ഓഹരി വിപണിയില്‍ വിജയം വരിച്ച പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്ന നിരവധി റീട്ടെയില്‍ നിക്ഷേപകര്‍ ഇവിടെയുണ്ട്. ഒരു കമ്പനിയുടെ അടിസ്ഥാനപരമായ കാര്യങ്ങളും ഭാവി സാധ്യതയുമൊക്കെ വിലയിരുത്തി, തികച്ചും ശാസ്ത്രീയ സമീപനമാവും ഇക്കൂട്ടര്‍ നക്ഷേപത്തിനായി സ്വീകരിക്കുകയെന്ന വിശ്വാസമാണ് സാധാരണക്കാരെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള പ്രമുഖ നിക്ഷേപകനാണ് വിജയ് കേദിയ. അദ്ദേഹം വിഹിതം ഉയര്‍ത്തിയ ഒരു സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
എലിക്കോണ്‍ എന്‍ജിനീയറിങ്
നിര്‍മാണ മേഖലയിലേക്ക് ആവശ്യമായ വന്‍കിട വമ്പന്‍ ഇലക്ട്രിക് ഉപകരണങ്ങളും ഇന്‍ഡസ്ട്രിയല്‍ ഗീയറുകളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എലിക്കോണ്‍ എന്‍ജിനീയറിങ്. 1960-ലാണ് തുടക്കം. മെറ്റീരിയല്‍ ഹാന്‍ഡിലിങ് എക്വിപ്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ ഗീയര്‍ എന്നിവയുടെ രൂപകല്‍പനയിലും നിര്‍മാണത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടൊപ്പം ഉത്പന്നങ്ങളുടെ കമ്മീഷനിങ്ങിലും നിര്‍മാണത്തിലും ആവശ്യമായ പരിഹാര സേവനങ്ങളും നല്‍കുന്നു. എലിക്കോണ്‍ എന്‍ജിനീയറിങ്ങിന്റെ വിപണി മൂല്യം 4,500 കോടിയാണ്.
അതേസമയം എലികോണ്‍ എന്‍ജിനീയറിങ് ഓഹരിയുടെ നിലവിലെ പിഇ അനുപാതം 25 മടങ്ങിലും കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 30.34 മടങ്ങിലുമാണുള്ളത്. അതായത് കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതത്തേക്കാള്‍ താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ള പിഇ അനുപാതമെന്ന് സാരം. ഇതു ഓഹരിയുടെ മൂല്യമതിപ്പിനെ സൂചിപ്പിക്കുന്നു. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.25 ശതമാനമാണ്.
പാദാനുപാദത്തില്‍ എലികോണ്‍ എന്‍ജിനീയറിങ്ങിന്റെ അറ്റാദായത്തിലും ലാഭമാര്‍ജിനിലും വളര്‍ച്ച രേഖപ്പെടുത്തുന്നു. കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ. അതുപോലെ മുഖ്യപ്രവര്‍ത്തനങ്ങളില്‍ നിന്നും വരുമാനം ആര്‍ജിക്കാന്‍ ഉയര്‍ന്ന ശേഷിയുണ്ട്. സമാനമായി കഴിഞ്ഞ 2 വര്‍ഷമായി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണമൊഴുക്കും പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ എലികോണ്‍ എന്‍ജിനീയറിങ്ങിലെ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നുമുണ്ട്.
വിജയ് കേദിയ നിക്ഷേപം
സെപ്റ്റംബര്‍ പാദത്തിനിടെ എലികോണ്‍ എന്‍ജിനീയറിങ് കമ്പനിയിലെ ഓഹരി വിഹിതം വിജയ് കേദിയ വര്‍ധിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ബിഎസ്ഇയുടെ റിപ്പോര്‍ട്ടില്‍ നിന്നും വെളിവാകുന്നത്. ജൂണ്‍ പാദത്തിനൊടുവില്‍ വിജയ കേദിയയുടെ കൈവശം 20,75,000 ഓഹരികളാണ് (1.85 %) ഉണ്ടായിരുന്നത്. സെപ്റ്റംബര്‍ പാദം പൂര്‍ത്തിയാകുമ്പോള്‍ വിജയ് കേദിയയുടെ എലിക്കോണ്‍ എന്‍ജിനീയറിങ്ങിലെ പങ്കാളിത്തം 21,75,000 ഓഹരികളായി (1.94 %) വര്‍ധിച്ചു. അതായത് ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവിനിടെ പുതിയതായി 1 ലക്ഷം ഓഹരികളാണ് വിജയ് കേദിയ വാങ്ങിക്കൂട്ടിയതെന്ന് സാരം.
അതേസമയം ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ എലിക്കോണ്‍ എന്‍ജിനീയറിങ് (BSE: 505700, NSE : ELECON) ഓഹരികള്‍ 8 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 400 രൂപയിലാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവില്‍ എലിക്കോണ്‍ എന്‍ജിനീയറിങ് ഓഹരിയുടെ ഉയര്‍ന്ന വില 416 രൂപയും താഴ്ന്ന വില 128 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 117 ശതമാനം നേട്ടമാണ് ഈ സ്‌മോള്‍ കാപ് ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications