സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസത്തിന്റെ പാത കുറക്കുന്നതായിരുന്നു കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ വില. ചെറുതും വലുതുമായി വില ഇടിഞ്ഞ ശേഷം തിരികെ കയറുകയാണ് സ്വര്‍ണം. വ്യാഴാഴ്ച സ്വര്‍ണ വില പവന് 800 രൂപ വര്‍ധിച്ചതോടെ വീണ്ടും 46,000 രൂപ നിലവാരത്തിലേക്ക് സ്വര്‍ണ വിലയെത്തി.
വ്യാഴാഴ്ച 46,120 രൂപയാണ് കേരള വിപണിയില്‍ സ്വര്‍ണ വില. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5,765 രൂപയിലെത്തി. ആഗോള വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് വ്യാഴാഴ്ച സ്വര്‍ണ വില കുതിച്ചത്.
ആഗോള വിപണിയിൽ
ആഗോള വിപണിയിൽ യുഎസ് ഫെഡറൽ റിസർവ് യോഗ തീരുമാനം വന്നതിന് പിന്നാലെയാണ് സ്വർണം വമ്പൻ കുതിപ്പ് നടത്തിയത്. പലിശ വർധനവ് 2024-ൽ കുറയുമെന്ന സൂചന യോഗത്തിലുണ്ടായതോടെ ഡോളറും ട്രഷറി യീൽഡും ഇടിഞ്ഞു താഴുന്നു. ഈ അനുകൂല സാഹചര്യങ്ങൾ മുതലാക്കിയ സ്വർണം വ്യാഴാഴ്ച ഒരാഴ്ചത്തെ ഉയർന്ന നിലവാരത്തിലെത്തി. സ്പോട്ട് ഗോൾഡ് 2.49 ശതമാനം നേട്ടത്തോടെ 2,031.89 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 1,980 ഡോളർ നിലവാരത്തിലുണ്ടായ സ്വർണമാണ് കുതിച്ചത്.

തുടർച്ചയായ മൂന്നാം പണനയ യോഗത്തിലും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് സ്ഥിരമായി നിലനിർത്തി. 2024 അവസാനത്തോടെ പോളിസി നിരക്ക് ഇപ്പോഴുള്ളതിനേക്കാൾ കുറവായിരിക്കുമെന്ന് 19 ഫെഡ് ഉദ്യോഗസ്ഥരിൽ 17 പേരും ഏകകണ്ഠമായി പ്രവചിച്ചു. ഇത് ഡോളറിനെ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിച്ചു. 102.54 നിലവാരത്തിലാണ് ഡോളർ സൂചിക വ്യാപാരം നടക്കുന്നത്.
അതേസമയം യുഎസ് 10 വർഷ ബോണ്ട് യീൽഡ് ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. പലിശ നിരക്ക് കുറയുന്നത് സ്വർണത്തിന് ആവശ്യക്കാരേറും. ഇതാണ് വില വർധനവിന് കാരണം.
ഇന്നലെ വാങ്ങാതിരുന്നവർക്ക് നഷ്ടം
നിലവിലെ സൂചന പ്രകാരം സ്വർണ വില മുന്നോട്ടുള്ള കുതിപ്പിന് തയ്യാറെടുക്കുകയാണ്. വിപണിയുടെ പ്രതീക്ഷയ്ക്ക് അനുകൂലമായ പലിശ നിരക്ക് കുറയുമെന്ന സൂചന വന്നത് സ്വർണത്തിന് കുതിപ്പിനുള്ള ഊർജ്ജമാണ്. അതേസമയം കഴിഞ്ഞ ശനി മുതൽ ബുധനാഴ്ച വരെ സ്വർണം വാങ്ങാനിരുന്നവർക്ക് അനുകൂലമായ സമയമായിരുന്നു. മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷമാണ് ഇന്ന് 800 രൂപ വർധിച്ചത്.
കഴിഞ്ഞാഴ്ച മുതല്‍ സ്വർണ വിലയിൽ ഇടിവിന്റെ സമയമാണ്. കഴിഞ്ഞ ശനിയാഴ്ച ഡിസംബർ 9 തിന് 440 രൂപ കുറഞ്ഞാണ് ഇപ്പോഴുള്ള ഇടിവിന് തുടക്കമിട്ടത്. 45,720 രൂപയിലായിരുന്നു ശനിയാഴ്ചയിലെ സ്വര്‍ണ വില.
തിങ്കളാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോൾ 160 രൂപ കുറഞ്ഞ് 45,560 രൂപയിലേക്ക് സ്വർണ വില താഴ്ന്നു. ചൊവ്വാഴ്ച വീണ്ടും 160 രൂപ കുറഞ്ഞ് 45,400 രൂപയിലേക്കാണ് സ്വർണ വില എത്തിയത്. ബുധനാഴ്ച 80 രൂപ കുറഞ്ഞ് 45,320 രൂപയിലെത്തിയതോടെ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായിരുന്നു ഇത്.
ഡിസംബർ നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപയാണ് ഈ മാസത്തിലെ ഉയർന്ന നിലവാരം. സർവകാല ഉയരം കൂടിയാണിത്. ഡിസംബർ 13 ന് സ്വർണ വില പവന് 45,320 രൂപയിലേക്ക് എത്തിയത്. ഈ സമയത്തിനിടെയിൽ സ്വര്‍ണ വില സര്‍വകാല ഉയരത്തിലും മാസത്തിലെ താഴ്ന്ന നിലവാരത്തിലും എത്തി. ഡിസംബർ നാലിലെ വിലയിലും ബുധനാഴ്ചയിലെ വിലയുമായി താരതമ്യം ചെയ്താൽ വ്യത്യാസം 1,760 രൂപയാണ്.


Click it and Unblock the Notifications