ഓഹരി വിപണി നിക്ഷേപകരാണെങ്കിൽ ഓഹരികളുടെ മുന്നേറ്റവും ഓഹരികളെ പറ്റിയുള്ള വിവരങ്ങളും അറിയാൻ സമയം ചെലവാക്കേണ്ടതുണ്ട്. ഓഹരി വിലയെ സംബന്ധിക്കുന്ന കാര്യങ്ങളെ പറ്റി മനസിലാക്കി വേണം നിക്ഷേപ തീരുമാനങ്ങളെടുക്കാൻ. ഇവയിലൊന്നാണ് ലാഭവിഹിതം. ഓഹരികൾ ലാഭവിഹിതത്തിന് ശേഷം വില കുറയുന്നതിനാൽ നിക്ഷേപമുള്ളവരും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരും ഡിവിഡന്റ് തീയതി പരിഗണിക്കാറുണ്ട്.
ലാഭവിഹിതം പോലെ പ്രധാന്യമാർഹിക്കുന്ന കോർപ്പറേറ്റ് നടപടികളാണ് ഓഹരി ബൈ ബാക്ക്, ഓഹരി വിഭജനം, ബോണസ് ഓഹരികൾ എന്നിവ. ജൂൺ മാസത്തിൽ ഓഹരി ബൈ ബാക്ക്, ഓഹരി വിഭജനം, ബോണസ് ഓഹരികൾ എന്നിവയ്ക്ക് തീയതി നിശ്ചയിച്ച ഓഹരികളെ പരിചയപ്പെടാം.
ഓഹരി ബൈ ബാക്ക്
ഐടി കമ്പനിയായ വിപ്രോ 12,000 കോടി രൂപയ്ക്കാണ് ഓഹരികൾ തിരികെ വാങ്ങുന്നത്. ഓഹരിയൊന്നിന് 445 രൂപ നിരക്കിൽ ടെൻഡൻ ഓഫറിലൂടെ 26.97 കോടി ഓഹരികൾ തിരികെ വാങ്ങും. കമ്പനിയുടെ ആകെ ഓഹരികളുടെ 4.91 ശതമാനം ഓഹരികൾ തിരികെത്തും. വെള്ളിയാഴ്ച 397.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരികളാണ് 445 രൂപയിൽ തിരികെ വാങ്ങുന്നത്. 12 ശതമാനം നേട്ടത്തിലാണിത്. ബൈബാക്കിന്റെ റെക്കോർഡ് തീയതി ജൂൺ 16 ആണ്.

ഓഹരി വിഭജനം
ഓഹരികളുടെ എണ്ണം കുറഞ്ഞ് ലിക്വിഡിറ്റിയെ ബാധിക്കുമ്പോഴാണ് കമ്പനികൾ ഓഹരി വിഭജനം നടക്കുന്നത്. മുഖവില കുറച്ചു കൊണ്ടാണ് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നത്. ഓഹരിയുടെ എണ്ണം കൂടുമ്പോൾ അതിന് അനുസരിച്ച് വിലയും ഇടിയും. അതിനാൽ ഓഹരിയുടെ വിപണി മൂല്യം ഓഹരി വിഭജനം കൊണ്ട് വർധിക്കുന്നില്ല. ജൂണിൽ 2 കമ്പനികളാണ് ഓഹരി വിഭജനം നടക്കുന്നത്.
അയോൺ എക്സ്ചേഞ്ച്
മലിനജല സംസ്‌കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അയോൺ എക്സ്ചേഞ്ച്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഇന്ത്യയിലുടനീളം ഏഴ് നിർമാണ, അസംബ്ലി സൗകര്യങ്ങളുണ്ട്.
ബംഗ്ലാദേശ്, യുഎഇ, ബഹ്‌റൈൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും പ്രവർത്തനമുണ്ട്. അയോൺ എക്‌സ്‌ചേഞ്ച് 1:10 എന്ന അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. റെക്കോർഡ് തീയതി ജൂൺ 12.
വരുൺ ബീവറേജ്സ്
പെപ്സികോ ശീതള പാനിയങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും വരുൺ ബീവറേജാണ്. ലോകത്തിലെ പെപ്സി ഉത്പ്പന്നങ്ങളുടെ രണ്ടാമത്തെ വലിയ നിർമാതാക്കളാണിത്. വരുൺ ബീവറേജ്സ് ഓഹരികൾ 1:2 അനുപാതത്തിലാണ് ഓഹരി വിഭജനം നടക്കുന്നത്. 10 രൂപ മുഖവിലയുള്ള വരുൺ ബീവറേജ്സിന്റെ 1 ഇക്വിറ്റി ഓഹരികൾ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി മാറും. നിലവിൽ കയ്യിലുള്ള വരുൺ ബീവറേജ്സിന്റെ ഒരു ഓഹരി രണ്ടെണ്ണമായി മാറും. റെക്കോര്‍ഡ് തീയതി ജൂണ്‍ 15.
ബോണസ് ഓഹരികൾ
കമ്പനിയുടെ ലാഭവിഹിതം ഓഹരികളായി നൽകുന്നതാണ് ബോണസ് ഓഹരികൾ. പണമായി ലാഭ വിഹിതം നൽകാൻ സാധിക്കാത്ത അവസരങ്ങളിൽ അധിക ഓഹരികളായി കമ്പനികൾ ലാഭവിഹിതം നല്‍കാറുണ്ട്. രണ്ട് കമ്പനികളാണ് ജൂൺ മാസത്തിൽ ബോണസ് ഓഹരികൾ നൽകുന്നത്. ഗുൽഷൻ പോളിയോൾസ് ലിമിറ്റഡും ഇന്ത്യമാർട്ട് ഇന്റർമെഷ് എന്നിവ. രണ്ട് കമ്പനികളുടെയും റെക്കോർഡ് തീയതി ജൂൺ 21 ആണ്.
ഗുൽഷൻ പോളിയോൾസ്
എഥനോൾ/ജൈവ ഇന്ധനം, ധാന്യം, ധാതുക്കൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സ്പെഷ്യാലിറ്റി ഉത്പ്പന്നങ്ങളുടെ ഇന്ത്യയിലെ മുൻനിര നിർമാതാക്കളാണ് ഗുൽഷൻ പോളിയോൾസ് ലിമിറ്റഡ്. കമ്പനി 1:5 അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. അതായത് 1 രൂപ മുഖവിലയുള്ള ഒരു ഗുൽഷൻ പോളിയോൾസ് ഓഹരി പോർട്ട്ഫോളിയോയിലുള്ള വ്യക്തിക്ക് 5 അധിക ഓഹരികൾ ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 21 ആണ്.
ഇന്ത്യമാർട്ട് ഇന്റർമെഷ്
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇ-കോമേഴ്സ് കമ്പനിയാണ് ഇന്ത്യമാർട്ട് ഇന്റർമെഷ്. B2B, കസ്റ്റമർ-ടു-കസ്റ്റമർ സെയിൽസ് സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. കമ്പനിയുടെ 10 രൂപ മുഖവിലയുള്ള 1 ഓഹരിക്ക് അധികമായി 1 ഓഹരിയാണ് കമ്പനി നൽകുന്നത്. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 21 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications