പൊന്നും വില തന്നെ; കയ്യിലുള്ള സ്വർണാഭരണങ്ങൾ എങ്ങനെ സുരക്ഷിതമാക്കാം; ശ്രദ്ധിക്കേണ്ടത് എവിടെ
വില ഉയരത്തിൽ നിൽക്കുമ്പോൾ കയ്യിൽ സ്വർണാഭരണമുള്ളവർക്ക് ആശ്വാസവും ഒപ്പം ആശങ്കയുമുണ്ട്. വില ഉയരുന്നത് കയ്യിലുള്ള സ്വർണത്തിന് മികച്ച മൂല്യം നൽകുമെങ്കിലും സുരക്ഷ ആശങ്ക ഏറുകയാണ്. ഡിസംബർ ഒൻപതിന് 45,720 രൂപയിലേക്ക് എത്തിയ സ്വർണ വില മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ചയാണ് സ്വർണം സർവകാല റെക്കോർഡിലേക്ക് എത്തിയതെന്നും ഓർക്കേണ്ടതാണ്. സ്വർണ വില ഉയർന്ന് നിൽക്കുമ്പോൾ കയ്യിലുള്ള സ്വർണാഭരണങ്ങൾ ഏതെല്ലാം വഴിയിൽ സുരക്ഷിതമാക്കാം എന്ന് നോക്കാം.
സ്വർണത്തിനും സർവീസ്
കയ്യിലുള്ള വാഹനങ്ങൾക്ക് പതിവ് സർവീസ് നടത്തുന്നത് പോലെ ആഭരണങ്ങൾക്കും പ്രൊഫഷണലായുള്ള പരിശോധന ആവശ്യമാണ്. ഉപയോഗത്തിനിടെ തിളക്കം കുറയുന്ന സമയത്ത് സ്വർണാഭരണങ്ങൾക്ക് മിനുക്കുപണികൾ നടത്താം. ഗ്രാമിന് 10-15 രൂപ വരെയാണ് ഇതിന് ചെലവ് വരുന്നത്. സങ്കീർണ്ണമായ ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് അധിക നിരക്കുകൾ നൽകേണ്ടിവരും. തിളക്കം നൽകുന്നതിനൊപ്പം ആഭരണത്തിന്റെ ക്ലിപ്പുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനും ഇത് സഹായിക്കും.

സ്വർണം എങ്ങനെ സൂക്ഷിക്കാം
ആഭരണങ്ങൾ സ്ഥിരമായി ഉപയോഗിക്കാത്തവരാണെങ്കിൽ ഇവ സ്വർണത്തിന്റെ സഞ്ചിയിലോ ബോക്സിലോ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. സ്വർണാഭരങ്ങൾക്കുണ്ടാകുന്ന കുരുക്കുകളും കേടുപാടുകളും തടയാൻ ഇത് സഹായിക്കും. ആഭരണങ്ങൾ മികച്ച ഡിസൈനുകളും വിലയേറിയ കല്ലുകളുള്ളവയാണെങ്കിൽ പ്രത്യേക കരുതൽ നൽകണം. ബോക്സിൽ വെയ്ക്കുന്നതിന് മുൻപ് ആഭരണങ്ങൾ നേർത്ത തുണിയിൽ പൊതിയണം.
ബില്ലുകൾ സൂക്ഷിക്കണം
സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ജുവലറികളിൽ നിന്ന് ലഭിക്കുന്ന ബിൽ അടങ്ങുന്ന് മുഴുവൻ പെയ്മെന്റ് വിശദാംശങ്ങളും ഫയൽ ചെയ്ത് സൂക്ഷിക്കേണ്ടതുണ്ട്. ആഭരണങ്ങൾക്കായുള്ള ചെലവ് ട്രാക്ക് ചെയ്യുന്നതിനൊപ്പം നികുതി പരിശോധനയ്‌ക്കോ ഇൻഷുറൻസ് ക്ലെയിം നടത്തുമ്പോഴോ ബിൽ ആവശ്യമായി വരാറുണ്ട്.
ഇൻഷൂറൻസ് നേടാം
മോഷണം, തീ എന്നിവയിൽ നിന്ന് സ്വർണത്തെ സംരക്ഷിക്കുന്നതിന് ഇൻഷൂറൻസ് കവറേജേടുക്കാവുന്നതണ്. സ്വർണാഭരണത്തിന് പരിരക്ഷയെടുക്കുമ്പോൾ ഇൻഷുറൻസ് കമ്പനികൾ കവറേജിന് പരിധികൾ വെയ്ക്കാറുണ്ട്. ഗാർഹിക ഇൻഷുറൻസ് പോളിസിയുടെ ഭാഗമായി മോഷണത്തിനും കേടുപാടുകൾക്കും ആഭരണങ്ങൾ ഇൻഷ്വർ ചെയ്യാവുന്നതാണ്. ആഭരണങ്ങൾക്കുള്ള കവറേജ് സാധാരണയായി മൊത്തം കവറേജ് തുകയുടെ 10 ശതമാനമാണ്.
ഉദാഹരണത്തിന് 5 ലക്ഷം രൂപയ്ക്കാണ് ഗാർഹിക ഇൻഷൂറൻസെങ്കിൽ ആഭരണങ്ങൾക്കുള്ള കവറേജ് 50,000 രൂപയായിരിക്കും. ചില ജനറൽ ഇൻഷുറൻസ് കമ്പനികൾ ഉയർന്ന കവറേജ് പരിധി നൽകുന്നുണ്ടെങ്കിലും ഉയർന്ന പ്രീമിയം ബാധകമാകും.
ആഭരണങ്ങൾ സ്ഥിരമായി വൃത്തിയാക്കാം
പതിവായി ധരിക്കുന്ന ആഭരണങ്ങൾ ഓരോ 3-4 മാസത്തിലും അവ വൃത്തിയാക്കുന്നത് നല്ലതാണ്. വല്ലപ്പോഴും ധരിക്കുന്ന ആഭരണങ്ങളാണെങ്കിൽ 1-2 വർഷത്തിലൊരിക്കൽ അല്ലെങ്കിൽ ഓരോ ഉപയോഗത്തിന് ശേഷവും വൃത്തിയാക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ആഭരണങ്ങൾ വൃത്തിയാക്കാൻ ടൂത്ത് ബ്രഷ് ഒഴിവാക്കുക എന്നതാണ്.
കെമിക്കൽ ഉപയോഗിക്കാതിരിക്കുക
സ്വർണഭരണങ്ങൾ വൃത്തിയാക്കുമ്പോൾ ക്ലോറിൻ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കരുത്. ഇത്തരം വസ്തുക്കൾ അടങ്ങിയ വെള്ളത്തിൽ സ്വർണാഭരണങ്ങൾ വൃത്തിയാക്കുന്നത് എക്‌സ്‌പോഷർ പോളിഷിനെ നശിപ്പിക്കുകയും ആഭരണങ്ങളുടെ ആകർഷണം കുറയ്ക്കുകയും ചെയ്യും. പാത്രം കഴുകൽ, അലക്കൽ പോലുള്ള ജോലികൾ ചെയ്യുമ്പോൾ കൈയ്യുറകൾ ഉപയോഗിക്കുകയോ സ്വർണം ഉപയോഗിക്കാരിക്കുകയോ ചെയ്യുന്നതാണ് നല്ലത്.
ബാങ്ക് ലോക്കർ
ആഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് അപകട സാധ്യതയാണെന്ന് തോന്നുന്നുവെങ്കിൽ ബാങ്ക് ലോക്കറാണ് ഉചിതമായ വഴി. ബാങ്ക് ലോക്കറിന്റെ വാർഷിക ചെലവ് ലോക്കറിന്റെയും ബാങ്കിന്റെയും വലുപ്പമനുസരിച്ച് 700 രൂപ മുതൽ 3,500 രൂപ വരെയാകാം. പൊതുമേഖലാ ബാങ്കുകൾ സാധാരണയായി കുറഞ്ഞ ഫീസിൽ ബാങ്ക് ലോക്കറുകൾ അനുവദിക്കും. സ്വകാര്യ ബാങ്കുകൾ ഉയർന്ന ഫീസ് ഈടാക്കാറുണ്ട്. ഇതോടൊപ്പം ഇൻഷുറൻസ് പോളിസികളിലോ സ്ഥിരനിക്ഷേപങ്ങളോ ആവശ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.


Click it and Unblock the Notifications


