റിസർവ് ബാങ്ക് പണനയ യോഗ തീരുമാനത്തിന് പിന്നാലെ ഇടിവിലേക്ക് വീണ് ആഭ്യന്തര ഇക്വിറ്റി വിപണി. ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾക്ക് നേട്ടമുണ്ടായെങ്കിലും റേറ്റ് സെൻസിറ്റീവ് സെക്ടറുകളിലെ ഓഹരികൾ ഇടിഞ്ഞതോടെ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം വീതം ഇടിഞ്ഞു. സെൻസെക്‌സ് 723.57 പോയിന്റ് താഴ്ന്ന് 71,428ലും നിഫ്റ്റി 212.50 പോയിന്റ് നഷ്ടത്തോടെ 21,718.00ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആർബിഐ നിരക്ക് തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപ് രണ്ട് സൂചികകളും ഏകദേശം 0.2 ശതമാനം വരെ ഉയർന്നിരുന്നു.
പണനയ അവലോകന യോഗത്തിൽ പ്രധാന പോളിസി നിരക്കുകളിൽ തൽസ്ഥിതി തുടരാനുള്ള തീരുമാനമാണ് ആർബിഐ കൈകൊണ്ടത്. മികച്ച ജിഡിപി വളർച്ച പ്രവചനവും പണപ്പെരുപ്പ പ്രവചനവുമാണ് ആർബിഐ പ്രതീക്ഷിക്കുന്നത്. സാധാരണ മൺസൂൺ അനുമാനിക്കുകയാണെങ്കിൽ 2025 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ ജിഡിപി 7 ശതമാനവും സിപിഐ പണപ്പെരുപ്പം 4.5 ശതമാനവും ആയിരിക്കുമെന്ന് ആർബിഐ പ്രതീക്ഷിക്കുന്നു.
ഒപ്പം വളർച്ചയെ പിന്തുണയ്‌ക്കുമ്പോൾ പണപ്പെരുപ്പം ലക്ഷ്യവുമായി ക്രമാനുഗതമായി യോജിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ വിത്ത്ഡ്രോവൽ ഓഫ് അക്കമഡേഷൻ നിലപാട് നിലനിർത്തുകയും ചെയ്തു. ഇത് ഉടൻ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത തള്ളി കളഞ്ഞതിനാലാണ് വിപണിയിൽ ഇടിവുണ്ടായത്.

നിഫ്റ്റിയിലെ ഓഹരികൾ
നിഫ്റ്റിയിലെ ഏറ്റവും വലിയ നഷ്ടം ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ എന്നിവയ്ക്കാണ്. എസ്ബിഐ, ബിപിസിഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, ടിസിഎസ്, എച്ച്സിഎൽ ടെക്‌നോളജീസ് എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തു.
ഓട്ടോ, ബാങ്ക്, റിയൽറ്റി, ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി എന്നി സെക്ടറൽ സൂചികകൾ 0.6-2 ശതമാനം ഇടിഞ്ഞപ്പോൾ ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഐടി, പിഎസ്‍യു ബാങ്ക് എന്നിവ 0.3-2 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്‌കാപ് സൂചിക ഫ്ലാറ്റിലും സ്‌മോൾകാപ് സൂചിക 0.4 ശതമാനം ഇടിവിലും അവസാനിച്ചു.
ഐടിസി ഇടിവിൽ; പൊതുമേഖലാ ബാങ്കുകൾക്ക് നേട്ടം
ഐടിസിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ ഓഹരികൾ വിൽക്കുമെന്ന വാർത്തയ്ക്ക് പിന്നാലെ ഐടിസി നാല് ശതമാനം വരെ താഴേക്ക് പോയി. നിഫ്റ്റിയിലെ പ്രധാന നഷ്ടം ഐടിസിയാണ്. അതേസമയം റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ടിസിഎസ് എന്നിവ നിഫ്റ്റിക്ക് പിന്തുണ നൽകി. പൊതുമേഖലാ ബാങ്കുകൾ ഒഴികെ നിഫ്റ്റി ബാങ്കിലെ മറ്റെല്ലാ ഓഹരികളും നഷ്ടത്തിലാണ്. സമ്മിശ്രമായ പാദഫലത്തിന് ശേഷം എഫ്എംസിജി ഓഹരികളും സമ്മർദ്ദത്തിലാണ്. നിഫ്റ്റി എഫ്എംസിജി 2 ശതമാനം ഇടിഞ്ഞു.
മാക്സ് ഫിനാൻഷ്യൽ സർവീസ് നേട്ടം തുടർന്നു. ഓഹരി നാല് ശതമാനം ഉയർന്നു. ഡെൽറ്റ കോർപ്പറേഷൻ ബുധനാഴ്ചത്തെ നേട്ടങ്ങങ്ങൾ്ക്ക് ശേഷം വ്യാഴാഴ്ച 5 ശതമാനം ഇടിഞ്ഞു. മികച്ച മൂന്നാം പാദഫലമുണ്ടായിട്ടും മണപ്പുറം ഫിനാൻസ് ഓഹരി 5 ശതമാനം ഇടിഞ്ഞു.


Click it and Unblock the Notifications