില്‍ കേന്ദ്രസര്‍ക്കാരിനും പൊതുമേഖല ഇന്‍ഷൂറന്‍സ് സ്ഥാപനമായ എല്‍ഐസിക്കും കൂടി ഐഡിബിഐ ബാങ്കില്‍ 94.7 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാങ്കിലെ ഓഹരികള്‍ പൂര്‍ണമായോ ഭാഗികമായോ വിറ്റൊഴിയാന്‍ രണ്ടു കൂട്ടരും സന്നദ്ധരാണ്. കൂടാതെ ബാങ്കിനെ ഏറ്റെടുക്കുന്ന പുതിയ നിക്ഷേപകര്‍ക്ക് നിയന്ത്രണ ചുമതല കൈമാറാന്‍ തയ്യാറാണെന്നും സര്‍ക്കാരും എല്‍ഐസിയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നിരവധി ഉയര്‍ച്ചതാഴ്ചകള്‍ക്ക് സാക്ഷ്യംവഹിച്ച ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാന്‍ പുതിയ നിക്ഷേപകര്‍ തയ്യാറാകുമോ എന്നതാണ് നിര്‍ണായക ചോദ്യം.
എന്നാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരും എല്‍ഐസിയും വന്‍തോതില്‍ ഒഴുക്കിയ മൂലധന നിക്ഷേപം ഐഡിബിഐ ബാങ്കിന്റെ (BSE: 500116, NSE : IDBI) ആകര്‍ഷക ഘടകമാകുമെന്നാണ് വിലയിരുത്തല്‍. 2017-20 കാലഘട്ടത്തിനിടെ സര്‍ക്കാര്‍ 18,928 കോടിയും എല്‍ഐസി 26,761 കോടിയും മൂലധന പര്യാപ്തത കൈവരിക്കാനായി ഐഡിബിഐ ബാങ്കിന് നല്‍കിയിട്ടുണ്ട്. ഇതോടെ സാമ്പത്തികാരോഗ്യം വീണ്ടെടുത്ത ബാങ്ക് തുടര്‍ച്ചയായ 5 വര്‍ഷത്തെ നഷ്ടക്കഥകള്ക്കു ശേഷം 2021, 2022 സാമ്പത്തിക വര്‍ഷങ്ങളില്‍ അറ്റാദായവും രേഖപ്പെടുത്തി.
സമീപകാലത്ത് ഐഡിബിഐ ബാങ്കിന്റെ നിഷ്ക്രിയ ആസ്തികളുടെ തോതും ഗണ്യമായി താഴ്ന്നു. അതിനാല്‍ ബാങ്കിംഗ് ലൈസന്‍സും വലിയ നിക്ഷേപ ശേഖരവും എന്ന ഘടകങ്ങള്‍ ദീര്‍ഘവീക്ഷണമുള്ള നിക്ഷേപകരെ ആകര്‍ഷിച്ചേക്കും. ജൂണ്‍ പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം ഐഡിബിഐ ബാങ്കിന്റെ കൈവശം 2,25,269 കോടിയുടെ നിക്ഷേപമുണ്ട്.
കറന്റ് അക്കൗണ്ടും സേവിങ്സ് അക്കൗണ്ടും തമ്മിലുള്ള അനുപാതം 55.6 ശതമാനത്തിലേക്കും ഉയര്‍ന്നു. അടുത്തിടെയായി റീട്ടെയില്‍ നിക്ഷേപത്തിലും ഗണ്യമായ വര്‍ധന കൈവരിച്ചു. 2016-ല്‍ 40 ശതമാനം ഉണ്ടായിരുന്ന വന്‍കിട നിക്ഷേപങ്ങള്‍ 2022-ഓടെ 5 ശതമാനത്തിലേക്ക് താഴ്ത്താനും ബാങ്കിന് സാധിച്ചു.
