വ്യാപാരത്തിന്റെ അവസാന മിനിറ്റുകളിലെ ഇടിവിൽ തുടർച്ചയായ രണ്ട് സെഷനിലെ നേട്ടം അവസാനിപ്പിച്ച് വിപണി. സെൻസെക്സ് 223.94 പോയിൻറ് ഇടിഞ്ഞ് 65,393.90 ലും നിഫ്റ്റി 55.10 പോയിൻറ് അഥവാ 0.28 ശതമാനം നഷ്ടത്തിൽ 19,384.30 ലുമാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച ഏകദേശം 1,696 ഓഹരികൾ മുന്നേറിയപ്പോൾ 1,668 ഓഹരികൾ ഇടിഞ്ഞു. 139 ഓഹരികളുടെ വിലയിൽ മാറ്റമില്ല.അമേരിക്കയിലെയും ഇന്ത്യയിലെയും പണപ്പെരുപ്പ ഡാറ്റയെ സംബന്ധിച്ച് നിക്ഷേപകർ ജാഗ്രത പുലർത്തിയതാണ് ഇടിവിന് കാരണം.
വ്യാപാരത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും നേട്ടത്തിൽ തുടർന്ന ബാങ്ക് നിഫ്റ്റി വ്യാപാരത്തിന്റെ അവസാന മണിക്കൂറിന് മുൻപ് വരെ 100 പോയിന്റ് നേട്ടത്തിലായിരുന്നു. അവസാന നിമിഷം 100 പോയിന്റ ഇടിഞ്ഞ് 44,639.45 ലാണ് ക്ലോസ് ചെയ്തത്. സെക്‌ടറൽ സൂചികകളിൽ ഫാർമ, പിഎസ്‌യു ബാങ്ക് സൂചികകളാണ് നേട്ടത്തിൽ. ഐടി സൂചികളിൽ വലിയ വില്പന നടന്നു. ബിഎസ്ഇ മിഡ് കാപ്, സ്മോൾ കാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു. ബുധനാഴ്ച രൂപ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

നേട്ടമുണ്ടാക്കിയ ഓഹരികൾ
എൽടിഐമിൻഡ്ട്രീ, അദാനി എന്റർപ്രൈസസ്, അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, ബിപിസിഎൽ എന്നി ഓഹരികളാണ് നിഫ്റ്റിയിൽ കനത്ത നഷ്ടം നേരിട്ടത്. ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, നെസ്ലെ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തു.
എച്ച്ഡിഎഫ്സി ഓഹരികൾ, ഇൻഫോസിസി്, എൽ ആൻ്ഡ് ടി, ഐസിഐസിഐ ബാങ്ക് എന്നിവ സെൻസെക്സിൽ നേട്ടമുണ്ടാക്കി. ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ എന്നിവയുൾപ്പെടെ 211 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ഡോളറിനെതിരെ 82.24 നിലവാരത്തിലാണ് രൂപയുടെ ക്ലോസിംഗ്. ചൊവ്വാഴ്ചയിലെ ക്ലോസിംഗായ 82.36 രൂപയേക്കാൾ 12 പൈസ നേട്ടമാണിത്.
ജിഎസ്ടി വർധനവ്; ഓഹരികൾ ഇടിഞ്ഞു
ഓൺലൈൻ ഗെയമിംഗ്, കാസിനോ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള നീക്കം വിവിധ ഓഹരികളെ ബാധിച്ചു. ഗോവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാസിനോ ആയ ഡെൽറ്റ കോർപ്പറേഷൻ ഓഹരികൾ 23 ശതമാനം ഇടിഞ്ഞ് 190 രൂപയിലാണ് ക്ലോസ് ചെയ്തത്. വിപണി മൂല്യത്തിൽ 1500 കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് നഷ്ടമായത്.
ഡിജിറ്റൽ ഗെയിമിംഗ് & ഇ-സ്‌പോർട്‌സ് സ്ഥാപനമായ നസാര ടെക്‌നോളജീസിന്റെ ഓഹരികൾ വ്യാപാര ആരംഭത്തിൽ 14 ശതമാനത്തിലധികം ഇടിഞ്ഞു. റിയൽ മണി ഗെയിമിംഗ് ബിസിനസ് മുൻ സാമ്പത്തിക വർഷത്തിൽ വരുമാനത്തിന്റെ 5.2 ശതമാനമാണെന്ന റിപ്പോർട്ട് ഓഹരിയെ നഷ്ടം കുറയ്ക്കാൻ സഹായിച്ചു. 3.33 ശതമാനം നഷ്ടത്തിൽ 683 രൂപയിലണ് ഓഹരിയുടെ ക്ലോസിംഗ്.


Click it and Unblock the Notifications