പുതിയ വാരത്തിലേക്ക് കടക്കുമ്പോൾ വിവിധ കാര്യങ്ങൾ വിപണിയുടെ ചലനങ്ങളെ ബാധിക്കുന്നവയുണ്ടാകുമെങ്കിലും നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് കോർപ്പറേറ്റ് നടപടികൾ. ജനുവരി 15 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ ലാഭവിഹിതം, ഓഹരി വിഭജനം, ബോണസ് ഓഹരി എന്നിങ്ങനെയുള്ള കോർപ്പറേറ്റ് നടപടികൾ നടക്കുന്നുണ്ട്.
വിവിധ കമ്പനികൾ ഇത്തരം കോർപ്പറേറ്റ് നടപടികൾക്കായി റെക്കോർഡ് തീയതിയും നിശ്ചയിച്ചിട്ടുണ്ട്. അർഹരായ ഓഹരി ഉടമകളെ കണ്ടെത്താൻ കമ്പനികൾ നിശ്ചയിക്കുന്ന ദിവസമാണ് റെക്കോർഡ് തീയതി. കോർപ്പറേറ്റ് നടപടികൾ പ്രഖ്യാപിച്ച കമ്പനികളും അവയുടെ റെക്കോർഡ് തീയതിയും നോക്കാം.

ലാഭവിഹിതം
കമ്പനികൾ ലാഭത്തിന്റെ ഒരു ഭാഗം ഓഹരി ഉടമകൾക്ക് പണമായി നൽകുന്ന പ്രക്രിയയാണ് ലാഭവിഹിതം. 2 കമ്പനികളാണ് ലാഭവിഹിതം നൽകുന്നത്.
സുഖ്ജിത് സ്റ്റാർച്ച് ആൻഡ് കെമിക്കൽസ്- സുഖ്ജിത് സ്റ്റാർച്ച് ആൻഡ് കെമിക്കൽസ് ഡയറക്ടർ ബോർഡ് 80 ശതമാനമാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 8 രൂപ ലാഭവിഹിതമായി ലഭിക്കും. ഇടക്കാല ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തീയതിയായി ജനുവരി 15 ആണ്.
ടാറ്റ കൺസൾട്ടൻസി സർവീസ്- ടാറ്റ കൺസൾട്ടൻസി സർവീസ് ഡിസംബർ പാദത്തിലേക്കുള്ള ഇടക്കാല ലാഭവിഹിതവും പ്രത്യേക ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ലാഭവിഹിതങ്ങൾക്കുമായി ഓഹരി ജനുവരി 19 തിന് റെക്കോർഡ് തീയതിയും നിശ്ചയിച്ചിട്ടുണ്ട്. 900 ശതമാനമാണ് കമ്പനി ഇടക്കാല ലാഭവിഹിതമായി പ്രഖ്യാപിച്ചത്. 1,800 ശതമാനമാണ് പ്രത്യേക ലാഭവിഹിതം.
1 രൂപ മുഖവിലയുള്ള ഓഹരിക്ക് 9 രൂപ ഇടക്കാല ലാഭവിഹിതവും 18 രൂപ പ്രത്യേക ലാഭവിഹിതവും ലഭിക്കും. അതായത് ടിസിഎസ് ഓഹരി ഉടമയ്ക്ക് പ്രതിയോഹരി 27 രൂപ ലാഭവിഹിതം ലഭിക്കും.
ബോണസ് ഓഹരി
പണമായി ലാഭവിഹിതം ലഭിക്കുന്നകിന് പകരം ഓഹരികൾ നൽകുന്ന രീതിയാണ് ബോണസ് ഓഹരി. ബോണസ് ഇഷ്യു നടത്തുന്ന കമ്പനിയുടെ ഓഹരികൾ കയ്യിലുണ്ടെങ്കിൽ സൗജന്യമായി അധിക ഓഹരികൾ നേടാൻ സാധിക്കും. 2 കമ്പനികളാണ് ജനുവരി 15 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ ബോണസ് ഇഷ്യു നടത്തുന്നത്.
എംകെ എക്സിം- ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മോൾകാപ് കമ്പനിയാണ് എംകെ എക്സിം. ജ്വല്ലറി, ബ്ലാങ്കറ്റ് ആൻഡ് സ്ലീപ്പിംഗ് മാറ്റുകൾ, ഫിനിഷ് ഫാബ്രിക്, ഡ്രസ് മെറ്റീരിയൽ എന്നിവയുടെ ബിസിനസിൽ ഏർപ്പെട്ട കമ്പനി ബോണസ് ഓഹരി പ്രഖ്യാപിച്ചിട്ടുണ്ട്. 1:2 അനുപാതത്തിലാണ് കമ്പനി ബോണസ് ഇഷ്യു നടത്തുന്നത്. 2 എംകെ എക്സിം ഓഹരികൾ കയ്യിലുള്ളവർക്ക് അധികമായി ഒരു ഓഹരി ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജനുവരി 17 ആണ്.
എസ്ബിസി എക്സ്പോർട്ട്- 1:2 അനുപാതത്തിലാണ് എസ്ബിസി എക്സ്പോർട്ട് ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ളത്. 2 എസ്ബിസി എക്സ്പോർട്ട് ഓഹരികൾ കയ്യിലുള്ളവർക്ക് ഒരെണ്ണം അധികമായി ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജനുവരി 19 ആണ്.
ഓഹരി വിഭജനം
ഒരു കമ്പനിയാണ് ഇത്തവണ ഓഹരി വിഭജനത്തിന് ഒരുങ്ങുന്നത്. ഓഹരിയുടെ മുഖവില കുറച്ച് ഓഹരികൾ വിഭജിക്കുന്ന നടപടിയാണ് ഓഹരി വിഭജനം. ഓഹരി വില കുറയ്ക്കാനും ലിക്വിഡിറ്റി വർധിപ്പിക്കാനും ഓഹരി വിഭജനം ഉപയോഗപ്പെടുത്തും.
ത്രിശക്തി ഇൻഡസ്ട്രീസ്- എണ്ണ, വാതക പര്യവേക്ഷണ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ത്രിശക്തി ഇൻഡസ്ട്രീസ്. കൊൽക്കത്ത ആസ്ഥാനമായ കമ്പനി 1:5 അനുപാതത്തിലാണ് ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലുള്ള ഓഹരികൾ 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജനുവരി 16 ആണ്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications