ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ പ്രമുഖ നിക്ഷേപകർക്കിടയിൽ മലയാളി സാന്നിധ്യമാണ് തൃശൂരുകാരനായ പൊറിഞ്ചു വെളിയത്ത്. വളർച്ച സാധ്യതയുള്ള മികച്ച സ്മോൾ കാപ് ഓഹരികൾ കണ്ടെത്തുന്നതിലെ മിടുക്കാണ് അദ്ദേഹത്തെ നിക്ഷേപ ലോകത്ത് ശ്രദ്ധേയനാക്കുന്നത്. അതിനാൽ തന്നെ റീട്ടെയിൽ നിക്ഷേപകർക്ക് അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിൽ ഒരു കണ്ണുണ്ട്. കഴിഞ്ഞ ദിവസം ബ്ലോക്ക് ഡീലിലൂടെ പൊറിഞ്ചു വെളിയത്ത് കേരളത്തിൽ നിന്നുള്ള സ്മോൾകാപ് കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയിരുന്നു.
പൊറിഞ്ചു വെളിയത്തിന്റെ പുതിയ വാങ്ങൽ
പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള ഓഹരിയാണ് കേരള ആയുര്‍വേദ. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ആയുർവേദ കമ്പനിയുടെ ഓഹരികൾ ഒരു വര്‍ഷത്തിനിടെ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. കേരള ആയുര്‍വേദയുടെ അധിക ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് ഒക്ടോബർ നാലിന് ബ്ലോക്ക് ഡീലിലൂടെ സ്വന്തമാക്കിയത്. 151.87 രൂപ നിരക്കില്‍ 1,03,231 ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് വാങ്ങിയത്.

1.56 കോടി രൂപയുടെ ഇടപടാണിത്. ഇതോടെ കേരള ആയുർവേദയിലുണ്ടായിരുന്ന 3.18 ശതമാനം ഓഹരി വിഹിതം 4.16 ശതമാനമായി വര്‍ധിച്ചു. പൊറിഞ്ചു വെളിയത്ത് അധിക ഓഹരികള്‍ സ്വന്തമാക്കിയതിന് പിന്നാലെ കേരള ആയുര്‍വേദ ഓഹരി വ്യാഴാഴ്ച ശക്തമായ വാങ്ങല്‍ പ്രകടനമായി. 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലേക്ക് ഉയര്‍ന്ന ഓഹരി 159.85 എന്ന ഇന്‍ട്രാഡേ ഉയര്‍ന്ന നിലവാരം കുറിച്ചു. ഓഹരിയുടെ സര്‍വകാല ഉയരമാണിത്. ഓഹരിയുടെ 52 ആഴ്ച താഴ്ന്ന വില 46.50 രൂപയാണ്.
ആകെ ഓഹരികൾ
കേരള ആയുർവേദ ലിമിറ്റഡിന്റെ 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ ഷെയർഹോൾഡിംഗ് പാറ്റേൺ പ്രകാരം കമ്പനിയുടെ വ്യക്തിഗത ഓഹരി ഉടമകളുടെ പട്ടികയിൽ പൊറിഞ്ചു വെളിയത്തിന്റെ പേരുണ്ട്. കേരള ആയുർവേദിക്കിന്റെ 3,36,000 ഓഹരികൾ അഥവാ 3.18 ശതമാനം ഓഹരികളാണ് പൊറിഞ്ചു വെളിയത്തിന് സ്വന്തമായിരുന്നത്.
1,03,231 പുതിയ ഓഹരികൾ വാങ്ങിയതോടെ പൊറിഞ്ചു വെളിയത്ത് പോർഫോളിയോയിൽ കൂടുതൽ ഓഹരികൾ ചേർത്തു. കമ്പനിയിൽ 4,39,231 ഓഹരികളാണ് നിലവിൽ അദ്ദേഹം കൈവശം വെച്ചിരിക്കുന്നത്. കമ്പനിയുടെ ആകെ ഓഹരിയുടെ 4.157 ശതമാനം വരുമിത്.
ഓഹരി പ്രകടനം
സമീപ കാലങ്ങളിൽ മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയാണ് കേരള ആയുർവേദിക്. 2023 ൽ ഓഹരി 110 രൂപയിൽ നിന്നാണ് 159.85 രൂപയിലേക്ക് ഉയർന്നത്. ഈ സമയത്ത് 45 ശതമാനം റിട്ടേൺ നൽകി. ഒരു വർഷ കാലയളവിൽ ഓഹരി മൾട്ടിബാഗർ റിട്ടേൺ നൽകി. 72 രൂപയിൽ നിന്നാണ് ഓഹരി 159.85 രൂപയിലേക്ക് കുതിച്ചത്. 125 ശതമാനം റിട്ടേൺ ഇക്കാലയളവിൽ നിക്ഷേപകർക്ക് ലഭിച്ചു.
കോവിഡിന് ശേഷം വലിയ മുന്നേറ്റമാണ് ഈ സ്മോൾ കാപ് ഓഹരിയിലുണ്ടായത്. മൂന്ന് വർഷത്തിനിടെ പൊറിഞ്ചു വെളിയത്തിന്റെ ഓഹരി 400 ശതമാനം റിട്ടേൺ നൽകി. 32 രൂപയിൽ നിന്നാണ് ഓഹരി നിലവിലെ നിലവാരമായ 159.85 രൂപയിലേക്ക് എത്തിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications