ശമ്പളക്കാരായ നികുതിദായകർക്ക് ഈ സാമ്പത്തിക വർഷത്തിൽ നടത്തിയ നികുതി ഇളവുള്ള നിക്ഷേപങ്ങളുടെ തെളിവ് സമർപ്പിക്കാൻ കമ്പനികളിൽ നിന്ന് അറിയിപ്പ് വന്നിട്ടുണ്ടാകും. ശമ്പള വരുമാനത്തിൽ നിന്ന് ഉയർന്ന നികുതി കിഴിവ് ഒഴിവാക്കാനാണ് കമ്പനികൾ ജീവനക്കാരോട് നികുതി രേഖകൾ ആവശ്യപ്പെടുന്നത്.
അതേസമയം മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദായനികുതി നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. നികുതി വ്യവസ്ഥകളിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ശമ്പളത്തിൽ നിന്ന് ഉയർന്ന ടിഡിഎസ് ഒഴിവാക്കാൻ യഥാർത്ഥത്തിൽ നിക്ഷേപ തെളിവ് സമർപ്പിക്കേണ്ടതുണ്ടോ എന്നറിയാൻ ശമ്പളമുള്ള വ്യക്തികൾ ആദായനികുതി നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.
ആരൊക്കെ നിക്ഷേപ രേഖകൾ സമർപ്പിക്കണം
ശമ്പള വരുമാനത്തിൽ ഉയർന്ന നികുതി ഈടാക്കുന്നത് ഒഴിവാക്കാനാണ് നിക്ഷേപ തെളിവ് സമർപ്പിക്കേണ്ടത്. എന്നാൽ ഏതൊക്കെ ശമ്പളക്കാരൻ രേഖകൾ സമർപ്പിക്കണം എന്നത് ശമ്പളക്കാരന്റെ നികുതി വ്യവസ്ഥയെ ആശ്രയിച്ചിരിക്കും. 2 തവണകളായാണ് കമ്പനികൾ നികുതി ഇളവുള്ള നിക്ഷേപ രേഖകൾ ആവശ്യപ്പെടുന്നത്. ഏപ്രിലിൽ കമ്പനികൾ നിക്ഷേപ നിർദ്ദേശങ്ങൾ ആവശ്യപ്പെടും. സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിൽ നിക്ഷേപത്തിന്റെ തെളിവാണ് കമ്പനികൾ ആവശ്യപ്പെടുക.

പഴയ നികുതി വ്യവസ്ഥയിൽ
പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത വ്യക്തിക്ക വിവിധ നികുതി ഇളവുകളും കിഴിവുകളും ലഭിക്കും. എച്ചആർഎ ഇളവ്, ലീവ് ട്രാവൽ അലവൻസ് (എൽടിഎ) ഇളവ്, 80സി, 80ഡി, 80സിസിഡി(1ബി), 80സിസിഡി (2) തുടങ്ങിയ വകുപ്പ് പ്രകാരമുള്ള കിഴിവുകളുമാണ് സാധാരണയായി പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ഉപയോഗപ്പെടുത്തുന്നത്. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവരാണെങ്കിൽ ശമ്പളത്തിൽ നിന്ന് ഉയർന്ന നികുതി കിഴിവ് ഒഴിവാക്കാൻ നിക്ഷേപ തെളിവ് സമർപ്പിക്കണം.
എച്ച്ആർഎ പ്രകാരം വർഷത്തിൽ അടച്ച വാടകയ്ക്ക് നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന് ഒരു ജീവനക്കാരൻ വാടക കരാറും വാടക രസീതുകളും സമർപ്പിക്കേണ്ടതുണ്ട്. വാർഷിക വാടക ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ഭൂവുടമയുടെ പാൻ നിർബന്ധമായും സമർപ്പിക്കണം.
സെക്ഷൻ 80സി പ്രകാരമുള്ള കിഴിവ് ക്ലെയിം ചെയ്യുമ്പോൾ നിക്ഷേപങ്ങളുടെയും ചെലവുകളുടെയും തെളിവ് നൽകണം. ലൈഫ് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം രസീത്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം സ്റ്റേറ്റ്മെന്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പാസ്ബുക്ക് എന്നിവ ഇതിൽ ഉൾപ്പെടും.
പുതിയ നികുതി വ്യവസ്ഥ
നിലവിൽ പുതിയ നികുതി വ്യവസ്ഥ ഡിഫോൾട്ട് വ്യവസ്ഥയായതിനാൽ ഒരു വ്യക്തി നിക്ഷേപ രേഖ സമർപ്പിക്കുന്നില്ലെങ്കിൽ പുതിയ നികുതി വ്യവസ്ഥ പ്രകാരം ശമ്പളത്തിൽ നിന്ന് ടിഡിഎസ് കുറയ്ക്കും. പഴയ നികുതി വ്യവസ്ഥയിൽ നിന്ന് വ്യത്യസ്തമായി പുതിയ നികുതി വ്യവസ്ഥ ശമ്പളമുള്ള ജീവനക്കാർക്ക് രണ്ട് കിഴിവുകൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
ഇവ 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും സെക്ഷൻ 80CCഡി (2) കിഴിവുമാണ്. 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്നത് ശമ്പളത്തിലും പെൻഷൻ വരുമാനത്തിലും ലഭ്യമാകുന്ന നേരായ കിഴിവാണ്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ ക്ലെയിം ചെയ്യുന്നതിന് തൊഴിലുടമയ്ക്ക് ഒരു രേഖയും സമർപ്പിക്കേണ്ട ആവശ്യമില്ല.
അവസാന തീയതി
നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപ രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കമ്പനികൾ അനുസരിച്ച് വ്യത്യാസപ്പെടും. എന്നാൽ മാർച്ച് 15-നകം തെളിവുകൾ സമർപ്പിക്കുന്നതാണ് അനുയോജ്യം. തിരഞ്ഞെടുത്ത നികുതി വ്യവസ്ഥ അനുസരിച്ച് രേഖകൾ സമർപ്പിച്ചില്ലെങ്കിൽ തൊഴിലുടമ ശമ്പള വരുമാനത്തിൽ ഉയർന്ന ടിഡിഎസ് കുറയ്ക്കും. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നിക്ഷേപം തെളിയിക്കുന്ന രേഖകളൊന്നും ആദായനികുതി വകുപ്പിന് സമർപ്പിക്കേണ്ടതില്ല. അവ സ്വീകരിക്കുന്നതും നികുതി കുറയ്ക്കുന്നതും തൊഴിലുടമയാണ്.


Click it and Unblock the Notifications