സിഎസ്ബി- ഐഡിബിഐ ലയനം
ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം, ഇന്തോ- കാനേഡിയന്‍ ശതകോടീശ്വരനും രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ സ്ഥാപകനുമായ പ്രേം വാസ്തയ്ക്ക് ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാന്‍ അതിയായ താത്പര്യമുണ്ടെന്നാണ് സൂചന. നിലവില്‍ സിഎസ്ബി (മുന്‍പ് കാത്തലിക് സിറിയന്‍ ബാങ്ക്) ബാങ്കിന്റെ 49.7 ശതമാനം ഓഹരികളും ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്ഡിങ്സിന്റ കൈവശമാണ്.
എന്നാല്‍ ഒരേസമയം രണ്ട് ബാങ്കിന്റെ പ്രമോട്ടര്‍ പദവി വഹിക്കാന്‍ ഫെയര്‍ഫാക്സിനെ റിസര്‍വ് ബാങ്ക് അനുവദിക്കാന്‍ തീരെ സാധ്യതയില്ല. അതിനാല്‍ നിയമം പാലിക്കാനും യോഗ്യത കൈവരിക്കാനും സിഎസ്ബിയെ (BSE: 542867, NSE : CSBBANK) ഐഡിബിഐ ബാങ്കില്‍ ലയിപ്പിക്കാന്‍ ഫെയര്‍ഫാക്സ് മുതിര്‍ന്നേക്കും. അതേസമയം ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കുന്നതിനുള്ള താത്പര്യപത്രം ഔദ്യോഗികമായി ഫെയര്‍ഫാക്സ് ഇതുവരെ നല്കിയിട്ടില്ലാത്തതിനാല് സിഎസ്ബി ലയനം കേവലം അനുമാനമായി അവശേഷിക്കും.
ഫെയര്‍ഫാക്സ് ഹോള്‍ഡിങ്സിന്റെ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ സ്വപ്നങ്ങള്‍ക്ക് കരുത്തു പകരാന്‍ ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കുന്നതിലൂടെ സാധിക്കും. നിലവില്‍ ഫെയര്‍ഫാക്സിന്റെ കൈവശമുള്ള സിഎസ്ബി ബാങ്കിന്റെ 10 ഇരട്ടി ബിസിനസ് വലിപ്പമുള്ള ബാങ്കിംഗ് സ്ഥാപനമാണ് ഐഡിബിഐ.
അതേസമയം ഇരു ബാങ്കുകളും തമ്മില്‍ ലയിച്ച് ഒന്നുചേര്‍ന്നാല്‍ പുതിയ സ്ഥാപനത്തിന് 1,50,000 കോടിയുടെ വായ്പാമൂല്യവും 3,00,000 കോടിയുടെ ആസ്തിയും കൈവശമുണ്ടാകും. നിലവില്‍ 46,343 കോടിയാണ് ഐഡിബിഐ ബാങ്കിന്റെ വിപണി മൂല്യം. സിഎസ്ബിയുടെ വിപണി മൂല്യം 3,800 കോടി രൂപ മാത്രമാണ്.
സിഎസ്ബി ബാങ്ക്
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കിംഗ് സ്ഥാപനമാണ് സിഎസ്ബി ബാങ്ക്. നൂറ് വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുളള ഈ ബാങ്കിന്റെ ആസ്ഥാനം തൃശൂരിലാണ്. നേരത്തെ കാത്തലിക് സിറിയന്‍ ബാങ്ക് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നിലവില്‍ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 600-ലധികം ശാഖകള്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 15 ലക്ഷത്തോളം ഉപഭോക്താക്കളും 468 എടിഎമ്മുകളും ബാങ്കിനുണ്ട്.
അതേസമയം ജൂണ്‍ പാദത്തില്‍ സിഎസ്ബി ബാങ്ക് നേടിയ പലിശ വരുമാനം 311 കോടിയും അറ്റാദായം 115 കോടിയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ടു ഘടകങ്ങളും വര്‍ധന രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications