2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി ഇളവുകള്‍ നേടാനുള്ള സമയം മാര്‍ച്ച് 31 ഓടെ അവസാനിക്കും. സാമ്പത്തിക വര്‍ഷത്തില്‍ നേടിയ വരുമാനം കാണിക്കുന്ന നികുതി റിട്ടേണ്‍ ജൂലായ് 31 നകം സമര്‍പ്പിക്കേണ്ടതുമുണ്ട്. അക്കൗണ്ടുകള്‍ ഓഡിറ്റിംഗ് ആവശ്യമില്ലാത്തവര്‍ക്കാണ് ജൂലായ് 31 എന്ന സമയ പരിധി. കമ്പനി ശമ്പളത്തില്‍ നിന്ന് നികുതി കുറച്ചതിനാൽ ഇനി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഈ അനുമാനം പൂര്‍ണമായും തെറ്റാണ്.
റിട്ടേൺ സമർപ്പിക്കണം
നിലവിലെ ആദായ നികുതി നിയമം പ്രകാരം 60 വയസിന് താഴെ പ്രായമുള്ള വ്യക്തികള്‍ സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത വരുമാനം 2.50 ലക്ഷത്തില്‍ കൂടുതലായാല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. തിരഞ്ഞെടുത്ത നികുതി വ്യവസ്ഥ (old vs new) പരിഗണിക്കാതെയാണ് ഈ പരിധി.
മൊത്ത വരുമാനം എന്ന് സൂചിപ്പിക്കുന്നത് വിവിധ സ്രോതസുകളില്‍ നിന്നുള്ള വരുമാനമാണ്. സാലറി, സേവിംഗ്‌സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം തുടങ്ങിയവയില്‍ നിന്നുള്ള പലിശ എന്നിവ ഉള്‍പ്പെടും.
ആരൊക്കെ റിട്ടേൺ സമർപ്പിക്കണം
ശമ്പളക്കാരായ ജീവനക്കാർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതിന്റെ ആവശ്യകത സാമ്പത്തിക വർഷത്തിൽ മൊത്ത വരുമാനം 2.50 ലക്ഷത്തിൽ കൂടുതലാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശമ്പള വരുമാനം മാത്രമുള്ളവരാണെങ്കിൽ ഹൗസ് റെന്റ് അലവൻസ് (എച്ച്ആർഎ), എൽടിഎ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്നിവ ക്ലെയിം ചെയ്ത ശേഷമുള്ള മൊത്ത വരുമാനം സാമ്പത്തിക വർഷത്തിൽ 2.50 ലക്ഷം രൂപയിൽ കൂടുന്നില്ലെങ്കിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല.
ഉദാഹരണം
സാമ്പത്തിക വർഷത്തിൽ ശമ്പളം മാത്രം വരുമാനമുള്ള വ്യക്തിക്ക് 2.76 ലക്ഷം രൂപയാണ് ലഭിക്കുന്നതെന്ന് കരുതുക. ശമ്പള വരുമാന്തിൽ നിന്ന് 50,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ക്ലെയിം ചെയ്യാം. ഇതോടെ നികുതി നൽകേണ്ട വരുമാനം 2.26 ലക്ഷം രൂപയായി കുറയും. ഇത് 2.50 ലക്ഷം രൂപയ്ക്ക് താഴെയായതിനാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല.
മറ്റൊരു ഉദാഹരണം പരിശോധിച്ചാൽ സാമ്പത്തിക വർഷത്തിൽ ശമ്പളമായി 3 ലക്ഷം രൂപയും സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പലിശയായി 2,000 രൂപയും സ്ഥിര നിക്ഷേപത്തിൽ നിന്ന് 3,000 രൂപയും ലഭിച്ചിട്ടുണ്ട്.
ശമ്പള വരുമാനത്തില്‍ നിന്ന് 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും 40,000 രൂപയുടെ എച്ച്ആര്‍എ ഇളവും ക്ലെയിം ചെയ്യാന്‍ സാധിക്കും. ഇവിടെ മൊത്ത വരുമാനം (നികുതി നല്‍കേണ്ട ശമ്പളം + സേവിംഗ്സ് അക്കൗണ്ടില്‍ നിന്നുള്ള പലിശ + സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ) 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രമേ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുള്ളൂ. ഇളവുകൾക്ക് ശേഷം ഇത് 2.15 ലക്ഷം രൂപയായിരിക്കും വരുമാനം. ഇതിനാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല.
സ്വയം കണക്കാക്കുക
ഓരോരുത്തരുടെയും ശമ്പളം സംബന്ധിച്ച വിവരം മാത്രമാണ് തൊഴിലുടമയുടെ പക്കലുള്ളത്. സേവിംഗ്സ് അക്കൗണ്ടിൽ നിന്നുള്ള പലിശ വരുമാനം, മൂലധന നേട്ടം, വാടക വരുമാനം തുടങ്ങിയ മറ്റു സ്രോതസിൽ നിന്നുള്ള വരുമാനത്തെ പറ്റി കമ്പനിക്ക് ധാരണയുണ്ടാകില്ല. ഇതിനാൽ സ്വന്തം മൊത്ത വരുമാനം കണക്കാക്കേണ്ടത് വ്യക്തികളുടെ ഉത്തരവാദിത്വമാണ്. ഇത് 2.50 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ നിർബന്ധമായും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം.


Click it and Unblock the Notifications
